'വീട്ടിലെ വലിയ പാവ തനിയെ നീങ്ങാൻ തുടങ്ങി; പൂജകൾ ചെയ്തശേഷം എല്ലാം ശാന്തമായി'

ശ്രുതി ഹാസൻ | Instagram
ശ്രുതി ഹാസൻ | Instagram

പല താരങ്ങളും തങ്ങൾക്കുണ്ടാവുന്ന വിചിത്രമായ പാരാനോർമൽ അനുഭവങ്ങളെപ്പറ്റി തുറന്നുപറഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ് നടി ശ്രുതി ഹാസൻ. മുംബൈയിലെ ശ്രുതിയുടെ വീട്ടിലാണ് ഈ പേടിപ്പിക്കുന്ന അനുഭവമുണ്ടായത്.

വീട്ടിൽ സൂക്ഷിച്ചിരുന്ന, മനുഷ്യന്റെ വലിപ്പമുള്ള ഒരു പാവ (മാനെക്വിൻ) സ്ഥാനം മാറിക്കൊണ്ടിരുന്നു എന്നാണ് താരം പറയുന്നത്. ചില സ്ഥലങ്ങളിലെ അസാധാരണമായ ഊർജ്ജങ്ങളെ തിരിച്ചറിയാൻ തനിക്ക് പ്രത്യേക കഴിവുണ്ടെന്ന് പറയുന്ന ശ്രുതി, ഈ സംഭവത്തെത്തുടർന്ന് ആ പാവയെ മാറ്റുകയും വീട് ശുദ്ധീകരിക്കുന്നതിനായി ചില ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്തതായി ഓർത്തെടുത്തു.

നേഹ ധൂപിയയും അംഗദ് ബേദിയും അവതരിപ്പിക്കുന്ന 'ഡബിൾ ഡേറ്റ്' എന്ന യൂട്യൂബ് പരമ്പരയിൽ സംസാരിക്കവെയാണ് ശ്രുതി ഇക്കാര്യം വെളിപ്പെടുത്തിയത്. ''ഒരു സ്ഥലത്ത് അസാധാരണമായ ഊർജ്ജമുണ്ടോ എന്ന് തിരിച്ചറിയാനുള്ള കഴിവ് എനിക്ക് പണ്ടേയുണ്ട്. എപ്പോഴും അങ്ങനെ സംഭവിക്കാറില്ല, എങ്കിലും ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. ചെന്നൈയിലുള്ള എന്റെ വീട്ടിൽ അത്തരത്തിലുള്ള പ്രത്യേക ഊർജ്ജങ്ങളൊന്നുമില്ല, എല്ലാം സാധാരണമാണ്. എന്നാൽ മുംബൈയിലുള്ള വീട്ടിൽ എന്തോ സംശയാസ്പദമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് എനിക്ക് ശക്തമായി തോന്നിയിരുന്നു'', താരം ഓർക്കുന്നു.

പിന്നീടാണ് തന്റെ വീട്ടിലുണ്ടായ വിചിത്രമായ അനുഭവം അവർ പങ്കുവെച്ചത്. ''എന്റെ കൈവശം 'ഫിയോണ' എന്ന് പേരിട്ടിരുന്ന, മനുഷ്യന്റെ വലിപ്പമുള്ള ഒരു മാനെക്വിൻ ഉണ്ടായിരുന്നു. അലമാരയിൽ വെക്കാതിരുന്ന ഒരു വസ്ത്രമാണ് ഞാനതിനെ ധരിപ്പിച്ചിരുന്നത്. അങ്ങനെ അതിന് 'ഫിയോണ' എന്ന് പേരും നൽകി. വീട്ടിൽ വരുന്ന സുഹൃത്തുക്കൾ പലപ്പോഴും വെറുതെ അതിനോട് 'ഹായ്' പറയാറുണ്ടായിരുന്നു''.

എന്നാൽ, കാലക്രമേണ ആ പാവ സ്വയം സ്ഥാനങ്ങൾ മാറാൻ തുടങ്ങിയെന്നും, അത് തന്നെ അസ്വസ്ഥയാക്കിയെന്നും ശ്രുതി വെളിപ്പെടുത്തി. ''അതോടെ ഞാനവളെ ഒഴിവാക്കി. ഞാൻ അവളെ അഴിച്ചുമാറ്റി''. 2007-ൽ പുറത്തിറങ്ങിയ 'ഐ ആം ലെജൻഡ്' എന്ന സിനിമയിലെ സംഭവം പോലെയായിരുന്നു അതെന്നും ശ്രുതി വെളിപ്പെടുത്തി. ആ സിനിമയിൽ മാനെക്വിനുകൾ തനിയെ ചലിക്കുന്നതായി കാണാം. അതുപോലെയായിരുന്നു വീട്ടിലെ അവസ്ഥയും. ''അതുകാണുമ്പോൾ ഞാൻ പലപ്പോഴും ചോദിക്കുമായിരുന്നു, 'ആരാണ് നിന്നെ മാറ്റിവെച്ചത്?' എന്ന്''.

ഈ സാഹചര്യം നേരിടാൻ താൻ ഉടൻ തന്നെ മതപരമായ ആചാരങ്ങളിലേക്ക് തിരിഞ്ഞുവെന്ന് ശ്രുതി പറഞ്ഞു. ഹനുമാൻ ചാലിസ വെക്കുക, കയ്യിൽ ഉപ്പ് പിടിക്കുക, മാനെക്വിൻ (രൂപം) അഴിച്ചുമാറ്റുക എന്നിവ ചെയ്ത ശേഷം വീട് മുഴുവൻ പൂട്ടിയിട്ടുവെന്നാണ് അവർ അവകാശപ്പെടുന്നത്. വീടിപ്പോൾ ശാന്തമാണെന്നും ശ്രുതി കൂട്ടിച്ചേർക്കുന്നു.

അതേ സംഭാഷണത്തിനിടയിൽ, മതം വലിയ സ്വാധീനമൊന്നും ചെലുത്താത്ത ഒരു കുടുംബ സാഹചര്യത്തിൽ വളർന്നുവന്നിട്ടും, താൻ അഗാധമായ മതവിശ്വാസമുള്ള ഒരാളാണെന്ന് ശ്രുതി ഹാസൻ വെളിപ്പെടുത്തി. ''എന്റെ കുടുംബത്തിൽ മതവിശ്വാസമുള്ള ഒരേയൊരാൾ ഞാൻ മാത്രമാണ്'', അവർ പറഞ്ഞു. 'പെദ്ദി' എന്ന തെലുഗുചിത്രത്തിലാണ് ശ്രുതി അവസാനമായി അഭിനയിച്ചത്. ട്രെയിൻ, ആകാസംലോ ഒക്ക താര എന്നിവയാണ് റിലീസാവാനിരിക്കുന്ന ചിത്രങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shruti Haasan shared a spooky paranormal experience at her Mumbai home involving a human-sized mannequin named Fiona., The actress noticed the doll was changing its position on its own, similar to the movie I Am Legend