‘സിനിമ പരാജയപ്പെട്ടാൽ എന്റെ പേര് പറയും, ഹിറ്റായാൽ ക്രെഡിറ്റില്ല’; തുറന്നുപറഞ്ഞ് സഞ്ജയ് കപൂർ

സഞ്ജയ് കപൂർ/Instagram
സഞ്ജയ് കപൂർ/Instagram

ഒരു സിനിമ വൻ വിജയമായാൽ അതിന്റെ നായകന് പിന്നാലെ അവസരങ്ങളുടെ നീണ്ടനിരയെത്തുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ബോളിവുഡ് നടൻ സഞ്ജയ് കപൂറിന്റെ അനുഭവം അതിൽനിന്ന് വ്യത്യസ്തമായിരുന്നു. കരിയറിലെ ശ്രദ്ധേയമായ വിജയങ്ങളിലൊന്നായ 'സിർഫ് തും' വലിയ ഹിറ്റായിട്ടും അതിന് പിന്നാലെ തനിക്ക് ഒരു സിനിമ പോലും ലഭിച്ചില്ലെന്നാണ് സഞ്ജയ് കപൂർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

'ഡിജിറ്റൽ കമന്ററി'ക്ക് നൽകിയ അഭിമുഖത്തിലാണ് കരിയറിലെ ആ വിചിത്രമായ അനുഭവത്തെക്കുറിച്ച് സഞ്ജയ് മനസ്സുതുറന്നത്. 1999ൽ പുറത്തിറങ്ങിയ 'സിർഫ് തും' ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ചിത്രമാണ്. എന്നാൽ സിനിമ വലിയ വിജയമായിട്ടും തന്റെ കരിയറിന് പ്രതീക്ഷിച്ച രീതിയിലുള്ള നേട്ടമുണ്ടായില്ലെന്നാണ് താരം പറയുന്നത്.

“സിർഫ് തും വലിയ ഹിറ്റായിരുന്നു. 27 വർഷങ്ങൾക്കിപ്പുറവും നമ്മൾ ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ എന്റെ വിധി നോക്കൂ, 'സിർഫ് തും' കഴിഞ്ഞ് ഞാൻ ഒരു സിനിമയിൽ പോലും ഒപ്പുവെച്ചില്ല. സിനിമയുടെ വിജയം പുതിയ അവസരങ്ങളിലേക്ക് വഴിതുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിർമാതാക്കളിൽനിന്ന് കാര്യമായ ഓഫറുകളൊന്നും ലഭിച്ചില്ല. സിനിമ വിജയിച്ചിട്ടും ഈ വ്യവസായം എന്നോട് കാണിച്ച പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി.” സഞ്ജയ് വ്യക്തമാക്കി.

തന്റെ കരിയറിനെ വിലയിരുത്തുമ്പോൾ പരാജയങ്ങൾക്ക് ലഭിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും സഞ്ജയ് കപൂർ തുറന്നുപറഞ്ഞു. ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം തന്റെ പേരിനൊപ്പം ചേർക്കാൻ പലരും തയ്യാറാകുമ്പോഴും സിനിമ വിജയിക്കുമ്പോൾ അതിന്റെ ക്രെഡിറ്റ് തനിക്ക് ലഭിക്കാറില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.

“ഒരു സിനിമ പരാജയപ്പെട്ടാൽ ആളുകൾ എളുപ്പത്തിൽ എന്റെ പേര് പറയും. എന്നാൽ ഒരു സിനിമ മികച്ച രീതിയിൽ വിജയിച്ചപ്പോൾ എനിക്ക് ആരും ക്രെഡിറ്റ് നൽകിയില്ല. 'സിർഫ് തും' വെറും ഹിറ്റ് ഗാനങ്ങളുടെ പേരിൽ മാത്രം വിജയിച്ച ചിത്രമല്ല. അതിന്റെ തിരക്കഥ അത്രത്തോളം മികച്ചതായിരുന്നു. നായകനും നായികയും സിനിമയുടെ അവസാനഭാഗത്താണ് ആദ്യമായി നേരിൽ കാണുന്നതെന്ന വ്യത്യസ്തമായ അവതരണവും സിനിമയ്ക്ക് പുതുമനൽകിയിരുന്നു”. അദ്ദേഹം ഓർമിപ്പിച്ചു.

