'ഭൂതകാലത്തെ മായ്ക്കുക. ഇനി നിനക്കുവേണ്ടി ജീവിച്ചു നോക്കുക'

'അവർ തൊട്ടു നീ തലോടി' കവർ
'അവർ തൊട്ടു നീ തലോടി' കവർ

മനുഷ്യനിലുള്ള അമൂർത്തമായ വികാരങ്ങൾ ജീവിതത്തെ ഉയർച്ചയിലേക്കോ താഴ്ച്ചയിലേക്കോ, കാണാത്ത, അറിയാത്ത വിസ്മയകരമായ ജീവിതത്തിലേക്കോ ഒക്കെ നയിച്ചേക്കാം. അവിടെയാണ് ജീവിതമെന്ന മഹാത്ഭുതം അതിന്റെ ആശ്ചര്യം ഒളിപ്പിച്ചിരിക്കുന്നത്. സ്‌നേഹത്തിന്റെ, ഓർമ്മയുടെ, ചിരിയുടെ ഒക്കെ ചില ഓർമ്മപ്പെടുത്തലുകൾ,നിസ്സാരമെന്ന് കരുതുന്ന നിമിഷങ്ങൾ ഇവയൊക്കെ ജീവിതഗതിയെ തിരിച്ച് വിട്ടേക്കാം. 'അവർ തൊട്ടു നീ തലോടി' എന്ന പി.എം. എ ഗഫൂറിന്റെ പുസ്തകം മനുഷ്യന്റെ ഉള്ളിലുള്ള നൻമയുടെ സ്നേഹത്തിന്റെ കരുണയുടെ ഒക്കെ വറ്റാത്ത തെളിനീരുറവകളെ ഉണർത്താൻ പ്രേരിപ്പിക്കുന്നു.

'സ്നേഹമേ ഇറങ്ങിപ്പോകാത്ത അത്ഭുതമേ' എന്ന അധ്യായം മറവിയ്ക്കും മായ്ക്കാനാകാത്ത റൂത്തിന്റെയും ആർതർ വാട്‌സിന്റേയും സ്നേഹത്തെക്കുറിച്ചാണ് വിവരിയ്ക്കുന്നത്. സ്നേഹമെന്ന അത്ഭുതത്തിന് മറവിയ്ക്കുമപ്പുറം ജീവനുണ്ടെന്ന് ഈ അധ്യായം നമ്മെ ഓർമ്മിപ്പിക്കും. വ്യത്യസ്ത വികാരങ്ങളാണ് പുസ്തകത്തിലുടനീളം പ്രതിപാദ്യ വിഷയമായി വരുന്നത്. ഓർമ്മ, സ്‌നേഹം, വിരഹം, മറവി, ചിരി ഇതെല്ലാം ജീവിതത്തിലെ നിധികളാണെന്നും ജീവിത ഗതിയെത്തന്നെ മാറ്റാൻ അവയ്ക്കുള്ള കഴിവ് അനിർവചനീയമാണെന്നും 'നിന്റെ ചിരികൊണ്ട്' എന്ന കുറിപ്പ് ഓർമ്മിപ്പിക്കുന്നു. അനാഥാലയത്തിൽ വളർന്ന സ്വർണ്ണലത എന്ന പെൺകുട്ടി ഒരു നേഴ്‌സായിരുന്നു. പനി പിടിച്ച് ആശുപത്രിയിലായ യുവാവിനെ അവൾ നന്നായി പരിചരിച്ചു. അവളുടെ സ്വഭാവഗുണത്തിൽ ആകൃഷ്ടനായ അയാൾ അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നു. എന്നാൽ ക്രമേണ സ്നേഹം കുറഞ്ഞ് വരുകയും ഒരു കുഞ്ഞും കൂടിയായപ്പോൾ ഉത്തരവാദിത്തമില്ലാത്ത അയാളുടെ രീതികൾ അവളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. കുഞ്ഞിനെ കൊല്ലാനായി വിഷക്കുപ്പിയുമായി അവന്റെ അടുത്തെത്തിയപ്പോൾ ആ കുഞ്ഞ് അമ്മയെ നോക്കി അതി മനോഹരമായി നിർത്താതെ ചിരിക്കുന്നു. ആ കുഞ്ഞിന്റെ ചിരി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ചിരിയിലൂടെ അമ്മയെ ജീവിതത്തിലേക്ക് നയിച്ച കുഞ്ഞ് ഇന്ന് ലോകമറിയുന്ന ദേശീയപുരസ്‌കാര ജേതാവും ആറ് ഭാഷകളിൽ നിറഞ്ഞാടുന്ന അഭിനേതാവുമായ പ്രകാശ്രാജ് ആണ്.

Content Highlights: Analysis of P.M.A. Gafoor's book Avar Thottu Nee Thalodi., Exploration of human emotions like love, memory, and resilience.

Continue reading