ഭ്രാന്തനെപ്പോലെ മണിക്കൂറുകളോളം ഐശ്വര്യ റായ്‌യെ തുറിച്ചുനോക്കിയ അക്ഷയ് ഖന്ന

ഐശ്വര്യ റായ്, അക്ഷയ് ഖന്ന / IMDb
ഐശ്വര്യ റായ്, അക്ഷയ് ഖന്ന / IMDb

1999-ൽ റിലീസായ മ്യൂസിക്കൽ റൊമാന്റിക് കോമഡിയാണ് 'താൽ'( Taal). അനിൽ കപൂർ, അക്ഷയ് ഖന്ന, ഐശ്വര്യ റായ് എന്നിവരാണ് സിനിമയിൽ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. സംവിധാനവും നിർമാണവും നിർവഹിച്ചത് സുഭാഷ് ഘായ് ആണ്. കഥയും അദ്ദേഹം തന്നെ. സംഗീതം നൽകിയത് എ.ആർ.റഹ്മാൻ. മനോഹരമായ കുറേ പാട്ടുകൾ സിനിമയുടെ ഭാഗമായി. താൽ സെ താൽ, ഇഷ്‌ക് ബിനാ, നഹീ സാമ്‌നെ തൂ, കഹീ ആഗ് ലഗേ ലഗ് ജായേ, ക്യാ ദേഖ് രഹേ ഹോ തും...എല്ലാം സൂപ്പർഹിറ്റ് പാട്ടുകൾ.

വിദേശമേളകളിലേക്കും സിനിമ തിരഞ്ഞെടുക്കപ്പെട്ടു. 'താൽ 2' ഉണ്ടാവുമോ എന്ന ചോദ്യം കുറേ നാളുകളായി സുഭാഷ് ഘായ് നേരിടുന്നുണ്ട്. ഒടുവിൽ അതിനുള്ള ഉത്തരവുമായി അദ്ദേഹം എത്തിക്കഴിഞ്ഞു. സിനിമയുടെ തിരക്കഥ ഏറെക്കുറെ പൂർത്തിയായെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''15 വർഷമായി ഞാൻ നേരിടുന്നൊരു ചോദ്യമുണ്ട്. 'നിങ്ങൾ എപ്പോഴാണ് താൽ 2 നിർമിക്കാൻ പോകുന്നത്?' ജെൻ സി പോലും ആ സിനിമ നിർമിക്കാൻ എന്നോട് പറയുന്നുണ്ട്''.

സിനിമയിലെ അക്ഷയ്-ഐശ്വര്യ കെമിസ്ട്രിയാണ് ആളുകളെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഐശ്വര്യയോടുള്ള ആരാധനയും 'താൽ' ചിത്രീകരണസമയത്തെ കുറേ ഓർമകളും അക്ഷയ് ഖന്ന പലപ്പോഴും പങ്കുവെക്കാറുണ്ട്. ഐശ്വര്യ റായിയോട് തനിക്ക് വലിയ ഇഷ്ടം തോന്നിയെന്നും അതുകൊണ്ട് തന്നെ കണ്ണെടുക്കാൻ പോലും കഴിഞ്ഞില്ലെന്നും അക്ഷയ് ഖന്ന തുറന്നുസമ്മതിച്ചിട്ടുണ്ട്.

ഒരിക്കൽ കരൺ ജോഹറുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ''നിങ്ങളുടെ അഭിപ്രായത്തിൽ ഇപ്പോൾ സിനിമാമേഖലയിലെ ഏറ്റവും സെക്‌സിയായ പെൺകുട്ടി ആരായിരിക്കും?'' എന്ന് കരൺ ചോദിച്ചപ്പോൾ ഒട്ടും വൈകാതെ അക്ഷയ് ഖന്നയുടെ മറുപടി വന്നു, ''ആഷ്''. തുടർന്ന് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു, ''പുരുഷൻമാരെ സംബന്ധിച്ചിടത്തോളം വളരെ നാണക്കേടാണ് ഒരു പെൺകുട്ടിയെ ഇങ്ങനെ തുറിച്ചുനോക്കുന്നത്. പക്ഷേ ഞാൻ അക്ഷരാർഥത്തിൽ അങ്ങനെയാണ് ആഷിനെ നോക്കിയിരുന്നത്. അവൾ മിക്കവാറും അതിനോട് പരിചിതയായിരിക്കണം, എല്ലാവരും അവളെ അങ്ങനെ നോക്കുന്നുണ്ടാവാം. എനിക്ക് അവളിൽനിന്ന് കണ്ണെടുക്കാനേ തോന്നിയിരുന്നില്ല, ഭ്രാന്തനെപ്പോലെ തുറിച്ചുനോക്കിക്കൊണ്ടേയിരിക്കുമായിരുന്നു''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Subhash Ghai confirms the script for the sequel to the 1999 classic Taal is nearing completion. The director addresses the long-standing demand from fans, including Gen Z, for Taal 2.,