കരയുമോ, പേടിക്കുമോ, ഭക്ഷണം കഴിക്കുമോ? കുട്ടികളെ ആദ്യമായി സ്‌കൂളിലേക്ക് അയക്കുന്നതിന്റെ ആശങ്കയുണ്ടോ?

#റോസ് മരിയ വിൻസെന്റ്
ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌
ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

ചന്നംപിന്നം പെയ്യുന്ന മഴയും പുത്തനുടുപ്പും ബാഗും കുടയും ചിരിയും കരച്ചിലുമെല്ലാമായി സ്‌കൂൾ ദിനങ്ങൾ വീണ്ടുമെത്തുകയാണ്‌. ആദ്യമായി സ്‌കൂളിൽ പോകുന്നവരും അവധിക്കാലം അടിച്ചുപൊളിച്ചിട്ട് മടിയോടെ സ്‌കൂളിലേക്ക് തിരിച്ചുവരുന്നവരുമായി ആകെ ബഹളമയമാണ് ജൂൺ. പുത്തൻ പ്രതീക്ഷകളോടെ സ്‌കൂൾ തുറക്കൽ ആഘോഷമാക്കുമ്പോൾ മാതാപിതാക്കൾക്കും അധ്യാപകർക്കും ഒപ്പം കുട്ടികൾക്കും ശ്രദ്ധിക്കാൻ ഏറെക്കാര്യങ്ങളുണ്ട്.

ആദ്യമായി സ്‌കൂളിലേക്ക്
അത്രയും നാൾ അച്ഛനമ്മമാരുടെ ചിറകിനടിയിൽ ഒതുങ്ങിയിരുന്ന കുഞ്ഞ് വിശാലമായ ലോകത്തേക്ക് ഇറങ്ങുകയാണ് ഇനി. കുട്ടികളെ ആദ്യമായി സ്‌കൂളിലേക്ക് അയയ്ക്കുമ്പോൾ മാതാപിതാക്കൾക്ക് ആശങ്കകളേറെയാണ്. മാതാപിതാക്കളെ കാണാതെ ക്ലാസ്സിൽ ഇരിക്കുമോ, കരയുമോ, പേടിക്കുമോ, ഭക്ഷണം കഴിക്കുമോ.. അങ്ങനെ നൂറുകൂട്ടം സംശയങ്ങൾ. അതിനൊപ്പം മാറുന്ന ദിനചര്യകളും മൊത്തത്തിൽ വലച്ചുകളയും. എന്നാൽ പുതിയ ശീലങ്ങളുമായി പൊരുത്തപ്പെടാനും ആശങ്കകളകലാനും ഇരുകൂട്ടർക്കും സമയം ആവശ്യമായി വരും എന്നതും മനസ്സിലുറപ്പിക്കാം.

സ്‌കൂളിനെക്കുറിച്ച് കുട്ടിയോട് മുൻകൂട്ടി പറയാം
സ്‌കൂളിൽ പോകുന്നതിനുമുമ്പുതന്നെ സ്‌കൂളിനെപ്പറ്റി ഒരു ചിത്രം കുട്ടിയുടെ മനസ്സിലുണ്ടാക്കാം. അവിടെ കളിക്കാൻ കൂട്ടുകാരെക്കിട്ടും, ടീച്ചർക്ക് നല്ല സ്‌നേഹമാണ് എന്നൊക്കെപ്പറഞ്ഞ് പേടിമാറ്റാം. ടീച്ചർ അടിക്കും വികൃതി കാണിച്ചാൽ സ്‌കൂളിൽ നിന്ന് തിരിച്ചു വിളിക്കില്ല എന്നൊക്കെയുള്ള ഭീക്ഷണികൾ കുട്ടികളിൽ സ്‌കൂളിനോട് ഭയമുണ്ടാക്കും. അത്തരം നെഗറ്റീവ് കമന്റുകൾ ഒഴിവാക്കാം.

സ്‌കൂളിൽ പോയിത്തുടങ്ങുന്നതിനുമുമ്പ് സ്‌കൂൾ കാണാനായി കുട്ടിയെക്കൂട്ടി പോകാം. സ്‌കൂളിൽ പോകുന്ന മുതിർന്ന കുട്ടികളുടെ അനുഭവങ്ങൾ അവരോട് പങ്കുവയ്ക്കാനായി പറയാം. അച്ഛനും അമ്മയും വെറുതേ പറയുകയല്ല എന്നൊരു തോന്നൽ അതിലൂടെ കുട്ടികൾക്ക് ലഭിക്കും.

കുട്ടിക്കരച്ചിൽ സ്വാഭാവികം
കുട്ടികൾ ആദ്യമായി സ്‌കൂളിൽ എത്തുമ്പോൾ അവർ കരയുന്നതും തിരിച്ച് പോകാനായി ശ്രമിക്കുന്നതും പിന്നീടുള്ള ദിവസങ്ങളിൽ സ്‌കൂളിൽ പോകാൻ മടിക്കുന്നതും സ്വാഭാവികമാണ്. സെപ്പറേഷൻ ആങ്‌സൈറ്റി പോലുള്ള പ്രശ്‌നങ്ങളും പലകുട്ടികൾക്കും ഉണ്ടാകാറുണ്ട്. സ്‌കൂളിൽ എന്തിനും അനുവാദം ചോദിക്കേണ്ടി വരുന്നതും സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതുമൊക്കെ കുട്ടികൾക്ക് സ്‌കൂളിനോടുള്ള ഇഷ്ടക്കേടിന് കാരണമാകാറുണ്ട്.

പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ അല്പംകൂടി സമയം കുട്ടിക്ക് കൊടുക്കുക. മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് ടെൻഷൻ ഉണ്ടാകുന്ന അവസ്ഥ മാതാപിതാക്കൾ ഒഴിവാക്കുക. അവിടെ കൂട്ടുകാർക്കൊപ്പം കളിക്കാനും, പാട്ടുകൾ പഠിക്കാനും ഒക്കെ അവസരം ഉണ്ടെന്നും അത് പഠിച്ചു കഴിഞ്ഞയുടൻ വീട്ടിലേക്കു കൊണ്ടുപോകാൻ മാതാപിതാക്കൾ എത്തുമെന്നും കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക.

മുൻകൂട്ടി പഠിപ്പിക്കാം
സ്‌കൂളിലേക്കോ പ്രീസ്‌കൂളിലേക്കോ കുട്ടികൾ പോകാനൊരുങ്ങും മുൻപ്തന്നെ ചിലകാര്യങ്ങൾ അവരെപ്പഠിപ്പിക്കാം. ശുചിമുറി ഉപയോഗിക്കേണ്ടി വന്നാൽ അത് ആയയോട് ചോദിക്കാനും വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം തനിയെ കുടിക്കാനും ഭക്ഷണം സ്വയം കഴിക്കാനുമൊക്കെ പഠിച്ചിരിക്കുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. ടീച്ചറും മാതാപിതാക്കളും ചേർന്ന് കുട്ടിയെ ക്ഷമയോടെ കൈകാര്യം ചെയ്യാനും ശ്രമിക്കണം.

പഠിക്കാൻ കഴിയുന്നുണ്ടോ
മാതാപിതാക്കൾ രണ്ടുപേരും ജോലി ചെയ്യുന്നവർ ആണെങ്കിൽ നിങ്ങളുടെ ജോലി സമയത്തെ വലിയരീതിയിൽ ബാധിക്കാത്ത വിധത്തിലുള്ള പ്രവൃത്തിസമയമുള്ള സ്‌കൂൾ കുട്ടിക്കായി കണ്ടെത്തുക. കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ശ്രദ്ധിക്കുക. കുട്ടിക്ക് ശ്രദ്ധക്കുറവോ അടങ്ങി ഇരിക്കാൻ ബുദ്ധിമുട്ടോ നേരിടുന്നുവെങ്കിൽ കാരണം കണ്ടെത്തി വിദഗ്ധസഹായം തേടാം.

കുട്ടിക്ക് അക്ഷരങ്ങൾ ഉറയ്ക്കുന്നില്ല എന്നത് പല മാതാപിതാക്കളുടെയും പരാതിയാണ്. എന്നാൽ എട്ട് വയസ്സിനു ശേഷവും എഴുത്തിലും വായനയിലുമുള്ള ബുദ്ധിമുട്ട്, അക്ഷരത്തെറ്റ് കൂടാതെ എഴുതാൻ കഴിയാതിരിക്കുക, കണക്കു ചെയ്യാൻ ബുദ്ധിമുട്ട് വരിക എന്നിവയുണ്ടെങ്കിൽ കുട്ടിക്ക് പഠനവൈകല്യം ഉണ്ടോ എന്നറിയാൻ വിദഗ്ധനിർദേശം തേടാം.

അവർ പറയുന്നതു കേൾക്കാം
സ്‌കൂളിൽ നടന്ന കാര്യങ്ങളും സുഹൃത്തുക്കളുടെ വിശേഷങ്ങളും നേരിട്ട പ്രശ്‌നങ്ങളുമെല്ലാം രക്ഷിതാക്കളുമായി പങ്കുവെക്കാൻ കുഞ്ഞുങ്ങൾ ആഗ്രഹിക്കുന്നുണ്ടാവും. അതിനായി സമയം നീക്കിവയ്ക്കണം. എന്നും അവരോട് സ്‌കൂളിലെ വിശേഷങ്ങൾ ചോദിക്കാം. ചെറുപ്രായം മുതൽ ഇത്തരമൊരു ശീലമുണ്ടാക്കുന്നത് മുതിരുമ്പോഴും മാതാപിതാക്കൾ അവരുടെ സുരക്ഷിതമായ ഇടമാണെന്ന തോന്നൽ കുട്ടികളിൽ ഉണ്ടാക്കും. അധ്യാപകരിൽ നിന്നുണ്ടാവുന്ന വേർതിരിവുകളെയും സഹപാഠികളുടെ കളിയാക്കലുളെയും നിസ്സാരമായി കാണാതിരിക്കുക.

സ്‌കൂളിൽ സുഹൃത്തുക്കളുമായുണ്ടാകുന്ന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ അവരെ സ്വയംപര്യാപ്തരാക്കാം. എന്നിട്ടും തീരാത്ത പ്രശ്‌നങ്ങളിൽ മാത്രം മാതാപിതാക്കൾ ഇടപെടുന്നതാണ് നല്ലത്.

അമിതപ്രതീക്ഷകൾ അടിച്ചേൽപ്പിക്കണ്ട
എല്ലാവിഷയത്തിനും എല്ലാക്കാര്യത്തിനും തന്റെ മക്കൾ മുൻപന്തിയിലാവണമെന്ന വാശിവേണ്ട. അവർക്കിഷ്ടമുള്ള കാര്യങ്ങൾ, പാട്ടോ, നൃത്തമോ, വരയോ അങ്ങനെയുള്ളവ ചെയ്യാനും പ്രോത്സാഹിപ്പിക്കാം. ചെറിയ കുട്ടികളിൽ പലരും എഴുത്തും വായനയുമൊക്കെ പതിയെയാവും പഠിക്കുക. അവർക്ക് അവയൊക്കെ പഠിച്ചെടുക്കാനുളള സമയം നൽകാം. കുട്ടികളെ താരതമ്യം ചെയ്യുന്നതും ശരിയല്ല. എല്ലാക്കുട്ടികളും ഒരുപോലെയല്ല എന്നത് ഓർക്കാം.

കൃത്യനിഷ്ഠ ശീലിപ്പിക്കണം

സ്‌കൂളിൽ പോയിത്തുടങ്ങിയാൽ ഉറങ്ങാനും ഉണരാനുമെല്ലാം സമയനിഷ്ഠപാലിക്കാൻ അവരെ പ്രേരിപ്പിക്കാം. സ്‌കൂൾ തുറക്കുന്നതിന് രണ്ടോ മൂന്നോ ആഴ്ച മുന്നേതന്നെ അത്തരം ശീലങ്ങൾ തുടങ്ങുന്നത് നല്ലതാണ്. ഡിജിറ്റൽ ഗാഡ്‌ജെറ്റുകളുടെ ഉപയോഗത്തിൽ നിയന്ത്രണം വയ്ക്കാം. എല്ലാ ദിവസവും പഠിപ്പിച്ചവ പഠിക്കുന്നുണ്ടോ ഹോം വർക്കുകൾ ചെയ്യുന്നുണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Prepare children mentally by discussing school positively before the start date. Acknowledge that separation anxiety is natural and requires patience