സഞ്ജയ് കപൂറിന്റെ കരിയറിൽ 'സിർഫ് തും' മാത്രമായിരുന്നില്ല ശ്രദ്ധേയമായ വിജയം. 1995ൽ പുറത്തിറങ്ങിയ 'രാജ'യും ബോക്‌സ്ഓഫീസിൽ വലിയ വിജയമായിരുന്നു. എന്നാൽ അതിന് മുമ്പെത്തിയ അരങ്ങേറ്റ ചിത്രം 'പ്രേം' സഞ്ജയുടെ കരിയറിന് പ്രതീക്ഷിച്ച തുടക്കം നൽകിയിരുന്നില്ല. എട്ട് വർഷത്തോളം നീണ്ടുനിന്ന നിർമാണത്തിനൊടുവിൽ പുറത്തിറങ്ങിയ ചിത്രം ബോക്‌സ്ഓഫീസിൽ പരാജയപ്പെട്ടു. 'പ്രേം' പരാജയപ്പെട്ടതോടെ സഞ്ജയ് കപൂറിനൊപ്പം വീണ്ടും പ്രവർത്തിക്കുന്നതിൽ സംവിധായകൻ ഇന്ദ്രകുമാറിന് ആശങ്കയുണ്ടായിരുന്നുവെന്നും നേരത്തെ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മാധുരി ദീക്ഷിതിന്റെ പിന്തുണയും കൊറിയോഗ്രാഫർ സരോജ് ഖാന്റെയും മികച്ച എഴുത്തുസംഘത്തിന്റെയും പങ്കാളിത്തവും 'രാജ'യ്ക്ക് കരുത്തായി. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു.

എന്നിട്ടും തുടർച്ചയായ നായകവേഷങ്ങളിലേക്ക് എത്താൻ സഞ്ജയ് കപൂറിന് സാധിച്ചില്ല. രണ്ട് ശ്രദ്ധേയമായ ബോക്‌സ്ഓഫീസ് വിജയങ്ങൾ സ്വന്തമാക്കിയിട്ടും സ്ഥിരതയുള്ള ഒരു ലീഡിങ് മാൻ എന്ന നിലയിൽ തന്റെ കരിയർ ഉറപ്പിക്കാൻ കഴിഞ്ഞില്ലെന്നതാണ് അദ്ദേഹത്തിന്റെ സിനിമായാത്രയിലെ വലിയ വൈരുധ്യം.

പിന്നീട് 'കോയി മേരെ ദിൽ സെ പൂഛേ' പോലുള്ള ചിത്രങ്ങളിലൂടെ വ്യത്യസ്തമായ വേഷങ്ങൾ പരീക്ഷിക്കാനും സഞ്ജയ് ശ്രമിച്ചു. ചിത്രം വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും ഒരു നടനെന്ന നിലയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനും തന്റെ അഭിനയപരിധി വികസിപ്പിക്കാനും ആ സിനിമ സഹായിച്ചുവെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്.

'സിർഫ് തും' ഇന്നും പ്രേക്ഷകരുടെ ഓർമയിൽ നിലനിൽക്കുമ്പോൾ, ആ വിജയത്തിന് പിന്നിലെ നായകന് അതിൽനിന്ന് ലഭിക്കേണ്ടിയിരുന്ന കരിയർ മുന്നേറ്റം ലഭിച്ചില്ലെന്നതാണ് സഞ്ജയ് കപൂർ ഇപ്പോൾ പങ്കുവെക്കുന്ന വേദന.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: sanjay-kapoor-no-films-after-sirf-tum-success