കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്താന്‍ ജാപ്പനീസ് പേരന്റിങ് ശൈലി

കുട്ടികളെ എങ്ങനെ വളര്‍ത്തണം, വളര്‍ത്തരുത് എന്നൊക്കെ നാട്ടുകാരുടെയും വീട്ടുകാരുടെയും ഉപദേശങ്ങള്‍ കേള്‍ക്കാത്ത മാതാപിതാക്കള്‍ ഉണ്ടാവില്ല. പുത്തന്‍ തലമുറ അച്ഛനമ്മമാരാണെങ്കില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പേരന്റിങ് നിര്‍ദേശങ്ങള്‍ കൂടി അവര്‍ക്കു ലഭിക്കുന്നുണ്ടാവും. സത്യത്തില്‍ കുട്ടികളെ എങ്ങനെ വളര്‍ത്താം എന്നതിന് കൃത്യമായ മാതൃകകളൊന്നുമില്ല.
ജെന്റില്‍ പേരന്റിങ്, പോസിറ്റീവ് പേരന്റിങ് എന്നിങ്ങനെ രീതികള്‍ പലതുമുണ്ടെങ്കിലും അവയില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായത് സ്വീകരിക്കുക എന്നതാണ് പേരന്റിങ്ങിലെ പൊതു തത്വം. ഉള്ള ഒന്നിനെ ഒലക്കക്ക് അടിച്ച് വളര്‍ത്തുന്ന കാലമൊക്കെ കഴിഞ്ഞു. തൊട്ടും തലോടിയുമാണ് ഇപ്പോഴത്തെ പേരന്റിങ് രീതികളെല്ലാം. എന്നാല്‍ അച്ചടക്കമുണ്ടാവുകയും വേണം. അത്തരത്തില്‍ സ്വീകരിക്കാവുന്ന ഒരു പേരന്റിങ് മാതൃകയാണ് ഷിസുക്കെ (shitsuke) എന്ന ജാപ്പനീസ് പേരന്റിങ് രീതി.
അച്ചടക്കമാണ് പ്രധാനം
അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കമല്ല, കുട്ടികളുടെ ഒപ്പം നിന്ന് സ്വയം അച്ചടക്കം പഠിക്കാന്‍ അവരെ സഹായിക്കുന്ന രീതിയാണ് ഇതില്‍ പ്രധാനം. നിര്‍ദേശിക്കുക, അത് പരിശീലിക്കുക എന്നതാണ് ഷിസുക്കെയുടെ രീതി. നല്ല ശീലങ്ങള്‍ പഠിക്കുകയാണ് ആദ്യ ഘട്ടം. മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുക, പരസ്പരം അഭിവാദ്യം ചെയ്യുക, എന്തെങ്കിലും കാര്യങ്ങള്‍ക്കായി കാത്തുനില്‍ക്കുമ്പോള്‍ തങ്ങളുടെ അവസരം വരുന്നതുവരെ ക്ഷമപാലിക്കുക തുടങ്ങിയ അടിസ്ഥാന മര്യാദകള്‍ മുതല്‍ കൃത്യനിഷ്ഠ, വൃത്തിയായും ഭംഗിയായും നടക്കുക തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾ വരെ കുട്ടികളെ കൃത്യമായി പരിശീലിപ്പിച്ചെടുക്കുകയാണ് ഈ പേരന്റിങ് രീതിയിലൂടെ.
മൈന്‍ഡ്ഫുള്‍ പേരന്റിങ് രീതിയിലെ പ്രോത്സാഹനം നല്‍കുക, കുട്ടികള്‍ക്ക് എപ്പോഴും ശ്രദ്ധ നല്‍കുക, അവരെ കേള്‍ക്കുക, ഒപ്പമുണ്ടാവുക... തുടങ്ങിയ ചില കാര്യങ്ങള്‍ കൂടി ഷിസുക്കെയില്‍ ഉള്‍പ്പെടുന്നുണ്ട്. അച്ചടക്കം, പരിശീലനം, ശീലങ്ങളുടെ രൂപികരണം എന്നീ ഘട്ടങ്ങളിലൂടെ കുട്ടികളെ കൊണ്ടുപോകുന്നതിനാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്. ഷിസുക്കെയില്‍ കുട്ടികള്‍ വേഗത്തില്‍ ശീലങ്ങള്‍പഠിച്ച് അവയുമായി പൊരുത്തപ്പെടുന്നുവെന്നത് മാത്രമല്ല പേരന്റിങ് സ്‌ട്രെസ്സ് കുറയ്ക്കാനും ഈ രീതി സഹായകമെന്ന് വിദഗ്ധര്‍ പറയുന്നു.
എന്താണ് ഗുണങ്ങള്‍
1. മുന്‍വിധികളില്ലാതെ കുട്ടികളെ ചേര്‍ത്തുനിര്‍ത്തി അവരുടെ സ്വഭാവരൂപികരണത്തിന് സഹായിക്കുകയാണ് ഈ പേരന്റിങ് ശൈലിയിലൂടെ മാതാപിതാക്കള്‍ ചെയ്യേണ്ടത്. ശാന്തശീലരും സൗമ്യരുമായിരിക്കും ഈ രീതിയില്‍ വളര്‍ത്തപ്പെട്ട കുട്ടികള്‍.
2. എടുത്തു ചാടി പ്രവര്‍ത്തിക്കുക, അമിതമായി ദേഷ്യപ്പെടുക എന്നിവ ഈ കുട്ടികളില്‍ കുറവായിരിക്കും. കാര്യങ്ങളെ അടുക്കും ചിട്ടയിലും ചെയ്യാന്‍ ഇവര്‍ക്ക് കഴിവുണ്ടാവും
3. സാമൂഹികമായ ഇടപെടലുകള്‍ ഒരു ദിനചര്യപോലെ കുട്ടികളെ ശീലിപ്പിക്കുകയാണ് ഇവിടെ. അതവരെ കൂടുതല്‍ അച്ചടക്കമുള്ളവരാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
4. ഇതൊരു സാമൂഹികമായ പേരന്റിങ് ശൈലിയാണെന്നും വിദ്ഗധര്‍ പറയുന്നു. കുട്ടിമാത്രമല്ല ചുറ്റുമുള്ളവരും ശാന്തമായും അച്ചടക്കത്തോടും കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. എങ്കിലേ ഷിസുക്കെ ശൈലിക്ക് ഫലമുണ്ടാകൂ. ജപ്പാനിലെ സ്‌കൂളുകളിലും കുടുംബങ്ങളിലും ഈ പേരന്റിങ് രീതി പരീക്ഷിച്ചുനോക്കി വിജയിച്ചവരുണ്ടെന്നാണ് പഠനങ്ങള്‍.
എങ്ങനെ പരിശീലിക്കാം
1. ചുറ്റുമുള്ളവരെ കണ്ടാണ് കുട്ടികള്‍ പലകാര്യങ്ങള്‍ പഠിക്കുന്നത്. അതുകൊണ്ട് രക്ഷിതാക്കള്‍ പ്രശ്‌നങ്ങളെ എത്ര സമാധാനപരമായി നേരിടുന്നുവോ അതേ രീതിയാവും കുട്ടികളും പിന്തുടരുക. ആദ്യം മാതാപിതാക്കള്‍ തന്നെ ക്ഷമയുടെ പാഠങ്ങള്‍ പഠിക്കണമെന്ന് ചുരുക്കം.
2. കുട്ടികളുടെ സ്വാതന്ത്ര്യത്തെപ്പറ്റി ഇന്നുമേറെ ചര്‍ച്ചകളും തര്‍ക്കങ്ങളുമുണ്ട്. ഷിസുക്കെ പേരന്റിങ്ങില്‍ കുട്ടികള്‍ക്കുള്ള നിയന്ത്രണങ്ങളും സ്വാതന്ത്ര്യവും കൃത്യമായ അതിര്‍വരമ്പുകള്‍ വെച്ച് നിശ്ചയിച്ചിട്ടുണ്ട്. മാത്രമല്ല അവരുടെ മനസ്സില്‍ സുരക്ഷാബോധം വളര്‍ത്താനും ഉത്കണ്ഠപോലുള്ളവയെ പരിഹരിക്കാനും മാതാപിതാക്കള്‍ പോസിറ്റീവ് ചിന്താഗതിയോടെ മുന്‍കൈയെടുക്കണം. അവരൊറ്റയ്ക്കല്ല എന്ന ഫീലിങ് എപ്പോഴും നല്‍കിക്കൊണ്ടിരിക്കണം.
3. ഓരോ കുട്ടിയെയും പ്രത്യേകം നിരീക്ഷിച്ച് അവരില്‍ ഇല്ലാത്ത മാനസികമായ കഴിവുകള്‍ കണ്ടെത്തി അവ പരിഹരിക്കാന്‍ ശ്രമിക്കണം. സോഷ്യല്‍ സ്‌കില്‍, ഇമോഷണല്‍ സ്‌കില്‍ എന്നിവ അതില്‍ ചിലതാണ്.
4. ശാരീരികമായ ശിക്ഷാനടപടികള്‍ പാടില്ല. ചെയ്തത് തെറ്റാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. സ്‌നേഹം കൊണ്ടുള്ള തല്ലും തലോടലുമെന്നാണ് ഇതിനെ ജാപ്പനീസ് വിദ്യാഭ്യാസ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi