‘ഗർഭിണിയായ കിയാരയെ ഞാനും ഗീതുവും ബോഡിഗാർഡുകളെപോലെ സംരക്ഷിച്ചു, ഞാനാണ് കൂടുതൽ ആശങ്കപ്പെട്ടത്’; യഷ്

യഷ്, കിയാര അദ്വാനി/Instagram
യഷ്, കിയാര അദ്വാനി/Instagram

ഒരുവശത്ത് മാതൃത്വത്തിന്റെ പുതിയ അധ്യായം, മറുവശത്ത് വെല്ലുവിളികൾ നിറഞ്ഞ സിനിമ. ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്താണ് കിയാര അദ്വാനി 'ടോക്സിക്' സെറ്റിലെത്തിയത്. ഗർഭകാലത്തും സിനിമയോടുള്ള കിയാരയുടെ ആത്മാർഥതയെക്കുറിച്ചും അവളെ കരുതിയതിനെക്കുറിച്ചും യഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മുംബൈയിൽ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് കിയാരയുടെ പ്രൊഫഷണലിസത്തെക്കുറിച്ച് യഷ് വാചാലനായത്. ഗർഭകാലത്തും നൂറുശതമാനം ആത്മാർഥതയോടെയാണ് കിയാര ചിത്രത്തിനായി പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കിയാര ചിത്രത്തിലേക്ക് എത്തുമ്പോൾ തനിക്ക് ചെറിയ ആശങ്കയുണ്ടായിരുന്നുവെന്ന് യഷ് പറഞ്ഞു. ടോക്‌സിക്കിലെ രംഗങ്ങൾ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. ആദ്യമായി സംസാരിച്ചപ്പോൾ കിയാര തന്നോട് മഴയിലെ രംഗങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. താൻ അത്തരമൊരു സീൻ മുമ്പ് ചെയ്തിട്ടില്ലെന്നും എന്നാൽ അത് എളുപ്പമായിരിക്കുമെന്നുമാണ് അന്ന് പറഞ്ഞതെന്നും യഷ് വ്യക്തമാക്കി. കിയാരയുടെ ആത്മസമർപ്പണം നേരിട്ട് കണ്ടതോടെ താൻ അത്ഭുതപ്പെട്ടുവെന്നും യഷ് പറഞ്ഞു. “ഗർഭിണിയായ ശേഷവും പൂർണമായ പ്രതിബദ്ധതയോടെയാണ് അവർ ചിത്രത്തിൽ അഭിനയിച്ചത്. ഞാനായിരുന്നു കൂടുതൽ ആശങ്കപ്പെട്ടത്. ഗീതുവും കൂടുതൽ ശ്രദ്ധിച്ചിരുന്നു. സെറ്റിൽ ഞങ്ങൾ ബൗൺസർമാരെയും ബോഡിഗാർഡുകളെയും പോലെയായിരുന്നു. കിയാരയെ ശ്രദ്ധിക്കുകയും സംരക്ഷിക്കുകയും ചെയ്തു. അവർ ചിത്രത്തിനായി അത്രയേറെ ആത്മാർഥതയോടെയാണ് പ്രവർത്തിച്ചത്,'' യഷ് പറഞ്ഞു.

ചിത്രത്തിലെ 'തബാഹി' എന്ന ഗാനരംഗം പുറത്തുവന്നതിന് പിന്നാലെ കിയാരയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. യഷിനൊപ്പമുള്ള ഗാനത്തിലെ അടുത്തിടപഴകുന്ന രംഗങ്ങളുടെ പേരിലായിരുന്നു താരത്തിനെതിരെ വിമർശനം ഉയർന്നത്. എന്നാൽ 'ടോക്‌സിക്' ട്രെയിലർ പുറത്തിറങ്ങിയതോടെ കിയാരയുടെ പ്രകടനത്തിന് ആരാധകരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കിയാരയ്‌ക്കെതിരായ വിമർശനങ്ങളിൽ നേരത്തെയും യഷ് പ്രതികരിച്ചിരുന്നു. ഒരു നടനെന്ന നിലയിൽ താൻ വിശ്വസിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നും അതിനെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായങ്ങളെ അമിതമായി പരിഗണിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കാലത്തിനൊപ്പമെത്താത്ത ചില ചിന്തകളാണ് ഇത്തരം വിമർശനങ്ങൾക്ക് പിന്നിലെന്നും യഷ് പറഞ്ഞിരുന്നു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' ഒരു ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിലുള്ള ആക്ഷൻ ചിത്രമാണ്. യഷ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ കിയാര അദ്വാനിക്കൊപ്പം നയൻതാര, ഹുമ ഖുറേഷി, റുക്മിണി വസന്ത്, താര സുതാരിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 'കെജിഎഫ് ചാപ്റ്റർ 2'ന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'ടോക്‌സിക്കി'നുണ്ട്.

അച്ഛനും മകനും തമ്മിലുള്ള സങ്കീർണമായ ബന്ധമാണ് ചിത്രത്തിന്റെ പ്രമേയത്തിന്റെ പ്രധാന ഭാഗം. ആക്ഷനും സംഘർഷങ്ങളും നിറഞ്ഞ ലോകമാണ് ട്രെയിലർ പരിചയപ്പെടുത്തുന്നത്. ഇംഗ്ലീഷിലും കന്നഡയിലും ഒരേസമയം ചിത്രീകരിച്ച 'ടോക്‌സിക്' ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പുറത്തിറങ്ങും. ഓഗസ്റ്റ് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: yash-bodyguard-pregnant-kiara-advani-toxic-set