“കാലിനെ വരിച്ച ഒരാളുടെ ഭാര്യയായിട്ടിരിക്കുന്നതിലും ഭേദം കാൽവരിയിലേക്ക് കുരിശുമായി നടന്ന ആളുടെ മണവാട്ടിയാകുന്നതല്ലേ“: മാണിം ഇന്ദിരാ ഗാന്ധീം

hdj
hdj

ഫാമുലസ് (famulus) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഫാമിലിയ എന്ന പദം ഉത്ഭവിച്ചത്. ഫാമുലസിന് അടിമ, സേവകൻ എന്നൊക്കെയാണ് അർഥം. ഫാമുലസിൽ നിന്ന് ഇംഗ്ലീഷിലേക്ക് വന്ന ഫാമിലി (കുടുംബം) യിൽ, ഈ നവോത്ഥാനകാലത്തും അടിമ-ഉടമ സമ്പ്രദായത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് സമകാലിക പെൺജീവിതങ്ങൾ തെളിയിക്കുന്നുണ്ട്. ഈ വിഷയം ശക്തമായ പ്രമേയമായി അവതരിപ്പിക്കുകയാണ് പ്രിയാ ജോസഫ് തൻ്റെ 'മാണീം ഇന്ദിരാഗാന്ധീം' എന്ന പുസ്തകത്തിലൂടെ. അമേരിക്കൻ പശ്ചാത്തലത്തിലാണ് ഇതിലെ മിക്ക കഥകളും അരങ്ങേറുന്നത്. ഭൂമിക വ്യത്യസ്തമാണെങ്കിലും പെൺ അനുഭവങ്ങൾക്ക്, അവൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾക്ക് ഭാഷാ ദേശവ്യത്യാസമില്ലെന്ന് ഈ കഥകൾ അനുവാചകനെ ബോധ്യപ്പെടുത്തുന്നു. കുടുംബം, മതം എന്നീ സാമൂഹിക സ്ഥാപനങ്ങൾ എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് ഇതിലെ ഓരോ കഥയും ഓർമ്മിപ്പിക്കുന്നു .

