'ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മനുഷ്യന്റെ കലയെ പകരംവെയ്ക്കാനാകില്ല' - റൺബീർ കപൂർ

റൺബീർ കപൂർ | AFP
റൺബീർ കപൂർ | AFP

സിനിമാ നിർമ്മാണത്തിലും സാങ്കേതികരംഗത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന കാലമാണിത്. എങ്കിലും, മനുഷ്യന്റെ സർഗ്ഗാത്മകതയെയും കലയെയും കീഴടക്കാൻ എഐക്ക് കഴിയില്ലെന്ന് പറയുകയാണ് നടൻ റൺബീർ കപൂർ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'രാമായണ'യുടെ റിലീസിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

സിനിമാ നിർമ്മാണ പ്രക്രിയയിൽ എഐ ഒരു സഹായ ഉപകരണമായി ഉപയോഗിക്കാമെങ്കിലും, കഥപറച്ചിലിനും അഭിനയത്തിനും പകരംവെക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിയില്ലെന്ന് റൺബീർ വ്യക്തമാക്കുന്നു. വിഎഫ്എക്സ് അല്ലെങ്കിൽ മികച്ച ക്യാമറ ലെൻസുകൾ പോലെ സിനിമയെ കൂടുതൽ ഭംഗിയാക്കാനുള്ള ഒരു ഉപാധി മാത്രമാണ് എഐ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മൾ പ്രതിനിധീകരിക്കുന്നത് കഥയെയും അഭിനയകലയുടെ ലോകത്തെയാണെന്നും, അതുകൊണ്ടുതന്നെ അതിന് പകരമായി നിൽക്കാൻ എ.ഐക്ക് ഒരിക്കലും സാധിക്കുമെന്ന് കരുതുന്നില്ലെന്നും, കലയിൽ മനുഷ്യന്റെ ഒരു സ്പർശം ഉണ്ടാവുമ്പോഴാണ് അത് ഏറെ വ്യക്തിപരവും മനോഹരവുമാകുന്നതെന്നും റൺബീർ കൂട്ടിച്ചേർത്തു.

ചിത്രത്തിൽ രാവണനായി എത്തുന്ന കന്നഡ സൂപ്പർതാരം യഷും റൺബീറിന്റെ അഭിപ്രായത്തോട് യോജിച്ചു. സാങ്കേതികവിദ്യ എത്ര വളർന്നാലും മനുഷ്യനാണ് ഇതിന്റെയെല്ലാം കേന്ദ്രസ്ഥാനത്ത് എന്ന് നമ്മൾ തിരിച്ചറിയണമെന്നും, അത് എവിടെയൊക്കെ ഉപയോഗിക്കണം എന്ന കാര്യത്തിൽ കൃത്യമായ ജാഗ്രത വേണമെന്നും യഷ് ചൂണ്ടിക്കാട്ടി. മനുഷ്യർ എപ്പോഴും പുതിയ വഴികൾ കണ്ടെത്തുന്നവരാണെന്നും, യന്ത്രങ്ങൾക്ക് പോലും ചിന്തിക്കാൻ കഴിയാത്ത പുതിയ ആശയങ്ങളും സർഗ്ഗാത്മക സൃഷ്ടികളും നമ്മൾ ഇനിയും നിർമ്മിച്ചുകൊണ്ടിരിക്കുമെന്നും യഷ് പറഞ്ഞു.

'രാമായണ' രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ റൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, യഷ് രാവണനായുമാണ് വേഷമിടുന്നത്. ഏകദേശം 4,000 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം വിഎഫ്എക്സ് മികവിലും നിർമ്മാണത്തിലും പുതിയ ചരിത്രമെഴുതാനൊരുങ്ങുകയാണ്. ഹോളിവുഡ് സംഗീതജ്ഞൻ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ഒന്നിച്ചാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം ഈ വർഷം നവംബറിലും രണ്ടാം ഭാഗം 2027-ലും തിയേറ്ററുകളിലെത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ranbir Kapoor believes AI cannot replace human creativity and art in cinema., Yash agrees that humans remain at the center of filmmaking despite technological advancements., Ramayana is made on a 4,000 crore budget and releases in November of this year.