താപ്‌സി 'ചീപ്പ് കോപ്പി'യെന്ന് കങ്കണയുടെ സഹോദരി; തനിക്ക് കങ്കണയോട് ദേഷ്യമില്ലെന്ന് താപ്‌സി

താപ്‌സി പന്നു, കങ്കണ റണൗട്ട് / PTI, ANI
താപ്‌സി പന്നു, കങ്കണ റണൗട്ട് / PTI, ANI

വർഷങ്ങളായുള്ള പിണക്കമാണ് ബോളിവുഡ് അഭിനേത്രികളായ കങ്കണ റണൗട്ടിനും താപ്‌സി പന്നുവിനുമിടയിലുള്ളത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ ആ കെമിസ്ട്രിയെക്കുറിച്ച് സംസാരിക്കുകയാണ് താപ്‌സി. ശുഭാങ്കർ മിശ്രയുമായുള്ള അഭിമുഖത്തിലാണ് താപ്‌സി ഇതിനെക്കുറിച്ച് തുറന്നുപറഞ്ഞത്.

''ഞാൻ എപ്പോഴെങ്കിലും കങ്കണയോട്‌ വഴക്കിട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. രണ്ടുപേർ തമ്മിൽ ഏറ്റുമുട്ടുമ്പോഴാണ് വഴക്കുണ്ടാകുന്നത്. ഞാൻ ഒരിക്കലും വഴക്കിട്ടിട്ടില്ല. പറയൂ, ഞാൻ എപ്പോഴെങ്കിലും അവർക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടുണ്ടോ?''

കങ്കണ തന്നെക്കാൾ മുതിർന്ന ആളാണെന്നും സൗഹൃദത്തിന് താൻ തുറന്ന മനസ്സുള്ളയാളാണെന്നും താപ്‌സി പറഞ്ഞു. തങ്ങളുടെ വഴക്കിൽ ആർക്കെങ്കിലും നേട്ടങ്ങളുണ്ടായിട്ടുണ്ടാവുമെന്നും അവർ പറയുന്നു. ''ആർക്കെങ്കിലും ഏതെങ്കിലും വിധത്തിൽ പ്രയോജനം ലഭിച്ചിട്ടുണ്ടാകണം. ഞാൻ പറഞ്ഞതുപോലെ, എന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഒരു പോരാട്ടവും ഉണ്ടായിട്ടില്ല. പക്ഷേ, അതിൽ നിന്ന് ആർക്കെങ്കിലും നേട്ടമുണ്ടായിട്ടുണ്ടാകണമെന്ന് എനിക്ക് തോന്നുന്നു''.

പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത് 2019-ലാണ്. അന്ന് 'ജഡ്ജ്‌മെന്റൽ ഹെ ക്യാ' എന്ന സിനിമയുടെ ട്രെയിലറിനെ അഭിനന്ദിച്ചുകൊണ്ട് താപ്‌സി സോഷ്യൽമീഡിയയിൽ കുറിപ്പിട്ടു. പക്ഷേ അതിൽ കങ്കണയുടെ പേര് മെൻഷൻ ചെയ്തിരുന്നില്ല. ഇത് കങ്കണയുടെ സഹോദരി രംഗോലിക്ക് ഇഷ്ടപ്പെട്ടില്ല. അവർ സോഷ്യൽമീഡിയയിലൂടെ ആ അതൃപ്തി തുറന്നുപ്രകടിപ്പിക്കുകയും ചെയ്തു. അതിൽ താപ്‌സിയെ കങ്കണയുടെ 'സസ്തി കോപ്പി' (cheap copy) എന്നാണവർ വിളിച്ചത്. എന്നാൽ, തന്നെ അങ്ങനെ വിളിക്കുന്നതിൽ കുഴപ്പമില്ലെന്നായിരുന്നു താപ്‌സിയുടെ നിലപാട്. ''എനിക്ക് കങ്കണയുടെ അത്ര പ്രതിഫലമില്ലാത്തതുകൊണ്ടായിരിക്കാം. അത്രയും കഴിവുള്ള നടിയെ കോപ്പി ചെയ്യുകയാണെന്നാണ് ആരോപണമെങ്കിൽ, എനിക്ക് കുഴപ്പമില്ല''.

കങ്കണയോട് തനിക്ക് വ്യക്തിപരമായി ഒരു വിദ്വേഷവുമില്ലെന്നും എന്നാൽ കങ്കണയ്ക്ക് തന്നോട് പ്രശ്നമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു. കങ്കണയെ കണ്ടുമുട്ടിയാൽ സ്വാഗതം ചെയ്യുമെന്നും താപ്‌സി കൂട്ടിച്ചേർത്തു.

മുമ്പൊരു അഭിമുഖത്തിൽ 'കങ്കണയ്ക്ക് തന്റെ ജീവിതത്തിൽ യാതൊരു പ്രസക്തിയുമില്ല' എന്നാണ് താപ്‌സി പറഞ്ഞിരുന്നത്. അതിന് കങ്കണ നൽകിയ മറുപടിയിങ്ങനെ, ''ഞാൻ നിരസിച്ച സിനിമകളുടെ നിർമാതാക്കളെ വിളിച്ച് ആ സിനിമ തരണമെന്ന് താപ്‌സി അപേക്ഷിക്കാറുണ്ട്. ഒരുകാലത്ത് 'പാവപ്പെട്ട നിർമാതാക്കളുടെ കങ്കണ' എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനിച്ചയാളാണ് അവർ. ഇപ്പോൾ നോക്കൂ. ഇന്നെന്നെ അപ്രസക്തയെന്ന് വിളിക്കുന്നു. ആളുകളുടെ ചില വിചിത്രമായ സ്വഭാവങ്ങൾ''. 'ബി-ഗ്രേഡ് ആക്ട്രസ്' എന്നാണ് താപ്‌സിയെ കങ്കണ വിശേഷിപ്പിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Taapsee Pannu speaks out on her alleged rivalry with Kangana Ranaut, her sister Rangoli`s `cheap copy` jibe, and her perspective on their ongoing feud