'അവൾക്കുവേണ്ടിയാണ് ഞാൻ ഈ നിലയിലെത്തിയത്, അവൾക്ക് തുല്യനാകണമെന്ന ചിന്ത'

പ്രേക്ഷകർക്കെന്നും പ്രിയപ്പെട്ട താരജോഡിയാണ് സൂര്യ-ജ്യോതിക (Suriya and Jyothika). പൂവെല്ലാം കേട്ടുപ്പാർ, കാക്ക കാക്ക, സില്ലുനു ഒരു കാതൽ, ഉയിരിലെ കലന്തത്, മായാവി തുടങ്ങിയ ഇരുവരും നായികാനായകൻമാരായി. പൂവെല്ലാം കേട്ടുപ്പാർ എന്ന സിനിമയുടെ സെറ്റിൽവെച്ച് കണ്ടുമുട്ടിയ താരങ്ങൾ, വൈകാതെ പ്രണയത്തിലായി. 2006-ൽ വിവാഹം കഴിഞ്ഞതോടെ ജ്യോതിക കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്കൊതുങ്ങി. പിന്നീട് പരസ്യങ്ങളിലൂടെ തിരിച്ചുവന്നെങ്കിലും, അപ്പോഴും സിനിമയിൽനിന്ന് അകന്നുനിന്നു. വർഷങ്ങൾക്കുശേഷം അവർ തിരിച്ചുവന്നത് '36 വയതിനിലെ' എന്ന ചിത്രത്തിലൂടെയാണ്.
ആദ്യകാലത്ത് തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായിരുന്നു ജ്യോതിക. റിപ്പോർട്ടുകൾ പ്രകാരം ആദ്യചിത്രത്തിന് ലഭിച്ചത് ഒരുലക്ഷം രൂപയാണ്. ഹിറ്റുകൾ ജ്യോതികയെ തേടിയെത്തിയതോടെ അവരുടെ പ്രതിഫലവും ഉയർന്നു.
അതേസമയം സൂര്യയ്ക്ക് അന്ന് അത്ര പ്രതിഫലം ലഭിച്ചിരുന്നില്ല. സൂര്യയ്ക്ക് അന്ന് ലഭിച്ചിരുന്നത് 5 ലക്ഷം രൂപയാണ്. അക്കാലത്ത് നിലവിലുണ്ടായിരുന്ന പ്രമുഖ താരങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവായിരുന്നു. ജ്യോതികയുടെ പ്രതിഫലത്തേക്കാൾ എത്രയോ കുറവായിരുന്നുവത്. അക്കാര്യത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് ജ്യോതികയും സൂര്യയും ഇപ്പോൾ. 'ദി ഹോളിവുഡ് റിപ്പോർട്ടറി'നോട് സംസാരിക്കുകയായിരുന്നു അവർ. തങ്ങളേക്കാൾ കൂടുതൽ പ്രതിഫലം സഹനടിമാർക്ക് ലഭിക്കുമ്പോൾ പല പുരുഷ താരങ്ങൾക്കും അഹങ്കാരമോ അതൃപ്തിയോ തോന്നാറുണ്ടെന്ന കാര്യം അവതാരക ചൂണ്ടിക്കാട്ടി. തങ്ങളുടെ കരിയറിന്റെ ആദ്യകാലത്തെക്കുറിച്ച് സംസാരിക്കവെ, സൂര്യയേക്കാൾ കൂടുതൽ പ്രതിഫലം തനിക്ക് ലഭിച്ചിരുന്നുവെന്ന് ജ്യോതിക ഓർത്തു. ''അക്കാലത്ത് അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ മൂന്നിരട്ടി തുക എനിക്ക് ലഭിച്ചിരുന്നു'', ജ്യോതിക ചിരിയോടെ പറഞ്ഞു. എന്നാലിപ്പോൾ തന്നേക്കാൾ മുപ്പതിരട്ടി കൂടുതലാണ് സൂര്യയുടെ പ്രതിഫലമെന്നും ജ്യോതിക കൂട്ടിച്ചേർത്തു.
അക്കാലത്തെക്കുറിച്ച് സൂര്യ മുമ്പ് പറഞ്ഞതിങ്ങനെ, ''പൂവെല്ലാം കേട്ടുപ്പാർ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. എനിക്ക് തമിഴ് അറിയാം. ഒരു സിനിമാകുടുംബത്തിൽനിന്നുള്ള അംഗമായിട്ടും അഭിനയത്തിൽ ഞാൻ പതറുകയായിരുന്നു. സംഭാഷണങ്ങൾ മറന്നുപോവുകയും എങ്ങനെ അഭിനയിക്കണമെന്ന് അറിയാതിരിക്കുകയും ചെയ്തു. എന്റെ നാലാമത്തെ ചിത്രമാണതെന്ന് ഓർക്കണം. നേരെമറിച്ച് ജ്യോതിക വളരെ ആത്മാർഥമായിട്ടാണ് ഓരോന്നും ചെയ്തത്. എന്നേക്കാൾ നന്നായി അവർക്ക് ഡയലോഗുകൾ അറിയാമായിരുന്നു. അവർ വളരെ വേഗത്തിൽ വിജയത്തിന്റെ കൊടുമുടിയിലെത്തി. എന്റെ സ്ഥാനം ഉറപ്പിക്കാൻ അഞ്ച് വർഷമെടുത്തു. ഒരു നായകനായി സ്വയം അടയാളപ്പെടുത്താനും സ്വന്തമായൊരു വിപണി മൂല്യം ഉണ്ടാക്കിയെടുക്കാനും എനിക്ക് സമയമെടുത്തു. 'കാക്ക കാക്ക' (2003) എന്ന ചിത്രത്തിൽ, എന്റെ പ്രതിഫലത്തേക്കാൾ മൂന്നിരട്ടിയായിരുന്നു ജ്യോതികയുടെ പ്രതിഫലം. ജീവിതത്തിൽ ഞാനിരിക്കുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് അപ്പോൾ ബോധ്യം വന്നു. എന്റെ ജീവിതത്തിന്റെ ഭാഗമാകാൻ ജ്യോതിക തയ്യാറായിരുന്നു, അവരുടെ മാതാപിതാക്കളും സമ്മതിച്ചിരുന്നു; എന്നാൽ ഞാനും അവളും തമ്മിലുള്ള വരുമാനത്തിലെ അന്തരം എനിക്ക് മനസ്സിലായി. ഞാൻ കൂടുതൽ പരിശ്രമിക്കണമെന്നും അവൾക്ക് തുല്യനാകണമെന്നും, ചുരുങ്ങിയ പക്ഷം അവരെ സംരക്ഷിക്കാനെങ്കിലും കഴിയുന്ന അവസ്ഥയിലെത്തണമെന്നും എനിക്ക് തോന്നി. ഒടുവിൽ, അതെല്ലാം സംഭവിക്കുകയും ചെയ്തു'', സൂര്യ കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jyothika earned three times more than Suriya during their early career phase. Suriya used the income disparity as motivation to improve his acting and market value