കത്രീന കൈഫിന്റെ സിനിമകളിലെല്ലാം ഒട്ടേറെ നല്ല പാട്ടുകളുണ്ടായിട്ടുണ്ട്. അതിലെ അവരുടെ നൃത്തരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതുപോലൊന്നാണ് 'ധൂം 3'യിലെ 'കമ്‌ലി' എന്ന പാട്ട്. സ്റ്റണ്ടുകളും നൃത്തച്ചുവടുകളുമെല്ലാമുള്ള പാട്ടാണിത്. എന്നാൽ, അതിൽ കത്രീന കൈഫ്, ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്ന ചർച്ചകൾ കുറേനാളായി നടക്കുന്നുണ്ട്. ആ പാട്ടുസീനിൽ കത്രീനയ്ക്ക് പകരമെത്തിയത് കൊറിയോഗ്രാഫർ ശക്തി മോഹൻ എന്നായിരുന്നു പലരുടെയും വാദം. അതിനെല്ലാമുള്ള ഉത്തരവുമായി വന്നിരിക്കുകയാണ് ഇപ്പോൾ ശക്തി.

To advertise here,

കത്രീനയ്ക്ക് പകരം സ്റ്റണ്ടുകൾ ശക്തിയാണോ ചെയ്തത് എന്ന ചോദ്യത്തിന് അവരുടെ മറുപടിയിങ്ങനെ, ''ഡാൻസ് ഇന്ത്യ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ എത്രകാലമായി ഞാനുണ്ട്? അതിൽ ഞാൻ സ്റ്റണ്ടുകൾ ചെയ്യുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? കൂടാതെ, കത്രീന കൈഫിന്റെ ബോഡി ഡബിൾ ആകണമെങ്കിൽ, എനിക്ക് അതുപോലുള്ള വളരെ വ്യത്യസ്തമായ ഒരു സ്‌കിൻ ടോൺ വേണ്ടേ? എന്റെ സ്‌കിൻ ടോണും ഉയരവും അവരുമായി ഒട്ടും പൊരുത്തപ്പെടുന്നില്ല. എനിക്ക് എങ്ങനെ അവരുടെ ബോഡി ഡബിൾ ആകാൻ കഴിയും?''
 

കൊറിയോഗ്രാഫറായ വൈഭവി മർച്ചന്റാണ് ആ പാട്ടിനായി കൊറിയോഗ്രഫി ചെയ്തതെന്നും ശക്തി പറയുന്നു. ''ആ സെറ്റിൽ ഞാനുണ്ടായിരുന്നു. പാട്ടിന്റെ സമയത്ത് ഞാൻ വൈഭവി മർച്ചന്റിനെ സഹായിക്കുകയായിരുന്നു. ഞാൻ ഒരു നൃത്തസംവിധായകയായി ജോലി ചെയ്യാൻ തുടങ്ങുന്നതിനു മുമ്പായിരുന്നു അത്. പക്ഷേ അതിലെ ചുവടുകളെല്ലാം ആരെങ്കിലും അവരെ പഠിപ്പിക്കണമായിരുന്നു. അങ്ങനെ ഒന്നര മാസമാണ് ഞങ്ങൾ റിഹേഴ്‌സൽ നടത്തിയത്''.

അതിലെ ചിത്രീകരണത്തെക്കുറിച്ചും ശക്തി ഓർത്തെടുത്തു. ''കത്രീന വന്നപ്പോഴേക്കും എല്ലാവർക്കും വല്ലാത്ത സമ്മർദമായിരുന്നു. ഞാനൊരു പ്രൊഫഷണൽ നർത്തകിയായിരുന്നിട്ടും ഒരു സമ്മർദമുണ്ടായിരുന്നു. കാരണം അത്ര മനോഹരമായിട്ടാണ് കത്രീന നൃത്തം ചെയ്യുന്നത്. ഒരു സ്‌റ്റെപ്പിനുപിന്നാലെ അടുത്തതായി അവർ ചെയ്തുകൊണ്ടേയിരുന്നു. സ്റ്റണ്ടുകൾക്ക് മാത്രം ഒരു ഡ്യൂപ്പിനെ ഉപയോഗിച്ചു. ഫ്രാൻസിൽനിന്നുള്ള സ്ത്രീയായിരുന്നുവത്''.

എന്നാൽ, പലയിടങ്ങളിലും ബോഡി ഡബിൾ വേണ്ടെന്ന് കത്രീന ഉറപ്പിച്ചുപറഞ്ഞെന്നും ശക്തി വെളിപ്പെടുത്തുന്നു. ''കുറേ കഠിനമേറിയ ഭാഗമുണ്ടായിരുന്നു. ബാക്ക് ആർച്ചും മറ്റും. പക്ഷേ കത്രീന പിൻമാറിയില്ല. അവരുടെ ശരീരം മുഴുവൻ അതുകഴിയുമ്പോഴേക്കും ചതവുകളായിരുന്നു. വളരെ കഠിനാധ്വാനിയാണ് കത്രീന''.

ആമിർ ഖാൻ, അഭിഷേക് ബച്ചൻ എന്നിവരും 'ധൂം 3'യിൽ പ്രധാനകഥാപാത്രങ്ങളായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi