'ഒരു സൂപ്പർസ്റ്റാറിന്റെ മകനോ, മുഖ്യമന്ത്രിയുടെ മകനോ'; സഞ്ജയ്‌യുടെ മറുപടിയിങ്ങനെ

ഫോട്ടോ: Instagram
ഫോട്ടോ: Instagram

തന്റെ ആദ്യസിനിമയായ 'സിഗ്മ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് ജേസൺ സഞ്ജയ്. സിനിമയിലെ മുഖ്യതാരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ആവേശത്തോടെയാണ് ആളുകൾ പങ്കെടുക്കുന്നത്. അതിനിടെ പല യൂട്യൂബ് ചാനലുകൾക്കും മാധ്യമങ്ങൾക്കും ജേസൺ അഭിമുഖങ്ങൾ നൽകുന്നുമുണ്ട്. അതിലെല്ലാം കുടുംബവുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടിവരുന്നുമുണ്ട്. അച്ഛനെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ട്. അതിനെല്ലാം വളരെ ശാന്തമായി, പക്വതയോടെ മറുപടി പറയുന്ന ജേസണെയാണ് പല അഭിമുഖങ്ങളിലും കാണുന്നത്.

ഇപ്പോൾ ഗലാട്ട പ്ലസിന് അദ്ദേഹം നൽകിയ അഭിമുഖമാണ് വൈറലാവുന്നത്. തന്റെ സിനിമ കാണുമ്പോൾ പ്രേക്ഷകർ തന്നെ എങ്ങനെയാകും വിലയിരുത്തുക എന്നതിനെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. തന്റെ കുടുംബത്തിന്റെ പാരമ്പര്യം എപ്പോഴും തന്റെ യാത്രയുടെ ഭാഗമായിരിക്കുമെന്ന് അദ്ദേഹം സമ്മതിച്ചു. എന്നിരുന്നാലും, തന്റെ പ്രവർത്തനങ്ങളിലൂടെ സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജേസൺ വ്യക്തമാക്കുന്നു.

'ആളുകൾ നിങ്ങളെ എങ്ങനെയാണ് കാണുന്നത്? ഒരു മുഖ്യമന്ത്രിയുടെ മകനായോ, സൂപ്പർസ്റ്റാറിന്റെ മകനായോ, അതോ ഒരു സംവിധായകൻ എന്ന നിലയിലോ?' എന്നതായിരുന്നു അദ്ദേഹത്തിനുനേരെ വന്ന ഒരു ചോദ്യം. അതിന് ജേസൺ നൽകിയ മറുപടിയിങ്ങനെ, ''ഞാനതിനെക്കുറിച്ച് എപ്പോഴും ചിന്തിക്കാറുണ്ട്. സ്വാഭാവികമായും എന്റെ കുടുംബത്തിന്റെ പാരമ്പര്യം എന്നെന്നും നിലനിൽക്കും. ഒപ്പം, അടുത്തകാലത്തായി നടന്നുവരുന്ന രാഷ്ട്രീയ മാറ്റങ്ങളും ശ്രദ്ധേയമാണ്. അതേസമയം, ഞാൻ എന്റെ സിനിമ ചെയ്യുന്നതിലൂടെ ഈ മേഖലയിൽ സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. 'സിഗ്മ' എന്ന ചിത്രം പുറത്തിറങ്ങിയ ശേഷം, ആ സിനിമയുടെ വിജയവും ലഭിക്കുന്ന ശ്രദ്ധയും ഉപയോഗപ്പെടുത്തി സ്വന്തമായൊരു ഐഡന്റിറ്റി കെട്ടിപ്പടുക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കും''.

അതേസമയം, തന്റെ കുടുംബത്തിന്റെ നിഴലിൽ നിന്ന് തന്റെ പ്രവർത്തനങ്ങളെ വേറിട്ട് കാണണമെന്ന് ജേസൺ ആഗ്രഹിക്കുന്നു. ''ഞാൻ എന്റേതായ ഒരു ചെറിയ വൃത്തത്തിനുള്ളിൽ നിന്ന് എന്റെ സിനിമ ചെയ്യുന്നു; സിനിമാമേഖലയിൽ എന്റേതായ ഒരിടം കണ്ടെത്താനും എന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഞാൻ ശ്രമിക്കുന്നു'', അദ്ദേഹം പറഞ്ഞു.

പ്രേക്ഷകർ 'സിഗ്മ' കണ്ടുതുടങ്ങുമ്പോൾ, തന്റെ കുടുംബപശ്ചാത്തലത്തേക്കാൾ ഉപരിയായി സിനിമയ്ക്കായിരിക്കും അവർ പ്രാധാന്യം നൽകുക എന്ന് ജേസൺ വിശ്വസിക്കുന്നു. ''സിനിമ തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽത്തന്നെ, 'സംവിധാനം: ജേസൺ സഞ്ജയ്' എന്നത് മാത്രമായിരിക്കും അവരുടെ ശ്രദ്ധയിൽപ്പെടുക. ഉപബോധമനസ്സിൽ അവർ അതിനെ ഒരു സിനിമയായിത്തന്നെയാകും കാണുക. എനിക്ക് ലഭിക്കുന്ന വിമർശനങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും, എന്റെ സൃഷ്ടിയിലൂടെയായിരിക്കും ഞാൻ ആരാണെന്ന് തെളിയിക്കപ്പെടുക'', അദ്ദേഹം പറഞ്ഞു.

'ഒരു സംവിധായകൻ എന്ന നിലയിൽ നിങ്ങളുടെ പിതാവിന്റെ ഏത് ഗുണമാണ് നിങ്ങൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നത്?' എന്ന ചോദ്യത്തിന് ''അദ്ദേഹത്തിന്റെ നർമ്മബോധം എന്ന് ഞാൻ പറയും. അദ്ദേഹം തമാശകൾ അവതരിപ്പിക്കുന്നത് കാണാൻ എനിക്ക് വലിയ ഇഷ്ടമാണ്. അത്തരം സന്ദർഭങ്ങളിൽ അദ്ദേഹം വളരെ സ്വതന്ത്രനായും തികച്ചും സ്വാഭാവികമായുമാണ് പെരുമാറുന്നത്. വളരുന്ന കാലഘട്ടത്തിൽ വീട്ടിൽ വെച്ച് അദ്ദേഹത്തിന്റെ ആ വ്യക്തിപരമായ വശം ഞാൻ കണ്ടിട്ടുണ്ട്; അതുകൊണ്ട് തന്നെ, അദ്ദേഹത്തിനുള്ളിൽ ഒരു കുട്ടിയുടെ നിഷ്‌കളങ്കമായ സ്വഭാവം ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്കറിയാം''. ഒക്ടോബർ 2-നാണ് 'സിഗ്മ' തിയേറ്ററുകളിലെത്തുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Jason Sanjay addresses questions regarding his family background and superstar lineage. Discusses his debut directorial venture 'Sigma' releasing on October 2. Aims to build an independent identity through his cinematic work rather than relying on family shadows. Expresses admiration for his father's sense of humor and natural acting.