ലോകകപ്പ് വേദിയിലെത്തിയത് ഷക്കീറയുടെ ഡ്യൂപ്പോ? സോഷ്യൽമീഡിയയിൽ ചർച്ചകൾ സജീവമാകുന്നു

ഷക്കീറ | AP, AFP
ഷക്കീറ | AP, AFP

ഏറെ പുതുമകൾ ഉള്ളതാണ് ഇത്തവണത്തെ ലോകകപ്പ് (Fifa World Cup 2026). ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് ഇത്തവണത്തെ ലോകകപ്പിൽ പങ്കെടുക്കുന്നത്. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായിട്ടാണ് ഉദ്ഘാടനച്ചടങ്ങുകൾ നടന്നതും. പോപ്പ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകനായ ബർണ ബോയ്‌യും ചേർന്നാണ് ഇത്തവണത്തെ ഔദ്യോഗിക ഗാനമായ 'ദായ്, ദായ്' ആലപിച്ചത്. അങ്ങനെ ലോകകപ്പിന് വർണാഭമായ തുടക്കം.

അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് 49-കാരിയായ ഷക്കീറയുടെ പ്രകടനം തന്നെയാണ്. അത്രയും ഊർജസ്വലയായിട്ടാണ് അവർ തത്സമയം പാടിയതും നൃത്തംചെയ്തതും. ഇത് നാലാം തവണയാണ് ഫുട്‌ബോൾ ആന്തവുമായി (Football Anthem) ഷക്കീറ എത്തുന്നത്. ഷക്കീറ ലോകകപ്പ് ഫുട്‌ബോളിനൊപ്പം സഞ്ചരിക്കാൻ തുടങ്ങുന്നത് 2006-ലാണ്. 'Hips Dont Lie' എന്ന ഗാനമാണ് അത്തവണ അവർ ആലപിച്ചത്. പിന്നീട് 2010-ലാണ് അടുത്ത ഗാനവുമായി ഗായികയെത്തുന്നത്. 'Waka Waka (This Time For Africa) എന്ന ഗാനമാണ് അന്ന് ആലപിച്ചത്. ഇന്നും ഏറ്റവും ജനപ്രിയമായ ഫുട്‌ബോൾ ആന്തവും ഇതുതന്നെ. 2014-ൽ ഷക്കീറ എത്തിയത് 'La La La' എന്ന ഗാനവുമായിട്ടാണ്.

12 വർഷങ്ങൾക്കുശേഷം ഷക്കീറയെത്തുമ്പോൾ, അവർക്ക് പ്രായം തോന്നുന്നതേയില്ലെന്നാണ് ആരാധകർ പറയുന്നത്. അതിനിടയിൽ മറ്റൊരു ചർച്ചയും നടക്കുന്നുണ്ട്. ഉദ്ഘാടനത്തിന് ഷക്കീറയല്ല, പകരം അവരുടെ ബോഡി ഡബിളാണ് (Dupe) എത്തിയതെന്നാണ് അവർ പറയുന്നത്. അതിനുപിന്നിലെ കാരണമായി അവർ പറയുന്നത്, ഷക്കീറ ഏറെ വ്യത്യസ്തയായി കാണപ്പെടുന്നുവെന്നാണ്. യെല്ലോ ഡ്രസ്സും പ്ലാറ്റ്‌ഫോം ട്രെയിനേഴ്‌സും ഡാർക്ക് സൺഗ്ലാസും ധരിച്ചാണ് ഷക്കീറയെത്തിയത്.

ഒരാൾ ഉദ്ഘാടനച്ചടങ്ങിൽനിന്നുള്ള വീഡിയോ ക്ലിപ്പുമായി കുറിച്ചതിങ്ങനെ, ''അത് ഷക്കീറയല്ല. ദായ് ദായ് പാടുമ്പോൾ അവർക്ക് ചുവടുകൾ തെറ്റുന്നത് നോക്കൂ. അത് ബോഡി ഡബിളാണ്. ഷക്കീറ എല്ലാവരോടും കള്ളംപറഞ്ഞു''. ഷക്കീറയുടെ മുടി സാധാരണയുള്ളതിൽനിന്നും വ്യത്യസ്തമായി കാണപ്പെടുന്നുവെന്നും ചിലർ പറയുന്നു. 'വെനസ്വേലൻ ഷക്കീറ' എന്നറിയപ്പെടുന്ന റെബേക്ക മെയ്ല്ലാനോ ആണ് ലോകകപ്പ് വേദിയിലെത്തിയതെന്നാണ് അവർ ആരോപിക്കുന്നത്. ഷക്കിബെക്ക എന്നാണ് റെബേക്ക അറിയപ്പെടുന്നത്. എന്തായാലും ഈ വാദങ്ങളെ ശക്തമായി എതിർക്കുന്നവരുമുണ്ട്.

ഷക്കീറയുടെ നെറ്റിയിൽ ഒരു ചെറിയ മുറിവിന്റെ അടയാളമുണ്ട്. വർഷങ്ങളായി ഷക്കീറയുടെ ചിത്രങ്ങൾ എടുക്കുമ്പോൾ, അതിലെല്ലാം ഈ അടയാളം കാണുകയും ചെയ്യാം. ഉദ്ഘാടനവേദിയിലെ ചിത്രങ്ങളിലും ഷക്കീറയുടെ മുറിവിന്റെ പാട് കാണാം. അതുകൊണ്ട് അത് ഷക്കീറ തന്നെയാണെന്നും ചിലർ ഉറപ്പിച്ചുപറയുന്നു. ഇതുവരെ ഷക്കീറയോ അവരുടെ ടീമോ ഇത്തരം ഊഹാപോഹങ്ങളോട് പ്രതികരിച്ചിട്ടില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shakira performed the official song 'Dai Dai' alongside Burna Boy. Social media users speculate that a body double (Rebeca Maiellano) replaced Shakira. Fans point to dance errors and hairstyle changes as evidence for the 'Shakibecca' theory.