50 പേർ ബലാത്സംഗം ചെയ്തത് ജിസേൽ അറിഞ്ഞില്ല, ഭാര്യയെ ബലാത്സംഗം ചെയ്യാൻ അയാൾ നിബന്ധനകൾ വെച്ചു

ജിസേല്‍ പെലികോട്ട് / Shutterstock
ജിസേല്‍ പെലികോട്ട് / Shutterstock

ഫ്രാന്‍സിലെ മസാനിൽ നടന്ന ആ ക്രൂരകൃത്യത്തെപ്പറ്റി 2020-നുശേഷമാണ് ലോകമറിയുന്നത്. മസാനിൽ താമസിച്ചിരുന്ന ഡൊമിനിക് പെലികോട്ട് എന്നയാള്‍ സ്വന്തം ഭാര്യയായ ജിസേലിനെ അവർ പോലുമറിയാതെ  ബലാത്സംഗം ചെയ്യാന്‍ പലര്‍ക്കും കൈമാറി. 2011 മുതല്‍ 2020 വരെ നീണ്ട ക്രൂരകൃത്യം ജിസേല്‍ അറിഞ്ഞില്ലെങ്കിലും പോലീസ് അത് കണ്ടെത്തുകയായിരുന്നു. ഒമ്പത് വര്‍ഷത്തിനിടയില്‍ 50-ലേറെ പേരാണ് ജിസേലിനെ ബലാത്സംഗം ചെയ്തത്.  

ഭാര്യയെ മറ്റുള്ളവർ ബലാത്സംഗം ചെയ്യുന്നത് ഡൊമിനിക് നോക്കിനില്‍ക്കും. വീഡിയോ പകര്‍ത്തുകയും ചെയ്യും. ഭാര്യയുമായി ശാരീരികബന്ധത്തിന് എത്തുന്നവര്‍ ചില നിബന്ധനകള്‍ പാലിക്കണമെന്നും ഡൊമിനിക് ആവശ്യപ്പെട്ടിരുന്നു. ഉറക്കെ സംസാരിക്കരുത്, വീട്ടിലെ അടുക്കളയില്‍വെച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റണം, പെര്‍ഫ്യൂം ഉപയോഗിക്കരുത്, പുകവലിക്കരുത്, കൈകള്‍ ചൂടുവെള്ളത്തില്‍ കഴുകണം...ഇതൊക്കെയായിരുന്നു നിബന്ധനകള്‍. ഓണ്‍ലൈനിലൂടെയായിരുന്നു ഡൊമിനിക് ഇടപാടുകള്‍ നടത്തിയിരുന്നത്. 

ഉറക്കഗുളികകളും ഉത്കണ്ഠ അകറ്റാനുള്ള മരുന്നുകളും നല്‍കി ഭാര്യയെ മയക്കിയശേഷമാണ് ആളുകളെ ഡൊമിനിക് വീട്ടിലേക്ക് ക്ഷണിച്ചത്. അതിനെത്തുടര്‍ന്ന് ജിസേലിന് ഓര്‍മക്കുറവും ഗൈനക് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായി. ലൈംഗികരോഗങ്ങളും അവരെ പിടികൂടി.

സംഭവം പുറത്തറിയുന്നത് 2020-ലാണ്. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഒളിക്യാമറവെച്ച് സ്ത്രീകള്‍ വസ്ത്രംമാറുന്ന ചിത്രങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ ഡൊമിനിക് അറസ്റ്റിലായി. അന്വേഷണത്തിന്റെ ഭാഗമായി ഡൊമിനിക്കിന്റെ കമ്പ്യൂട്ടര്‍ പരിശോധിച്ചപ്പോഴാണ് ഒരു സ്ത്രീയുടെ വീഡിയോ പോലീസ് കണ്ടെടുക്കുന്നത്. അബ്യൂസ് എന്ന് പേരിട്ട ഫോള്‍ഡറില്‍ 300-ലേറെ വീഡിയോയും ചിത്രങ്ങളുമാണ് ഇയാള്‍ സൂക്ഷിച്ചത്. അത് ഡൊമിനിക്കിന്റെ ഭാര്യ ജിസേല്‍ ആണെന്ന് അറിഞ്ഞപ്പോള്‍ പോലീസ് ഞെട്ടി. ജിസേലിനെ ഇക്കാര്യങ്ങളെല്ലാം അറിയിച്ചു. എന്നിട്ടും അവരത് വിശ്വസിച്ചില്ല. ഭര്‍ത്താവ് മാന്യനാണെന്നും ഇങ്ങനെ ചെയ്യില്ലെന്നുമാണ് അവര്‍ പറഞ്ഞത്. ഒടുവില്‍ പോലീസ് വീഡിയോ കാണിച്ചുകൊടുത്തു. ഇത്രയും കാലം ഭര്‍ത്താവ് അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ അവര്‍ തകര്‍ന്നുപോയി. 

വര്‍ഷങ്ങളായി താന്‍ ഇരയാക്കപ്പെടുകയായിരുന്നെന്ന് തിരിച്ചറിഞ്ഞ ജിസേല്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. അതനുവദിച്ചുകിട്ടുകയും ചെയ്തു. ''ഒരു കീറിയ പാവയായോ മാലിന്യമിടുന്ന ബാഗായോ ആണ് ഡൊമിനിക് എന്നെ ഇതുവരെ കരുതിയത്'', ജിസേല്‍ പറയുന്നു.

കേസിപ്പോള്‍ കോടതിയിലാണ്. ഡൊമിനിക് ഉള്‍പ്പെടെ പ്രതികളെല്ലാം അറസ്റ്റിലായി. 26 മുതല്‍ 74 വയസ്സ് വരെയുള്ളവരാണ് പ്രതികളിൽ ഫയര്‍ഫൈറ്റര്‍, പത്രപ്രവര്‍ത്തകര്‍, ട്രക്ക് ഡ്രൈവര്‍മാര്‍, ജയിലധികാരി, നഴ്‌സ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടങ്ങിയവരുണ്ട്. 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്. ജിസേലിന്റെ സമ്മതമുണ്ടെന്ന് ഡൊമിനിക് തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചിലര്‍ പറഞ്ഞു. ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവിന്റെ സമ്മതം മതിയെന്നും അതുകൊണ്ടാണ് തങ്ങളിത് ചെയ്തതെന്നുമാണ് ചില പ്രതികളുടെ വാദം. 

പങ്കാളികളെ കൈമാറുന്നതിനോട് തനിക്ക് താത്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ ഭാര്യ അതിന് സമ്മതിക്കാത്തിനാലാണ് ഇങ്ങനെ ചെയ്തതെന്നും ഡൊമിനിക് പറയുന്നു. ചെറുപ്പകാലത്ത് താനും ഇതുപോലുള്ള അതിക്രമങ്ങള്‍ക്ക് ഇരയായിരുന്നുവെന്നും അതിന്റെ ആഘാതവും തന്നെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചുവെന്നും അയാള്‍ വാദിക്കുന്നു. കേസ് നടക്കുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് ജിസേലിന് പിന്തുണയുമായി നഗരത്തിലെത്തിയത്.

ഫ്രാന്‍സില്‍ ഇത്തരം കേസുകളില്‍ കോടതിവ്യവഹാരങ്ങള്‍ സ്വകാര്യമായി നടത്താനുള്ള അവകാശമുണ്ടെങ്കിലും, പരസ്യവിചാരണ നടത്താനായിരുന്നു ജിസേലിന് ആഗ്രഹം. മുഖം മറയ്ക്കാതെയാണ് ജിസേല്‍ കോടതിയിലെത്തിയത്. തന്റെ മുഖം മറയ്ക്കണമെന്ന് കരുതുന്നില്ലെന്ന് അവര്‍ പറയുന്നു. തനിക്കെതിരെ നടന്ന അന്യായം ലോകത്തിനുമുന്നില്‍ തുറന്നുകാണിക്കണമെന്നാണ് ആഗ്രഹമെന്നും ദ്രോഹിച്ചവരാണ് ലജ്ജിക്കേണ്ടതെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. 

ജിസേലിന് 19-ഉം ഡൊമിനിക്കിന് 21-ഉം വയസ്സുള്ളപ്പോഴായിരുന്നു ഇവരുടെ വിവാഹം. സാമ്പത്തികപ്രതിസന്ധിയും മറ്റ് പ്രശ്‌നങ്ങളുമുണ്ടായെങ്കിലും, തന്റെ ജീവിതത്തിലെ പ്രണയമെന്നാണ് ഡൊമിനിക്കിനെ ജിസേല്‍ കരുതിയത്. മൂന്നുമക്കളും ഏഴ് പേരക്കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. 2013-ലാണ് കുടുംബം മസാനിലെത്തുന്നത്. അവിടെവന്നശേഷം ജിസേല്‍ പെട്ടെന്ന് രോഗബാധിതയായി. ഭാരം കുറയാനും മുടി കൊഴിയാനും തുടങ്ങി. ഓര്‍മക്കുറവും. ഡൊമിനിക് തന്നെയാണ് ഡോക്ടറെ കാണിക്കാന്‍ മുന്‍കൈ എടുത്തത്. ''എനിക്ക് ബ്രെയിന്‍ ട്യൂമറോ അല്‍ഷൈമേഴ്‌സിന്റെ തുടക്കമോ ആണെന്നാണ് കരുതിയത്''. എത്ര ചികിത്സിച്ചിട്ടും ഫലമുണ്ടായില്ല. അതൊക്കെ ഡൊമിനിക് ഭക്ഷണത്തില്‍ കലര്‍ത്തി കൊടുത്തിരുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളാണെന്ന് പിന്നീടാണ് ജിസേലിന് മനസ്സിലായത്. 

Content Highlights: life of gisele pelicot, who was drugged by husband and raped by strangers