സമ്മര്‍ദ്ദം താങ്ങാനാവാതെ എന്നും അമ്മയെ വിളിച്ച് കരയുമായിരുന്നു; വികാരാധീനയായി ജെമീമ റോഡ്രിഗസ്

ജമീമ റോഡ്രിഗസ് / PTI
ജമീമ റോഡ്രിഗസ് / PTI

ഇന്ത്യന്‍ വനിതാ ടീം അവരുടെ മൂന്നാം ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. മത്സരവിജയം കുറിച്ച പ്രകടനത്തിന് മുന്നോടിയായി താന്‍ നേരിട്ട വൈകാരിക വെല്ലുവിളികളെക്കുറിച്ച് ഇന്ത്യന്‍ ബാറ്റര്‍ ജെമീമ റോഡ്രിഗസ് മനസ്സ് തുറന്നു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ താന്‍ ഉത്കണ്ഠയിലൂടെ കടന്നുപോയെന്നും സമ്മര്‍ദ്ദം താങ്ങാനാവാതെ അമ്മയെ വിളിച്ച് കരയുമായിരുന്നു എന്നും അവര്‍ വെളിപ്പെടുത്തി. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജെമീമയുടെ ഗംഭീരമായ ഫോമിലേക്കുള്ള തിരിച്ചുവരവായിരുന്നു ഇത്.

ന്യൂസിലന്‍ഡിനെതിരെയും പിന്നീട് ഓസ്ട്രേലിയയ്ക്കെതിരെയും പുറത്താകാതെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അവര്‍ ഫോം വീണ്ടെടുത്തത്. ഡോ. ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാറ്റ് കൊണ്ട് ഗംഭീര പ്രകടനം കാഴ്ചവെച്ച ജെമീമ തന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറിയും (134 പന്തില്‍ 127 റണ്‍സ്) നേടി. ഓസ്ട്രേലിയന്‍ സ്പിന്നര്‍ സോഫി മോളിന്യൂക്‌സിന്റെ പന്തില്‍ വിജയറണ്‍ നേടിയ ശേഷം ജെമീമ ഏറെ വികാരാധീനയായി.

മത്സരശേഷം, താന്‍ അടുത്തിടെ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും വലിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തന്റെ കഴിവില്‍ ഒരിക്കലും വിശ്വാസം നഷ്ടപ്പെട്ടിരുന്നില്ലെന്നും അവര്‍ സംസാരിച്ചു. 'ഞാനിവിടെ വളരെ ദുര്‍ബലയായി സംസാരിക്കുകയാണ്. കാരണം ഇത് കാണുന്ന ആരെങ്കിലും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടാകാം എന്ന് എനിക്കറിയാം. ഇത് പറയുന്നതിന്റെ എന്റെ ഉദ്ദേശ്യവും അതുതന്നെയാണ്.' ജെമീമ പത്രസമ്മേളനത്തില്‍ പറഞ്ഞു.

'ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഞാന്‍ കടുത്ത ഉത്കണ്ഠയിലൂടെയാണ് കടന്നുപോയത്. ചില കളികള്‍ക്ക് മുന്‍പ് ഞാന്‍ അമ്മയെ വിളിച്ച് ഒരുപാട് കരയുമായിരുന്നു. എല്ലാം കരഞ്ഞുതീര്‍ക്കുമായിരുന്നു. കാരണം നിങ്ങള്‍ ഉത്കണ്ഠയിലൂടെ കടന്നുപോകുമ്പോള്‍, എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്ക് അറിയില്ല. നിങ്ങള്‍ നിങ്ങളായിരിക്കാന്‍ ശ്രമിക്കും. ഈ സമയത്ത്, എന്റെ അമ്മയും അച്ഛനും എന്നെ ഒരുപാട് പിന്തുണച്ചു.'

'കൂടാതെ, അരുന്ധതി റെഡ്ഡി ഉണ്ടായിരുന്നു. മിക്കവാറും എല്ലാ ദിവസവും ഞാന്‍ അവളുടെ മുന്നില്‍ കരഞ്ഞിട്ടുണ്ട്. പിന്നീട് ഞാന്‍ തമാശയായി പറഞ്ഞു, നീ എന്റെ മുന്നില്‍ വരരുത്, ഞാന്‍ കരയാന്‍ തുടങ്ങും. പക്ഷേ അവള്‍ എല്ലാ ദിവസവും എന്റെ കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. പിന്നെ എന്നെ സഹായിച്ച്‌ സ്മൃതി മന്ഥാന ഉണ്ടായിരുന്നു. ഞാന്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് അവര്‍ക്കും അറിയാമായിരുന്നു. ചില നെറ്റ് സെഷനുകളില്‍ അവര്‍ അവിടെ നില്‍ക്കുമായിരുന്നു. ഇന്നലെയും വന്നു. അവിടെ നിന്നു, അധികമൊന്നും സംസാരിച്ചില്ല, പക്ഷേ ആ സാന്നിധ്യം എനിക്ക് പ്രധാനമാണെന്ന് അവള്‍ക്കറിയാം.'

'കുടുംബം എന്ന് വിളിക്കാന്‍ കഴിയുന്ന സുഹൃത്തുക്കളെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് ഇതിലൂടെ തനിച്ച് കടന്നുപോകേണ്ടി വന്നില്ല. സഹായം ചോദിക്കുന്നത് തെറ്റല്ല. എന്റെ കുടുംബം ഒരുപാട് അനുഭവിച്ചു. ചിലപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത് പിടിച്ചുനില്‍ക്കുക എന്നത് മാത്രമാണ്, അപ്പോള്‍ കാര്യങ്ങള്‍ ശരിയാകും. എനിക്കുവേണ്ടി കൂടെ നിന്ന ആളുകളോട് ഞാന്‍ വളരെ നന്ദിയുള്ളവളാണ്, കാരണം എനിക്കിത് തനിയെ ചെയ്യാന്‍ കഴിയില്ലായിരുന്നു', അവര്‍ കൂട്ടിച്ചേര്‍ത്തു.

ജെമീമയുടെ വീരോചിത പ്രകടനം ആതിഥേയരായ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചു. ആദ്യമായി ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ടീം ഞായറാഴ്ച നേരിടും. ഇതോടെ ഒരു പുതിയ ടീം വനിതാ ലോകകപ്പ് കിരീടം ആദ്യമായി സ്വന്തമാക്കുമെന്ന് ഉറപ്പായി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: indian batter jemimah rodrigues reveals emotional struggles, anxiety, and support systems that fueled her comeback and led India to the cricket world cup final. read her inspiring story.