‘നെപ്പോ കിഡ്‌സിനും ഭാരങ്ങളുണ്ട്, സിനിമാ പാരമ്പര്യമില്ലാത്ത ഒരാള്‍ക്ക് ഒരു താരപുത്രനെക്കാള്‍ എളുപ്പമാണ് സിനിമാരംഗത്ത് ഇടംനേടാന്‍’

ഹിന്ദി സിനിമാ വ്യവസായത്തില്‍ അഭിനേതാക്കളുടെ സഹായിസംഘത്തിന്‌റെ ഉയര്‍ന്ന ചെലവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമായിരിക്കുന്ന സമയമാണിത്. പുതുമുഖങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്ന കാരണങ്ങളിലൊന്ന് ടീമുകളുടെ ഈ ഉയര്‍ന്ന ചെലവാണെന്ന് തുറന്നുപറയുകയാണ് സംവിധായിക കിരണ്‍ റാവു. കഴിഞ്ഞ വര്‍ഷം 'ലാപതാ ലേഡീസ്' എന്ന ചിത്രത്തിലൂടെ നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, സ്പര്‍ശ് ശ്രീവാസ്തവ എന്നീ മൂന്ന് പുതിയ അഭിനേതാക്കളെയാണ് അവര്‍ അവതരിപ്പിച്ചത്. അതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായിക.
''സ്വാഭാവികമായും, അവര്‍ ഒരു സ്വതന്ത്ര സിനിമയുടെ സാഹചര്യത്തിന് അനുയോജ്യരായിരുന്നു. ഞാന്‍ സിനിമകള്‍ ചെയ്യുന്നത് ആ രീതിയിലാണ്. 'ധോബി ഘട്ടി'ല്‍ നിന്ന് 'ലാപതാ ലേഡീസി'ലേക്ക് എത്തിയപ്പോള്‍ ബജറ്റ് വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും എന്റെ സിനിമാ നിര്‍മ്മാണം അതിന്റെ അന്തസത്തയില്‍ വളരെ സ്വതന്ത്രമാണ്.
സെറ്റിലെ എല്ലാവരോടും ഒരുപോലെ പെരുമാറുക എന്നതാണ് ആശയം. ന്യായമായ പ്രവൃത്തിസമയം നല്‍കുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഒപ്പം കാര്യങ്ങള്‍ പാഴാക്കാതെ, കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ച് കഴിയുന്നത്ര ഒതുക്കത്തോടെ കാര്യങ്ങള്‍ ചെയ്യാനും ശ്രമിക്കുന്നു. പുതിയ അഭിനേതാക്കള്‍ക്ക് ഈ നിയമങ്ങള്‍ പാലിക്കാന്‍ വളരെ എളുപ്പമാണ്'' അവര്‍ പറയുന്നു.
''നെപ്പോ കിഡ് എന്ന് വിളിക്കപ്പെടുന്ന ഒരാള്‍ ഈ രംഗത്തേക്ക് വരുമ്പോള്‍, അവര്‍ക്ക് ഒഴിവാക്കാനാവാത്ത ചില ഭാരങ്ങളുണ്ട്. മറ്റുള്ള കുട്ടികള്‍ക്ക് ലഭ്യമല്ലാത്ത എന്തോ കുറുക്കുവഴികളിലൂടെയാണ് അവരെത്തുന്നത് എന്ന രീതിയിലാണ് ആളുകള്‍ അവരെ നിരന്തരം കാണുന്നത്. എനിക്കിപ്പോള്‍ ഒരുപാട് സിനിമാ കുടുംബങ്ങളെ അറിയാം. മിക്ക കേസുകളിലും അവരുടെ യാത്ര എത്ര കഠിനവും ചിലപ്പോള്‍ അത്രത്തോളം തന്നെ ബുദ്ധിമുട്ടുള്ളതുമാണെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ നേരിടുന്ന തടസ്സങ്ങള്‍ വ്യത്യസ്തമാണ്''
''മറ്റേതൊരു പുതിയ നടന്റെ കാര്യത്തിലും, അയാളെക്കുറിച്ച് ഒരു മുന്‍ധാരണയുമില്ല. ആളുകള്‍ അയാളോടൊപ്പം വളരാനും അവരുടെ കഴിവുകള്‍ മനസ്സിലാക്കാനും ബലഹീനതകളെ സ്‌നേഹിക്കാനും തയ്യാറാണ്. എന്നാല്‍ ഒരു നെപ്പോ കിഡിനെ അവര്‍ സമീപിക്കുന്നത് വ്യത്യസ്തമായ കാഴ്ചപ്പാടുകളോടും പ്രതീക്ഷകളോടും കൂടിയാണ്.
ഒരു സിനിമാകുടുംബത്തില്‍ നിന്നുള്ള ഏതൊരു കുട്ടിക്കും നേരിടേണ്ടിവരുന്ന കാര്യങ്ങളാണിവ. പലപ്പോഴും അവർക്ക് വിജയിക്കാന്‍ ഒരുപാട് സിനിമകള്‍ വേണ്ടിവരും. ക്യാമറയ്ക്ക് മുന്നില്‍ മിക്ക താരപുത്രന്മാരുടെയും യാത്ര അതാണ്'' കിരണ്‍ റാവു പറയുന്നു.
ഒരു താരപുത്രനെക്കാള്‍ സിനിമാപാരമ്പര്യമില്ലാത്ത ഒരാള്‍ക്ക് സിനിമാരംഗത്ത് ഇടം നേടാന്‍ എളുപ്പമാണോ എന്ന് ചോദിച്ചാല്‍, കിരണിന്റെ ഉത്തരം അതെ എന്നാണ്. ''ഞാന്‍ യഥാര്‍ത്ഥത്തില്‍ അതിനോട് യോജിക്കുന്നു. ഇന്നത്തെ ലോകത്ത് ആളുകള്‍ കഴിവുകളെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.
ഇതാ ഒരു നടന്‍ എന്ന് പറഞ്ഞ് ഒരാളെ അവതരിപ്പിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല. അവര്‍ക്ക് താരങ്ങളെക്കുറിച്ചും അവരുടെ മക്കളെക്കുറിച്ചും ആകാംക്ഷയുണ്ട്, അതേസമയം ഒരാളെ താരമാക്കുന്നതിന് ഉത്തരവാദിത്തബോധവുമുണ്ട്''
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: filmmaker kiran rao explains why she prefers working with newcomers, citing the high costs of established actor support teams in bollywood. she discusses the challenges faced by `nepo kids` versus fresh faces.