‘വീണും മുറിവേറ്റും പിന്നീട് ഉയർന്നുവന്നവരാണ് ഞങ്ങൾ’; ഫഹദുമായുള്ള സൗഹൃദത്തെക്കുറിച്ച് സൂര്യ

ഫഹദ് ഫാസിൽ/Mbi, സൂര്യ/Instagram
ഫഹദ് ഫാസിൽ/Mbi, സൂര്യ/Instagram

നടന്മാർ തമ്മിലുള്ള സൗഹൃദങ്ങൾ പലപ്പോഴും സിനിമകളിലൂടെയും അഭിമുഖങ്ങളിലൂടെയും മാത്രമാണ് പ്രേക്ഷകർ അറിയുന്നത്. എന്നാൽ ചില സൗഹൃദങ്ങൾക്ക് അതിനപ്പുറത്തേക്കുള്ള ആഴമുണ്ടാകും. അത്തരത്തിലൊരു ബന്ധത്തെക്കുറിച്ചാണ് നടൻ സൂര്യ മനസുതുറന്നത്. നടൻ ഫഹദ് ഫാസിലുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചും വർഷങ്ങളായി പങ്കിട്ട ഓർമകളെക്കുറിച്ചുമാണ് സൂര്യ സംസാരിച്ചത്.

ഫഹദ് ഫാസിൽ നായകനാകുന്ന തെലുങ്ക് ചിത്രം 'ഡോൺട് ട്രബിൾ ദി ട്രബിൾ' റിലീസിന് ഒരുങ്ങുകയാണ്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നടന്ന പരിപാടിയിലായിരുന്നു സൂര്യ ഫഹദിനെക്കുറിച്ച് വാചാലനായത്.

പരിപാടിക്കിടെ ഫഹദ് സൂര്യയെ സ്‌നേഹത്തോടെ 'അണ്ണാ' എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് സൂര്യ സംസാരിച്ചത്.

''ഞങ്ങൾ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ട്. രാവിലെ സംസാരിച്ചു, ഉച്ചയ്ക്ക് സംസാരിച്ചു, വൈകുന്നേരം സംസാരിച്ചു, രാത്രിയിലും സംസാരിച്ചു. ചിലപ്പോൾ പുലരുവോളം സംസാരിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഒരുപാട് ഓർമകളുണ്ട്,'' എന്നാണ് സൂര്യ പറഞ്ഞത്.

സിനിമയിലെത്തിയ ആദ്യകാലത്ത് ഇരുവരും നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും സൂര്യ ഓർത്തെടുത്തു. ഇന്ന് കാണുന്ന പ്രശസ്തിയും താരപദവിയും തുടക്കത്തിൽ ഉണ്ടായിരുന്നില്ലെന്നും വീഴ്ചകളിലൂടെ തന്നെയാണ് ഇരുവരും മുന്നോട്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

''ഈ പ്രശസ്തിയും താരപദവിയും ഒന്നും തുടക്കത്തിൽ ഉണ്ടായിരുന്നില്ല. ഞങ്ങൾ വീണു, മുട്ടുകൾ പൊട്ടി, അതിന് ശേഷമാണ് എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞത്. നിന്നോടൊപ്പം എനിക്ക് ഒരുപാട് മനോഹരമായ ഓർമകളുണ്ട്,'' സൂര്യ പറഞ്ഞു.

ഫഹദ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയെയും സൂര്യ പ്രത്യേകം പ്രശംസിച്ചു. ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ തന്റെ ഇമേജിനെക്കുറിച്ചോ വ്യത്യസ്ത പ്രേക്ഷകവിഭാഗങ്ങൾ ആ ചിത്രത്തെ എങ്ങനെ സ്വീകരിക്കുമെന്നോ ഫഹദ് അധികം ചിന്തിക്കാറില്ലെന്നാണ് സൂര്യയുടെ അഭിപ്രായം. ''ഞാൻ ഇപ്പോഴും പല കണക്കുകൂട്ടലുകളും നടത്താറുണ്ട്. എന്നാൽ ഫഹദ് അങ്ങനെയല്ല. ഫഹദിനെപ്പോലെ ആകാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അവൻ കഥാപാത്രത്തിന്റെ കാതൽ മാത്രമാണ് നോക്കുന്നത്. കഥ നല്ലതാണോ? ഈ ഉള്ളടക്കം നമ്മുടെ പ്രേക്ഷകർക്ക് നൽകാൻ കഴിയുമോ? അതാണ് അവൻ ചിന്തിക്കുന്നത്. വളരെ പുതുമയോടെയും നിഷ്‌കളങ്കമായും തുറന്ന മനസ്സോടെയുമാണ് അവൻ കാര്യങ്ങളെ കാണുന്നത്. അതുകൊണ്ടാണ് അവനിൽനിന്ന് അത്തരത്തിലുള്ള സിനിമകൾ നമുക്ക് ലഭിക്കുന്നത്. നീ നീയായിരിക്കുന്നതിന് നന്ദി,'' സൂര്യ കൂട്ടിച്ചേർത്തു.

നവാഗത സംവിധായകൻ ഷശാങ്ക് യെലേറ്റി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ഡോൺട് ട്രബിൾ ദി ട്രബിൾ'. സുറി എന്ന മാന്ത്രികന്റെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ഒരു പെൺകുട്ടിയുമായി സൗഹൃദത്തിലാകുന്ന സുറിയുടെ ജീവിതത്തിലേക്ക് പിന്നീട് അത്ഭുതകരമായ സംഭവങ്ങൾ കടന്നുവരുന്നു. പെൺകുട്ടിക്ക് അമാനുഷിക ശക്തികളുണ്ടെന്നും അവൾ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ കഴിയുന്ന ഒരു ജിന്നാണെന്നും തിരിച്ചറിയുന്നതോടെയാണ് കഥ ഫാന്റസി തലത്തിലേക്ക് കടക്കുന്നത്. സാറ പാലേക്കർ, സൗരഭ് സച്ച്‌ദേവ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi