ദൃക്‌സാക്ഷികളായ രണ്ടു മക്കളെയും കൊന്നു; ഭാര്യയുടെയും മക്കളുടെയും മൃതദേഹത്തിനൊപ്പം മൂന്നുദിവസം

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ദൃക്‌സാക്ഷികളായ രണ്ടു മക്കളുടെയും ജീവനെടുത്തു. കൊലപാതകത്തിനുശേഷം മൂന്നുരാത്രി ഇയാള്‍ മൃതദേഹങ്ങള്‍ക്കൊപ്പം കഴിയുകയും ചെയ്തു. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തുവരുന്നത്.
32-കാരനായ രാം ലഗന്‍ എന്നയാളാണ് 30 വയസ്സുള്ള ഭാര്യ ജ്യോതിയെയും ആറും മൂന്നും വയസ്സുള്ള മകള്‍ പായല്‍, മകന്‍ ആനന്ദ് എന്നിവരെയും കൊലപ്പെടുത്തിയത്. ഏഴുവര്‍ഷം മുമ്പായിരുന്നു രാം ലഗന്റെയും ജ്യോതിയുടെയും വിവാഹം. വിവാഹേതരബന്ധം സംശയിച്ചിരുന്ന രാം ലഗന്‍ ഭാര്യയുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതും ഇരുവര്‍ക്കുമിടയില്‍ വഴക്കുകളുണ്ടാവുന്നതും പതിവായിരുന്നു. കുട്ടികള്‍ തന്റേതുതന്നെയാണോയെന്നും ഇയാള്‍ സംശയിച്ചിരുന്നു. മാര്‍ച്ച് 28-നും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ശേഷം കിടന്നുറങ്ങിയ ഭാര്യയെ സാരികൊണ്ട് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. പിന്നാലെ മക്കളെയും.
ബിജ്‌നോര്‍ മേഖലയില്‍ ഇവര്‍ വാടകയ്ക്കു താമസിച്ച സ്ഥലത്തുവെച്ചായിരുന്നു കൊല. ശേഷം പ്രതി രാത്രി അതേ മുറിയില്‍ കിടന്നുറങ്ങി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ദൈനംദിനകാര്യങ്ങള്‍ അതേപോലെ തുടര്‍ന്നു. പിറ്റേന്നു രാവിലെ പതിവുപോലെ സരോജിനി നഗറില്‍ ജോലിക്കുപോയി. രാത്രി മടങ്ങിവരികയും ചെയ്തു. മൂന്നുദിവസം ഇതു തുടര്‍ന്നു. ആള്‍ത്തിരക്കുള്ള മേഖലയായതിനാല്‍ മൃതശരീരം പുറത്തേക്കു കൊണ്ടുപോവാന്‍ ഇയാള്‍ക്ക് സാധിച്ചില്ല.
അതിനിടെ, വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍ക്കാര്‍ പരാതിപ്പെട്ടു. ഇക്കാര്യം വീട്ടുടമസ്ഥന്റെയും ശ്രദ്ധയില്‍പെട്ടതോടെ വീടുകയറി പരിശോധിക്കുകയും മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. നാട്ടുകാര്‍ അറിയച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പോലീസിന്റെ പ്രാഥമികപരിശോധനയിൽ സംഭവം കൊലപാതകമാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രതിയെ ഞായറാഴ്ച പോലീസ് അറസ്റ്റുചെയ്തു, ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയക്കുകയും ചെയ്തു.
കല്‍പ്പണിക്കാരനാണ് രാം ലഗന്‍. മുംബൈയിലെ കല്യാണ്‍പുരില്‍ ജോലി ചെയ്യവേ 14 വര്‍ഷം മുമ്പാണ് ജ്യോതിയെ പ്രണയിച്ചതും പിന്നീട് വിവാഹം കഴിച്ചതും. പിന്നീടിവര്‍ ലഖ്‌നൗവിലേക്ക് മാറി.
Content Highlights: Lucknow Man Strangles Wife, Then Kills His Eyewitness Children