'ഈ പ്രായത്തിലെ നാടകങ്ങൾ ലജ്ജാകരം, പോയി ജോലിചെയ്ത് പണം സമ്പാദിക്കൂ' എന്ന് തൃഷ; ഇത് മറുപടിയോ?

തൃഷാ കൃഷ്ണൻ | Instagram
തൃഷാ കൃഷ്ണൻ | Instagram

കുറച്ചുദിവസങ്ങൾക്കുമുമ്പാണ് തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിലായത്. നടി തൃഷാ കൃഷ്ണനെയും തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യെയും ഉൾപ്പെടുത്തി ദ്വയാർത്ഥത്തിൽ സംസാരിച്ചതിനാണ് ഉദയനിധിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട്, ഡി.എം.കെ സംഘടിപ്പിച്ച പ്രതിഷേധത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഉദയനിധി മോശമായി സംസാരിച്ചത്. ചോദ്യംചെയ്യലിനുശേഷം പോലീസ് വിട്ടയക്കുകയും ചെയ്തു.

ഉദയനിധിയുടെ ഈ പരാമർശത്തിനെതിരെ ഒട്ടേറെ ആളുകൾ രംഗത്തെത്തിയിരുന്നു. നടി ഖുഷ്ബുവും ഗായിക ചിൻമയി ശ്രീപദയുമെല്ലാം തൃഷയെക്കുറിച്ചുള്ള ദ്വയാർത്ഥപരാമർശത്തിനെതിരെ പ്രതിഷേധിച്ചു. അന്നൊക്കെ പക്ഷേ തൃഷ മൗനം പാലിക്കുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്കിപ്പുറം ഒരു ഇൻസ്റ്റഗ്രാം സ്‌റ്റോറിയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃഷ. ഉദയനിധി സംഭവത്തിനുശേഷം തൃഷ ആദ്യമായി പങ്കുവെക്കുന്ന സ്‌റ്റോറി കൂടിയാണിത്. ജൂലായ് 29-നുശേഷം തൃഷ സോഷ്യൽമീഡിയയിൽനിന്നും അകന്നുനിൽക്കുകയായിരുന്നു.

ആദ്യം പങ്കുവെച്ച സ്റ്റോറിയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ചയായതും. അതിങ്ങനെ, ''ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...'' ആരുടെയും പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും, സമീപകാല വിവാദങ്ങളോടുള്ള പ്രതികരണമായാണ് ആരാധകർ ഇതിനെ കണ്ടത്.

'ഈവിൾ ഐ' ഇമോജിക്കൊപ്പം പങ്കുവെച്ച മറ്റൊരു സ്റ്റോറിയിൽ ഇങ്ങനെ കുറിച്ചിരുന്നു: ''ഒരുകാലത്ത് താൻ പ്രാർത്ഥിച്ചു നേടിയ ജീവിതത്തിൽ മുങ്ങിപ്പോകാൻ കഴിയുക എന്നത് എത്ര വലിയൊരു ഭാഗ്യമാണ്''.

അതേസമയം തന്നെ തൃഷയുടെ അമ്മ ഉമാ കൃഷ്ണനും അതുമായി ബന്ധപ്പെട്ട സ്റ്റോറി ഇൻസ്റ്റഗ്രാമിലിട്ടിട്ടുണ്ട്. ''വ്യായാമം ചെയ്യുക, ചർമ്മസംരക്ഷണം നടത്തുക, വെള്ളം കുടിക്കുക, പണം സമ്പാദിക്കുക, മറ്റുള്ളവരോട് നന്നായി പെരുമാറുക, സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുക'', എന്നാണ് ആ സ്‌റ്റോറി. ഇതും ഉദയനിധി വിഷയുമായി ബന്ധപ്പെട്ടുള്ളതാണെന്ന് പറയപ്പെടുന്നു. നേരത്തെ തന്റെ മുത്തശ്ശിയുടെ 98-ാം ജൻമദിനത്തിൽനിന്നുള്ള ചിത്രങ്ങളും തൃഷ ഇൻസ്റ്റഗ്രാമിലിട്ടിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Trisha Krishnan breaks her social media silence with a cryptic Instagram story. The post comes in the wake of Udhayanidhi Stalin's controversial remarks involving Trisha and Vijay.