
ഗര്‍ഭകാലത്ത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണം ഒരുപോലെ പ്രധാനപ്പെട്ടതാണ്. 2-3% സ്ത്രീകളിലും ഗര്‍ഭകാലത്ത് കുഞ്ഞിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ വളരെയധികം കരുതല്‍ ഈ കാലഘട്ടത്തില്‍ നല്‍കേണ്ടതുണ്ട്.
ഗര്‍ഭകാലത്തെ ആദ്യത്തെ മൂന്ന് മാസം മുതല്‍ തന്നെ പരിശോധനകള്‍, ഭക്ഷണം, മരുന്നുകള്‍ എന്നിവ അമ്മയുടെയും കുഞ്ഞിന്റെയും നിലവിലെ ആരോഗ്യസ്ഥിതി അനുസരിച്ച് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. അതില്‍ ഏറ്റവും അടിസ്ഥാനപരമായ ഒന്നാണ് സ്‌കാനിങ്. പൊതുവെ മൂന്നോ നാലോ സ്‌കാനിങ് പല മാസങ്ങളിലായി ഒരു ഗര്‍ഭിണിക്ക് നടത്താറുണ്ട്. ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തില്‍ കുഴപ്പങ്ങളുണ്ടോ എന്ന് നേരത്തേ തന്നെ കണ്ടെത്താന്‍ വേണ്ടിയാണ് ഇവ ചെയ്യാറുള്ളത്.
എന്താണ് അനോമലി സ്‌കാനിങ് അഥവാ TIFFA സ്‌കാനിങ്?
മറ്റ് സ്‌കാനിങ്ങുകള്‍പോലെ തന്നെ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് അനോമലി സ്‌കാനിങ്. ഇതിനു TIFFA (ടാര്‍ഗെറ്റഡ് ഇമേജിങ് ഫോര്‍ ഫീറ്റസ് അനോമലീസ്) സ്‌കാന്‍, ലെവല്‍ II സ്‌കാന്‍, 20-വീക്ക് അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നും പേരുകളുണ്ട്.
എന്നാല്‍ അനോമലി സ്‌കാനിങ്ങിനെ വ്യത്യസ്തമാക്കുന്നത് ഇത് കുട്ടിയുടെ അവയവങ്ങളും രൂപവും അടുത്ത് കാണാന്‍ സഹായിക്കുന്നു എന്നതാണ്. സാധരണയായി ഗര്‍ഭകാലത്തിന്റെ 18-20 ആഴ്ചകള്‍ക്കിടയ്ക്കാണ് അനോമലി സ്‌കാന്‍ ചെയ്യാറ്, അതായത് രണ്ടാം ട്രിമെസ്റ്ററില്‍. കാരണം, ഈ കാലയളവിലാണ് കുട്ടിയുടെ ശരീരഭാഗങ്ങളും ആന്തരികാവയവങ്ങളും തൊണ്ണൂറ് ശതമാനവും വളര്‍ച്ച പ്രാപിച്ചിട്ടുണ്ടാവുക.
അനോമലി സ്‌കാനിങ്ങിലൂടെ എന്തെല്ലാം കാര്യങ്ങള്‍ അറിയാന്‍ സാധിക്കും?
ഗര്‍ഭസ്ഥ ശിശുവിന്റെ ശാരീരിക വികാസം, വളര്‍ച്ച, സ്ഥാനം, വൈകല്യങ്ങള്‍ എന്നിവ വളരെ സൂക്ഷ്മമായിത്തന്നെ അനോമലി സ്‌കാനിങ്ങിലൂടെ കണ്ടെത്താനാകും. ഡൗണ്‍ സിന്‍ഡ്രോം പോലെയുള്ള അസുഖങ്ങളും അതുപോലെ ജന്മനാ ഉള്ള ഹൃദ്രോഗങ്ങളില്‍ അമ്പത് ശതമാനവും ഇത്തരം സ്‌കാനിങ്ങിലൂടെ അറിയാന്‍ കഴിയും.
കുഞ്ഞിന്റെ തലച്ചോറ് വളരെ അടുത്ത് കാണുവാന്‍ സാധിക്കുന്നു. ഇതുമൂലം തലച്ചോറില്‍ ഉണ്ടാകുന്ന അസാധാരണമായ വളര്‍ച്ചകളും മറ്റും അനോമലി സ്‌കാനിങ്ങിലൂടെ നമുക്ക് തിരിച്ചറിയാം. നാഡീവ്യൂഹങ്ങള്‍, ചെറുനാഡികള്‍, എല്ലുകള്‍ എന്നിവയുടെ നിരീക്ഷണം എളുപ്പമാക്കുന്നു. സ്‌കാനിങ്ങില്‍ ഗര്‍ഭസ്ഥശിശുവിന് എന്തെങ്കിലും കാര്യമായ തകരാറുകള്‍ കണ്ടുപിടിക്കുകയാണെങ്കില്‍ അതിനു തക്കതായ മരുന്നുകളോ, മാര്‍ഗങ്ങളോ, ചികിത്സകളോ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശിക്കാന്‍ സാധിക്കുകയും ചെയ്യും.
അനോമലി സ്‌കാന്‍ വേദനാജനകമാണോ?
അനോമലി സ്‌കാന്‍ മറ്റ് അള്‍ട്രാസൗണ്ട് സ്‌കാനിങ്ങുകള്‍ പോലെ തന്നെ തികച്ചും വേദനരഹിതമാണ്. സ്‌കാനിങ് ചെയ്യുന്നത് വളരെ പരിചയസമ്പത്തുള്ള റേഡിയോളജിസ്റ്റായിരിക്കും. അള്‍ട്രാസൗണ്ട് സ്‌കാനുകള്‍ ഭ്രൂണത്തിനോ, ഗര്‍ഭിണിക്കോ, കുട്ടികള്‍ക്കോ, മുതിര്‍ന്നവര്‍ക്കോ ഒരുതരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അനോമലി സ്‌കാന്‍ ഒരു അള്‍ട്രാസൗണ്ട് സ്‌കാന്‍ ആയതിനാല്‍ ഇത് തികച്ചും സുരക്ഷിതമാണ്.
അനോമലി സ്‌കാന്‍ റിപ്പോര്‍ട്ട്
വളരെ വിശദമായ അനോമലി സ്‌കാന്‍ റിപ്പോര്‍ട്ടാണ് ലഭിക്കുക. ഇതില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ പ്രധാനപ്പെട്ട വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. കുഞ്ഞിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍, അളവുകള്‍, അമ്നിയോട്ടിക് ദ്രവത്തിന്റെ അളവ്, പ്ലാസന്റയുടെ സ്ഥാനം, കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിഗതികള്‍, വളര്‍ച്ച, വികാസം എന്നിവ അനോമലി സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും. സാധാരണഗതിയില്‍ സ്‌കാനിങ് നടത്തിയ അതേ ദിവസമോ അതല്ലെങ്കില്‍ പിറ്റേ ദിവസമോ ആയിരിക്കും അനോമലി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കുക.
Content Highlights: How many scans are needed in pregnancy
Published: 01 Apr 2024, 11:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented