പെരുമാറ്റവൈകല്യമുള്ള കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്കും വേണം കൗണ്‍സിലിങ്ങും പിന്തുണയും

പ്രതീകാത്മകചിത്രം/ SHUTTER STOCK
പ്രതീകാത്മകചിത്രം/ SHUTTER STOCK

ചെയ്ത തെറ്റിനെയോര്‍ത്ത് കുറ്റബോധമോ പശ്ചാത്താപമോ തോന്നാത്തവരുണ്ട്. പുതിയ കാലത്തെ വാര്‍ത്തകള്‍ കുട്ടികളിലും ഇത്തരം പ്രവണത ഉള്ളതായി സൂചിപ്പിക്കുന്നു. എന്താണ് ഇതിന് കാരണം. മറ്റുള്ളവര്‍ കടന്നുപോകുന്ന അവസ്ഥയെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ കഴിവാണ് എംപതി അഥവാ സഹാനുഭൂതി. സഹാനുഭൂതിയില്ലാതെ വളരുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരുടെ വേദനകള്‍ മനസ്സിലാക്കാന്‍ കഴിയില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നത് ഗുരുതരമായ കുറ്റകൃത്യ പ്രവണതയെയാണെന്ന് അവര്‍ അറിയുന്നുമില്ല.  

കാരണങ്ങള്‍

  •  പലപ്പോഴും ഇത്തരക്കാര്‍ ഇരകളെ വിനോദത്തിനുള്ള ഉപകരണങ്ങളായിട്ടായിരിക്കും കാണുക. സാമൂഹ്യമാധ്യമങ്ങളില്‍ തമാശരൂപേണയുള്ള വ്യക്തി അധിക്ഷേപങ്ങളും ബുള്ളിയിങ്ങും പ്രാങ്കുകളും ചെയ്യുന്ന വീഡിയോകള്‍ പലപ്പോഴും ട്രെന്‍ഡിങ് ആകാറുണ്ട്. ഇതെല്ലാം കുട്ടികളുടെ മനസ്സിനെ തെറ്റായ രീതിയില്‍ സ്വാധീനിക്കുന്നു. മറ്റുള്ളവരെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത് നോര്‍മല്‍ ആണെന്ന ധാരണ ഈ വീഡിയോകള്‍ സൃഷ്ടിക്കുന്നുണ്ട്.
  •   സഹപാഠികളുടെയോ സമപ്രായക്കാരായ സുഹൃത്തുക്കളുടെയോ ഇടയില്‍ തന്റേതായ സ്ഥാനം കണ്ടെത്താനും അവരില്‍നിന്ന് അംഗീകാരം നേടാനും ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്ന കുട്ടികളുമുണ്ട്. ഗ്രൂപ്പ് മെന്റാലിറ്റി, പിയര്‍ പ്രെഷര്‍ എന്നൊക്കെ അതിനെ വിളിക്കാം. ഇത്തരം കൂട്ടുകെട്ടുകളില്‍ അകപ്പെട്ടുകഴിഞ്ഞാല്‍ ധാര്‍മികമായ അതിര്‍വരമ്പുകള്‍ മറക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുന്നതും പേടിപ്പിക്കുന്നതും ഹീറോയിസമാണെന്ന ചിന്ത ഉണ്ടാവുകയും ചെയ്യുന്നു. 
  • വയലന്‍സ് രംഗങ്ങളുള്ള ഗെയിമുകള്‍, സിനിമകള്‍ എന്നിവയുടെ സ്വാധീനവും ചെറുതല്ല. വാര്‍ത്തകളില്‍ കാണുന്ന അക്രമസംഭവങ്ങള്‍പോലും കുട്ടികളെ സ്വാധീനിക്കാം. 
  •  കടുത്ത അപകര്‍ഷബോധവും മുന്‍കാല ദുരനുഭവങ്ങളുടെ ട്രോമകളും ഉള്ളവര്‍ ജീവിതത്തില്‍ തനിക്ക് ചില കാര്യങ്ങളിലെങ്കിലും നിയന്ത്രണമുണ്ടെന്ന് സ്ഥാപിക്കാന്‍ ഇത്തരം കുറ്റവാസനകള്‍ പ്രകടിപ്പിക്കാറുണ്ട്. 
  •  മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് അവഗണന നേരിടുന്ന കുട്ടികള്‍, കര്‍ശന നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടുന്നവര്‍, എന്നിവരിലും ഇത്തരം പെരുമാറ്റപ്രശ്‌നങ്ങള്‍ കാണാറുണ്ട്.
  •  സംഘര്‍ഷഭരിതമായ കുടുംബാന്തരീക്ഷം, മാതാപിതാക്കള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ, ശാരീരികമോ മാനസികമോ ആയി ഏല്‍ക്കേണ്ടിവരുന്ന പീഡനങ്ങള്‍, മാതാപിതാക്കളുടെ ലഹരി ഉപയോഗം... എന്നിവയൊക്കെയും  പെരുമാറ്റ വൈകല്യത്തിന് കാരണമായേക്കാം.
  •  ജനിതക കാരണങ്ങളാലും പെരുമാറ്റവൈകല്യങ്ങളുണ്ടാവാം. 

