പ്രസവത്തിന് ശേഷം ആദ്യമായി കത്രീന കൈഫ് ക്യാമറയ്ക്ക് മുന്നിൽ; വിഹാൻ എവിടെയെന്ന് ചോദ്യം

2025 നവംബർ 7-നാണ് കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞുണ്ടായത്. വിഹാൻ എന്നാണ് അവർ കുഞ്ഞിന് പേരിട്ടത്. കുഞ്ഞിനെ വരവേറ്റശേഷം പലപ്പോഴും പല പൊതുചടങ്ങുകളിലും വിക്കി കൗശൽ പ്രത്യക്ഷപ്പെട്ടിരുന്നു. അച്ഛനായശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് പല പൊതുപരിപാടികളിലും സംസാരിക്കുകയും ചെയ്തിരുന്നു.
പക്ഷേ, കത്രീന അതിനുശേഷം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതേയില്ല. അമ്മയായതിനുശേഷം കത്രീന കൈഫ് ക്യാമറകളിൽ നിന്നെല്ലാം അകന്ന് സ്വകാര്യ സമയം ആസ്വദിക്കുകയായിരുന്നു. ഒരിക്കൽ തന്റെ ഫിറ്റ്‌നെസ് ട്രെയിനറെ കാണാനുള്ള യാത്രയ്ക്കിടയിൽ, കാറിൽവെച്ച് കത്രീന പാപ്പരാസികളുടെ ക്യാമറയ്ക്കുമുന്നിൽ പെട്ടിരുന്നു. എന്നാൽ അവർക്കായി പോസ് ചെയ്യാൻ കത്രീന തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിക്കിയും കത്രീനയും ഒരുമിച്ച് എത്തിയിരിക്കുകയാണ്. മുംബൈ വിമാനത്താവളത്തിൽവെച്ചാണ് താരദമ്പതികൾ ക്യാമറകൾക്കായി പോസ് ചെയ്തത്. ചെറുപുഞ്ചിരിയോടെയാണ് ഇരുവരും പാപ്പരാസികളുടെ ക്യാമറകൾക്കുമുന്നിൽ നിന്നത്. 'സ്‌റ്റൈലിഷ് എൻട്രി' എന്നാണ് താരങ്ങളുടെ വരവിനെ സോഷ്യൽമീഡിയ വിശേഷിപ്പിക്കുന്നത്. ബ്ലാക്ക് ടോപ്പും ഓവർസൈസ് ബ്ലാക്ക് ട്രെഞ്ച് സ്‌റ്റൈൽ കോട്ടും അതിനു യോജിച്ച ബോട്ടവുമാണ് കത്രീന ധരിച്ചത്. ഒപ്പം സൺഗ്ലാസസും. വിക്കിയാണെങ്കിൽ ബ്ലാക്ക് ടീഷർട്ടും ട്രൗസേഴ്‌സും. അതിനൊപ്പം ബ്രൗൺ സ്യൂഡെ ജാക്കറ്റും. വീഡിയോ പുറത്തുവന്നതോടെ ആരാധകർ കമന്റുകളുമായെത്തി. 'കത്രീനയെ ഒരുപാട് മിസ് ചെയ്തു, മമ്മി ഗ്ലോ, വിവാന്റെ ക്യൂട്ട് പാരന്റ്‌സ്, വിവാൻ എവിടെ?...'കമന്റുകൾ നീളുന്നു.
2021-ൽ രാജസ്ഥാനിലെ ഒരു റിസോർട്ടിൽവെച്ചാണ് വിക്കിയും കത്രീനയും വിവാഹിതരായത്. നാലുവർഷങ്ങൾക്കുശേഷം കുഞ്ഞ് ജനിച്ചു. ഗർഭധാരണവും പ്രസവവുമൊക്കെയായി സിനിമയിൽനിന്ന് മാറിനിൽക്കുകയാണ് കത്രീന കൈഫ്. 2024-ൽ വിജയ് സേതുപതിക്കൊപ്പം 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിലാണ് കത്രീന അവസാനമായി അഭിനയിച്ചത്. 'ലവ് ആന്റ് വാർ' എന്ന സിനിമയാണ് വിക്കിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Katrina Kaif and Vicky Kaushal make their first public appearance since the birth of their son, Vihan. The couple was spotted at Mumbai airport, drawing significant social media attention.