ആകെ ആസ്തി 10,800 കോടി രൂപ; ബോളിവുഡിലെ ധനികനായ താരമായി കിങ് ഖാൻ

ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ (Hurun Global Rich List) ഒരിക്കൽ കൂടെ ഇടംപിടിച്ച് നടൻ ഷാരൂഖ് ഖാൻ. സിനിമയ്ക്ക് അപ്പുറം ബിസിനസ് മേഖലയിലേക്കും തന്റെ സ്വാധീനം വ്യാപിപ്പിച്ചുകൊണ്ട്, ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ തന്റെ സ്ഥാനം ഉറപ്പിച്ചു ഷാരൂഖ്. ബോളിവുഡിലെ ഏറ്റവും ധനികനായ താരവും ഷാരൂഖ് തന്നെ.
പട്ടിക പ്രകാരം, ഷാരൂഖ് ഖാന്റെ ആസ്തി ഏകദേശം 1.3 ബില്യൺ ഡോളറാണ് (ഏകദേശം 10,800 കോടി രൂപ). ഇത് അദ്ദേഹത്തെ ലോകത്തിലെ തന്നെ ഏറ്റവും ധനികരായ അഭിനേതാക്കളിലൊരാളാക്കി മാറ്റി.
ജനുവരി 15 വരെയുള്ള കണക്കുകൾ അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഷാരൂഖ് വീണ്ടും പട്ടികയിൽ ഇടം നേടിയിട്ടുണ്ടെങ്കിലും, ഇത്തവണ അദ്ദേഹത്തിന്റെ സമ്പത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ആസ്തി 12,490 കോടി രൂപയായിരുന്നു, അതായത് ഏകദേശം 1.4 ബില്യൺ ഡോളർ. കഴിഞ്ഞവർഷം, ഷാരൂഖിന്റെ ആസ്തി ഏകദേശം 1.3 ബില്യൺ ഡോളർ ആസ്തിയുള്ള ടെയ്ലർ സ്വിഫ്റ്റിനെ മറികടന്നു. എന്നാൽ, ഈ വർഷം ടെയ്ലർ സ്വിഫ്റ്റ് ഷാരൂഖിനെക്കാൾ മുന്നിലാണ്.
രൺബീർ കപൂർ നായകനാവുന്ന 'രാമായണ' സിനിമയുടെ നിർമാതാവ് നമിത് മൽഹോത്രയും പട്ടികയിലിടം പിടിച്ചു. ഒരു ബില്യൺ ഡോളർ (9,204 കോടി രൂപ) ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, 9.8 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായിയായി തുടരുന്നു. ആഗോളതലത്തിൽ അദ്ദേഹം 17-ാം സ്ഥാനത്താണ്.
സിനിമയ്ക്കപ്പുറത്തേക്ക് ഒരു വലിയ സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിട്ടുണ്ട് ഷാരൂഖ്. ഷാരൂഖിനെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത് അതാണെന്നും സെലിബ്രിറ്റി വെൽത്ത് മാനേജർ ദീപക് ഹിറോ വസിറാനി നേരത്തെ പറഞ്ഞിരുന്നു. ''ഷാരൂഖ് ഖാൻ ഒരു ബിസിനസുകാരനാണ്, അദ്ദേഹം നന്നായി വായിക്കുന്നുണ്ട്, ബിസിനസ് മനസ്സിലാക്കുന്നു. ഒരു യുഗത്തിൽ ഒരേയൊരു ഷാരൂഖ് മാത്രമേ സംഭവിക്കുകയുള്ളൂ''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shah Rukh Khan remains the richest Bollywood actor with a net worth of ₹10,800 crore. Featured in the 2024 Hurun Global Rich List despite a slight dip in total wealth.