‘വിവാഹമോചനസമയത്ത് കടുത്ത വിഷാദത്തിൽ അകപ്പെട്ടു; പല ടൂർണമെന്റും ഒഴിവാക്കി’

ഇന്ത്യൻ ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചാഹലും നർത്തകിയായ ധനശ്രീ വർമയും 2025 ഫെബ്രുവരിയിലാണ് വിവാഹമോചനം നേടുന്നത്. വിവാഹമോചനവും അതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളും പരസ്പരമുള്ള പഴിചാരലുകളുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ചും മറ്റും തുറന്നുപറയുകയാണ് യുസ്‌വേന്ദ്ര. ''എന്റെ ജീവിതത്തിലെ ഒരു അധ്യായമായിരുന്നു അത്, ഇപ്പോൾ അത് കഴിഞ്ഞു. ആ ഇടത്തിൽനിന്ന് ഞാൻ പുറത്തുകടന്നുകഴിഞ്ഞു. അവിടെ കുടുങ്ങിക്കിടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല'', താനും ധനശ്രീയും സ്വന്തം ജീവിതത്തിൽ സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''എന്റെ ജീവിതത്തിൽ ഞാൻ സന്തുഷ്ടനാണ്, അവൾ അവളുടെ ജീവിതത്തിൽ സന്തോഷവതിയാണ്. ഒരാളെ ദുരിതത്തിലാക്കിയാൽ മറ്റേയാൾക്ക് എന്താണ് ലഭിക്കുക?''
എന്നാൽ വിവാഹമോചനം തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടങ്ങളിലൊന്നാണെന്നും ചാഹൽ തുറന്നുപറഞ്ഞു. ''ഞാൻ വിഷാദത്തിൽ അകപ്പെട്ടു. ആ രോഗം എന്നെ പിടികൂടി. കഴിഞ്ഞവർഷത്തെ പല ടൂർണമെന്റുകളും ആ പേരിൽ ഒഴിവാക്കേണ്ടിവന്നു''.
അതിനിടെ വിവാഹശേഷം ആർ.ജെ.മഹ്‌വാഷുമായി ചാഹൽ പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. അതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞതിങ്ങനെ, ''ഞാൻ സിംഗിളാണ്''.
റിയാലിറ്റി ഷോ ആയ 'ദി 50'യിൽ പങ്കെടുക്കാനായി ഇരുവരെയും അണിയറപ്രവർത്തകർ സമീപിച്ചുവെന്നും സൂചനകളുണ്ടായിരുന്നു. ഇരുവരും ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Indian cricketer Yuzvendra Chahal candidly discusses his divorce from Dhanashree Verma, his struggles with depression, and missing tournaments