നീണ്ട അവധിക്കാലം കഴിഞ്ഞ് സ്‌കൂളിലേക്ക് പോകുന്നതിന്റെ മടിയിലും ആലസ്യത്തിലുമാണ് പല കുട്ടികളും. ദിനചര്യകളെല്ലാം വീണ്ടും തുടങ്ങാനും പഠനം ട്രാക്കിലേക്കെത്താനും ചിലകാര്യങ്ങൾ ശ്രദ്ധിക്കാം.

എല്ലാദിവസവും പഠിക്കുക എന്നതാണ് പ്രധാനം. ഒന്നും മാറ്റിവയ്‌ക്കേണ്ട. വിഷയാടിസ്ഥാനത്തിൽ തുടക്കം മുതൽ ഒരു ടൈംടേബിൾ ഉണ്ടാക്കി പഠനമേശയ്ക്ക് സമീപം ഒട്ടിച്ചുവെയ്ക്കാം. ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയവും മാറ്റി വയ്ക്കണം. ടൈംടേബിളിൽ പഠിക്കാനുള്ള സമയത്തിനൊപ്പം കളിക്കാനും വിശ്രമിക്കാനുമുള്ള സമയവും ക്രമീകരിക്കണം. വിശ്രമവേളകളിൽ അധികവായനയ്ക്കും സമയം കണ്ടെത്താം. ശനി, ഞായർ ദിവസങ്ങളിൽ അതാത് ആഴ്ചകളിലെ പാഠഭാഗങ്ങൾ റിവിഷൻ ചെയ്യുകയും പോയിന്റുകൾ ഒരു നോട്ടുബുക്കിൽ കുറിച്ചുവെയ്ക്കുകയും ചെയ്യാം.

പ്രയാസം തോന്നുന്ന വിഷയങ്ങൾ കൂട്ടുകാരോട് പങ്കുവെച്ച് പഠിക്കാം. പഠിച്ച വിവരങ്ങൾ ക്ലാസ്സിലെ കൂട്ടുകാർക്ക് പറഞ്ഞുകൊടുക്കാം. അവർ പഠിച്ച കാര്യങ്ങൾ നിങ്ങളോടും ചർച്ച ചെയ്യട്ടെ. നിങ്ങളറിയാതെ തന്നെ സൗഹൃദവും മൂല്യബോധവും നിങ്ങളിലേക്ക് പകരുകയും ചെയ്യും.

കൃത്യമായി ടൈംടേബിളുണ്ടാക്കി പഠിച്ചുപോകുന്ന കുട്ടികൾക്ക് ടെൻഷൻ വളരെ കുറവായിരിക്കും. പരീക്ഷയിൽ കുറയുന്ന ഒന്നോ രണ്ടോ മാർക്കിനെക്കുറിച്ച് വേവലാതിയേ വേണ്ട. എല്ലാവിഷയങ്ങളും എല്ലാവർക്കും എളുപ്പമാവണമെന്നില്ല. ഹൈസ്‌കൂൾ തലത്തിൽ തന്നെ ഇഷ്ടമുള്ള വിഷയങ്ങൾ കണ്ടെത്തി അതിൽ കൂടുതൽ ശ്രദ്ധനൽകാം. ഇത് ഉന്നതപഠനത്തിലേക്കുള്ള ചുവടുവയ്പാകും.

പ്രഭാതഭക്ഷണം കഴിക്കാതെ സ്‌കൂളിലെത്തിയാൽ ക്ഷീണവും ഉന്മേഷക്കുറവും പിടികൂടും. ആവശ്യമായ വെള്ളവും ഭക്ഷണവും കുട്ടികൾ കഴിക്കുന്നുണ്ടോ എന്ന് മാതാപിതാക്കളും ഉറപ്പുവരുത്തണം. ജങ്ക്ഫുഡുകൾ ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ശീലിപ്പിക്കണം. രാത്രി ഉറക്കമൊഴിച്ച് പഠനം വേണ്ട. ഏഴുമണിക്കൂറെങ്കിലും നിർബന്ധമായും ഉറങ്ങുക.

മൊബൈലും ഇന്റർനെറ്റും ചാനലുകളും നമ്മുടെ സമയം കവർന്നെടുക്കാൻ അനുവദിച്ചുകൂടാ. പ്രൊജക്ടുകൾക്കായി സ്‌കൂൾ ലൈബ്രറികൾ പ്രയോജനപ്പെടുത്താം. അധ്യാപകരും മാതാപിതാക്കളും അതിനെ പ്രോത്സാഹിപ്പിക്കുകയും വേണം. ഡിജിറ്റൽ ഗാഡ്‌ജെറ്റുകളിൽ ചെലവഴിക്കാൻ സമയക്രമീകരണം നിർബന്ധമാണ്. ഉറങ്ങാൻ പോകുന്നതിനുമുമ്പ് മൊബൈൽ നോക്കുന്ന സ്വഭാവം ഒഴിവാക്കാം.

സ്‌കൂളിലെ വിശേഷങ്ങൾ അച്ഛനോടും അമ്മയോടും പങ്കുവെയ്ക്കുന്ന കാര്യവും മറക്കേണ്ട. ക്ലാസ്സിലുണ്ടാവുന്ന ചെറിയ വികൃതികളും തമാശകളുമൊക്കെ അവരും ആസ്വദിക്കട്ടെ. ക്ലാസിലെ കൂട്ടുകാരെപ്പോലെ അവരെയും നിങ്ങളുടെ കൂട്ടുകാരാക്കിയാൽ ആശങ്കകളില്ലാതെ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് മുന്നേറാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi