‘ആ പാട്ട് പാടിയതിൽ നാണക്കേടില്ല, അശ്ലീലച്ചുവയുള്ള വരികൾ കുട്ടികൾ പോലും അർത്ഥമറിയാതെ പാടുന്നു’

ശ്രേയ ഘോഷാൽ | Instagram
ശ്രേയ ഘോഷാൽ | Instagram

ശബ്ദ മാധുര്യംകൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാരാധകരുടെ മനം കവർന്ന താരമാണ് ശ്രേയ ഘോഷാൽ. ബംഗാളി, ഉറുദു, കന്നഡ, മലയാളം, മറാത്തി, പഞ്ചാബി, തമിഴ്, തെലുഗു, തുടങ്ങിയ ഇന്ത്യൻഭാഷകളിൽ ഇതിനോടകം താരം വിരവധി പാട്ടുകൾ പാടി. അടുത്തിടെ തന്റെ പഴയ ഗാനങ്ങളെക്കുറിച്ച് ശ്രേയ നടത്തിയ ചില പരാമർശങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

2011-ൽ ‘അഗനീപത്’ എന്ന ഹൃത്വിക്ക് റോഷൻ സിനിമയിലെ ഏക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നാണ് 'ചിക്കിനി ചമേലി.' അതൊരു ഐറ്റം സോങ്ങായിരുന്നു. ആ പാട്ടിന് ഒരിക്കലെങ്കിലും ചുവടുവെയ്ക്കാത്ത ഇന്ത്യക്കാരുണ്ടാകില്ല.

 എന്നാൽ 'ചിക്കിനി ചമേലി' പോലുള്ള അശ്ലീലച്ചുവയുള്ള (raunchy) ഗാനങ്ങൾ, ഇനി പാടാൻ ഒട്ടും താല്പര്യപ്പെടുന്നില്ലെന്നു ശ്രേയ പറഞ്ഞിരുന്നു. അത്തരം വരികൾ പാടാൻ, താൻ ഇനി ഒട്ടും താല്പര്യപ്പെടുന്നില്ലെന്നും, പഴയകാലത്തെ അപേക്ഷിച്ച് ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താൻ കൂടുതൽ ശ്രദ്ധ ചെലുത്താറുണ്ടെന്നും അവർ പറഞ്ഞു.

ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. അത്തരം വിമർശനങ്ങളോട് ശ്രേയ ഇങ്ങനെ പ്രതികരിച്ചു,

'ചിക്കിനി ചമേലി' പാടിയതിൽ തനിക്ക് ലജ്ജയില്ലെന്നും, അതൊരു ഹിറ്റ് ഗാനമാണെന്നും അവർ വ്യക്തമാക്കി. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ അത്തരം വരികൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തത്തോടെയാണ് താൻ പെരുമാറുന്നത്.

അഞ്ച്-ആറ് വയസ്സുള്ള കൊച്ചു കുട്ടികൾ പോലും അർത്ഥം മനസ്സിലാക്കാതെ ഇത്തരം വരികൾ പാടുന്നതും നൃത്തം ചെയ്യുന്നതും കാണുമ്പോൾ തനിക്ക് വലിയ അസ്വസ്ഥത തോന്നാറുണ്ടെന്ന് അവർ തുറന്നു പറഞ്ഞു.

‘സ്റ്റേജുകളിൽ ഇപ്പോഴും താൻ ആ ഗാനം പാടാറുണ്ട്. അത് എന്റെ ഗാനമാണ്, ഞാൻ പാടിയതാണ്. അതിനാൽ തന്നെ അതിനെ തള്ളിപ്പറയാൻ എനിക്ക് കഴിയില്ല,’ അവർ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് റെഡിറ്റിൽ (Reddit), ശ്രേയയെ പലരും 'ഇരട്ടത്താപ്പ്' കാണിക്കുന്നുവെന്ന് (hypocrite) ആരോപിച്ചു. അത്തരം ഗാനങ്ങൾ പാടില്ലെന്ന് പ്രഖ്യാപിക്കുമ്പോഴും, പണം ലഭിക്കുന്ന വേദികളിൽ ഇന്നും അതേ ഗാനങ്ങൾ പാടുന്നു എന്നതാണ് വിമർശകരുടെ പ്രധാന വാദം. എങ്കിലും, ഒരു കലാകാരി എന്ന നിലയിൽ കാലത്തിനനുസരിച്ച് തന്റെ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്താൻ അവർ കാണിച്ച ആർജ്ജവത്തെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്.

അമാൽ മാലിക്കിനൊപ്പം 'യഹീൻ ഗുസാർ ദൂൺ' (Yahin Guzaar Doon) ആണ് ശ്രേയയുടെ ഏറ്റവും പുതിയ പാട്ട്. യുകെ, യുഎസ്എ, ഇന്ത്യ, അബുദാബി എന്നിവിടങ്ങളിൽ നടത്തുന്ന 'ദ അൺസ്റ്റോപ്പബിൾ വേൾഡ് ടൂർ' (The Unstoppable World Tour) സംഗീതനിശയും വരാനിരിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shreya Ghoshal states she is not ashamed of her hit song 'Chikni Chameli'., She has decided not to sing songs with similar raunchy lyrics in the future., Her decision is influenced by seeing young children sing the lyrics without understanding them., She addresses social media criticism about performing the song live while disavowing similar future projects.