കന്യാവ്രതത്തിൻ്റെ കാവൽക്കാരൻ
'ഫൂട്ട് ഫെറ്റിഷിസം' എന്ന ലൈംഗിക, മാനസിക പ്രശ്നമുള്ള ടോണിയുടേയും ഭാര്യ റേച്ചലിൻ്റെയും ജീവിതം അവതരിപ്പിക്കുന്ന ഈ കഥ മലയാള സാഹിത്യത്തിൽ ഇതു വരെ പരിചിതമല്ലാത്ത ഒരു വിഷയത്തെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. കഥ തുടങ്ങുന്നത് തന്നെ പെഡിക്യൂർ ബേസിനിൽ പൈജാമ മുട്ടുവരെ കയറ്റി വച്ച് റേച്ചലിൻ്റെ കാൽക്കലിരുന്ന് ഒരു ശാസ്ത്രജ്ഞൻ്റെ അവധാനതയോടെ അവളുടെ കാൽ താലോലിക്കുന്ന ടോണിയെ വർണ്ണിച്ചു കൊണ്ടാണ്. കാൽ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ട സൗന്ദര്യവർദ്ധക വസ്തുക്കളെക്കുറിച്ചുo പരിചരണരീതികളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ടോണിക്ക് പക്ഷേ, തൻ്റെ ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചോ ശരീരകാമനകളെക്കുറിച്ചോ യാതൊരു ബോധ്യവുമില്ല. പാദം നന്നായി ഉഴിഞ്ഞ് കരുതലും കനിവും പ്രദർശിപ്പിച്ച് ഒടുവിൽ അവളുടെ പാദങ്ങളിൽ കാമം ചിതറി അയാൾ ക്ഷീണിച്ചുറങ്ങുമ്പോൾ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങാതെ നേരം വെളുപ്പിക്കുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം മാസം 'വിശേഷാന്വേഷണ ' കുതുകികളെ സമർഥമായി കൈകാര്യം ചെയ്യേണ്ടത് അവളുടെ മാത്രം ബാധ്യതയാണ്. തൻ്റെ വൈകല്യങ്ങളിൽ അഭിരമിക്കുന്ന ടോണി അവളെ ആശ്വസിപ്പിക്കുന്നതിൻ്റേയോ മനസ്സിലാക്കുന്നതിൻ്റേയോ യാതൊരു സൂചനയും കഥാകൃത്ത് നൽകുന്നില്ല. സ്വയം ആശ്വസിപ്പിക്കുന്നതിനായി ഇൻ്റർനെറ്റിൽ പരതി ഫൂട്ട് ഫെറ്റിഷിസ്റ്റ് ആയിട്ടുള്ള പ്രശസ്ത വ്യക്തികളെ അവൾ തന്നെ കണ്ടെത്തുന്നു. മാത്രമല്ല രഹസ്യം സൂക്ഷിക്കാനുള്ള അവരുടെ ഭാര്യമാരുടെ കഴിവിനെ മനസ്സാ നമസ്ക്കരിച്ച് സ്വന്തം അമ്മയോടോ ചേച്ചിയോടോ പോലും പറയാതെ അവളും ആ രഹസ്യം സൂക്ഷിക്കുന്നു. വിവാഹ ശേഷം ഒരു വർഷം കഴിയുമ്പോൾ ബോസ്റ്റണിൽ നിന്നും വാഷിങ്ടൺ ഡി.സിയിലേക്ക് ടോണിക്ക് സ്ഥലം മാറ്റം ലഭിക്കുന്നു. അവിടെ ഗൈനക്കോളജി വിഭാഗത്തിന് ഇൻഷ്വറൻസ് കവറേജില്ലെന്ന് പറഞ്ഞ് വീണ്ടും ഗർഭവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് തടിയൂരുന്നു. ഇതിനിടയിൽ തൻ്റെ ഉപരിപ്ലവമായ ജീവിതത്തെ മറയ്ക്കാനായി നാട്ടിലെ ബന്ധുക്കളോടൊക്കെ അവൾ പലതരം പൊങ്ങച്ച കഥകൾ വിളമ്പി ആശ്വാസം കണ്ടെത്തുന്നുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ കറങ്ങി നടക്കുകയും ഒടുവിൽ ബോറടിക്കുമ്പോൾ മാസ്റ്റേഴ്സിന് ചേരുകയും ജിയാന്നി എന്ന സുന്ദരൻ ഇറ്റാലിയൻ ജേണലിസ്റ്റിനെ പരിചയപ്പെടുകയും ചെയ്യുന്നു. അവർക്ക് പരസ്പരം താല്പര്യം തോന്നുന്നുവെങ്കിലും തൻ്റെ മുറിയിൽ വരാനുള്ള അയാളുടെ ക്ഷണം അവൾ നിരസിക്കുന്നുണ്ട്. ശാരീരികമായി ജിയാന്നിയോട് അവൾക്ക് ആകർഷണം തോന്നുന്നുവെങ്കിലും അന്യപുരുഷനുമായുള്ള ബന്ധത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ വാളും പരിചയുമായി കന്യാവ്രതത്തിൻ്റെ കാവൽക്കാരനായ യൗസേപ്പിതാവ് ചാടി വീഴുന്നു. മതത്തിൻ്റെ അമിതസ്വാധീനം എങ്ങനെ പെൺജീവിതത്തെ കൂടുതൽ കഠിനമാക്കുന്നു എന്ന് അവളുടെ ഈ ചിന്താരീതിയിൽ നിന്ന് മനസ്സിലാക്കാം.

Content Highlights: Challenging Societal Norms: The Empowering Voices in Priya Joseph's 'Maneem Indira Gandhīm'

Continue reading