 
സഹാനുഭൂതി വളര്‍ത്താം

  •  കുട്ടികളില്‍ ചെറുപ്പത്തിലെ ധാര്‍മിക മൂല്യവും പൗരബോധവും വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. മാതാപിതാക്കള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. 
  •   കുട്ടിക്ക് പെരുമാറ്റപ്രശ്‌നങ്ങളുണ്ടെന്ന് തോന്നിയാല്‍ അവരെ തള്ളിക്കളയുകയോ പരിഹസിക്കുകയോ കഠിനമായ ശിക്ഷകളിലൂടെ തിരുത്താന്‍ ശ്രമിക്കുകയോ ചെയ്യരുത്. ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം തേടാം. 
  •   പെരുമാറ്റവൈകല്യമുള്ള കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്കും കൗണ്‍സിലിങ്ങും പിന്തുണയും ആവശ്യമാണ്.
  •   എല്ലാ കാര്യങ്ങളും അച്ഛനോടും അമ്മയോടും തുറന്നുസംസാരിക്കാനുള്ള ഇടം വീട്ടിലുണ്ടാവണം. 
  •   മാതാപിതാക്കള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതു കണ്ടാണ് കുട്ടികള്‍ വളരുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോസിറ്റീവായ രീതിയില്‍ അവയെ കൈകാര്യം ചെയ്യണമെന്ന് മാതാപിതാക്കളില്‍ നിന്നുവേണം കുട്ടികള്‍ പഠിക്കാന്‍. 
  •   മറ്റുള്ളവരോട് ദയ കാണിക്കാനും എല്ലാവരെയും ബഹുമാനിക്കാനും പഠിപ്പിക്കണം. തന്നോട് മോശമായി പെരുമാറുന്നവരോട് അകലം പാലിക്കാനുള്ള വഴികളും പറഞ്ഞുകൊടുക്കാം. 
  •   ഇന്റര്‍നെറ്റ് ഉപയോഗത്തിന് ആരോഗ്യകരമായ പരിധി നിര്‍ണയിക്കാം. 
  •   അഭിരുചിക്ക് ഇണങ്ങിയ ഹോബികളും മറ്റും കണ്ടെത്തി, അവ പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കാം. 
  •   മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ നിന്ന് ജീവിതത്തെ നോക്കിക്കാണാന്‍ അവരെ പ്രേരിപ്പിക്കണം. 
  •   കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്‌കൂളുകളിലായതിനാല്‍, അധ്യാപകര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്. ക്ലാസ്സില്‍ അക്രമവാസനയോ അധിക്ഷേപങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. ബുള്ളിയിങ്ങിനോ റാഗിങ്ങിനോ ഇരയായ കുട്ടികള്‍ക്ക് ഭയമില്ലാതെ അധികൃതരോട് പരാതിപ്പെടാനുള്ള സംവിധാനം എല്ലാ സ്‌കൂളുകളിലും ഉണ്ടായിരിക്കണം. 


കടപ്പാട്
അശ്വനി അനില്‍കുമാര്‍
സൈക്കോളജിസ്റ്റ്, എ.ബി.എ. തെറാപിസ്റ്റ്
പ്രയത്ന, കൊച്ചി

ഡോ. അരുണ്‍ ബി. നായര്‍
പ്രൊഫ. സൈക്യാട്രി
മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

Content Highlights: parenting tips how to take care of behavior changes in children