‘മദ്യത്തിന്റെ ലഹരിയിൽ, കത്തിയമരുന്ന ചിതയിലെ ചാരം ഞാൻ വാരിപ്പൂശി, പിതാവിനെയോർത്ത് ഒരുപാട് കരഞ്ഞു’

സഞ്ജയ് മിശ്ര | AFP
സഞ്ജയ് മിശ്ര | AFP

തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പൊതുവേ അധികം സംസാരിക്കാത്ത നടനാണ് സഞ്ജയ് മിശ്ര. എന്നാൽ അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ, തന്റെ പിതാവിന്റെ വിയോഗത്തിന് ശേഷം അനുഭവിച്ച ദുഃഖത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നു. ശുഭങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെ സഞ്ജയ് മിശ്ര ആ വൈകാരിക നിമിഷം വിവരിച്ചു.

"ഒരിക്കൽ എന്റെ ഭാര്യാപിതാവ് അപ്രതീക്ഷിതമായി എന്റെ വീട്ടിലെത്തി. ആ സമയത്ത് ഞാൻ ഡ്രൈവർക്കൊപ്പം മദ്യപിക്കുകയായിരുന്നു. ലഹരിയുടെ പുറത്ത്, എന്റെ പിതാവിന്റെ സംസ്കാര ചടങ്ങുകൾ നടന്ന സ്ഥലത്തേക്ക് എന്നെ കൊണ്ടുപോകാൻ ഞാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു."

"സ്മശാനത്തിൽ എത്തി, അവിടെ മറ്റാരുടെയോ ചിത കത്തിയമരുന്നുണ്ടായിരുന്നു. ആ ചിതയിലെ ചാരം ഞാൻ ശരീരം മുഴുവൻ വാരിപ്പൂശി പിതാവിനെ വിളിച്ച് അലറി കരയാൻ തുടങ്ങി. എന്നാൽ ആ അവസ്ഥയിൽ പോലും ആളുകൾ വന്ന് എന്നോടൊപ്പം സെൽഫി എടുക്കാൻ ആവശ്യപ്പെട്ടിരുന്നു."

വീട്ടിൽ തിരിച്ചെത്തിയപ്പോൾ തന്റെ രൂപം കണ്ട് ഭാര്യാപിതാവ് ഞെട്ടി, ആ രീതിയിൽ പ്രതികരിക്കുകയും ചെയ്തെന്നും സഞ്ജയ് മിശ്ര വെളിപ്പെടുത്തി. "ഞാൻ ചാരം പൂശി വീട്ടിലെത്തിയപ്പോൾ അദ്ദേഹം എന്നെ കണ്ടു... തന്റെ മകളുടെ ഭാവി എന്താകുമെന്ന് അദ്ദേഹം ആലോചിച്ചു കാണും. ഞാൻ അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ടു വന്ദിച്ചു. ഡ്രൈവർ വേഗത്തിൽ എന്നെ ബാത്ത്റൂമിൽ കൊണ്ടുപോയി കുളിപ്പിച്ചു. ഞാൻ അത്രമേൽ വികാരാധീനനായിരുന്നു. പിതാവിനെയോർത്ത് ഞാൻ ഒരുപാട് കരഞ്ഞു" താരം പറയുന്നു. 

കിരൺ മിശ്രയാണ് സഞ്ജയുടെ ഭാര്യ. 2009-ലാണ് ഇവർ വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്. നീന ഗുപ്തയ്ക്കൊപ്പം അഭിനയിച്ച, 2022-ൽ പുറത്തിറങ്ങിയ 'വധ് 2' ആണ് സഞ്ജയ് മിശ്രയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം. 'വധ്' എന്ന ക്രൈം ത്രില്ലറിന്റെ രണ്ടാം ഭാഗമാണിത്. ജസ്പാൽ സിങ് സന്ധുവാണ് ചിത്രത്തിന്റെ സംവിധായകൻ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sanjay Mishra shares a deeply emotional story about his father`s death and his grief. An unforgettable tribute.