“നെപ്പോകിഡ്സിനോട് ആളുകള്‍ക്കുള്ള നിരാശ എനിക്ക് മനസ്സിലാകും; കഷ്ടപ്പെട്ടിട്ടില്ലാത്തവർ പോലും എന്തെങ്കിലും കാര്യത്തിൽ നിന്ന് ഒരു കഷ്ടപ്പാടിൻ്റെ കഥയുണ്ടാക്കാൻ ശ്രമിക്കുന്നു.”

സംവിധായിക, അഭിനേത്രി, തിരക്കഥാകൃത്ത്, നിർമാതാവ്, കൊറിയോഗ്രാഫർ തുടങ്ങി ബോളിവുഡിലെ ശക്തമായ സാന്നിധ്യമാണ് ഫറാ ഖാൻ. തൻ്റെ കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലത്തെക്കുറിച്ചും, ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും, കുടുംബത്തോടൊപ്പം ഒറ്റമുറി വീട്ടിൽ താമസിച്ചതിനെക്കുറിച്ചുമെല്ലാം ഫറാ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അടുത്തിടെ സാനിയ മിർസയുടെ 'സേർവിങ് ഇറ്റ് അപ്പ് വിത്ത് സാനിയ' എന്ന പോഡ്കാസ്റ്റിൽ അതിഥിയായി എത്തിയ ഫറാ, നെപ്പോ കിഡ്സിനോട് പുറത്തുനിന്നുള്ളവർക്ക് തോന്നുന്ന നിരാശയെക്കുറിച്ച് തനിക്ക് മനസ്സിലാക്കാനാകുമെന്നും, തൻ്റെ വിജയങ്ങൾക്കിടയിലും ഇപ്പോഴും സാമ്പത്തികമായി സുരക്ഷിതയല്ലെന്ന് തോന്നാറുണ്ടെന്നും ഫറാ തുറന്നു പറഞ്ഞു.
തൻ്റെ സാമ്പത്തിക പ്രയാസങ്ങളാണോ ഇന്നത്തെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയതെന്ന് സാനിയ ചോദിച്ചപ്പോൾ ഫറായുടെ മറുപടി ഇങ്ങനെയായിരുന്നു.
“ഇപ്പോഴും എനിക്ക് പണത്തിൻ്റെ കാര്യത്തിൽ ഒരു സുരക്ഷിതത്വമില്ലായ്മയുണ്ട്. എനിക്ക് മനസ്സമാധാനത്തോടെ ഇരിക്കണമെങ്കിൽ സാമ്പത്തികമായി സുരക്ഷിതയായിരിക്കണം, അതാണ് എൻ്റെ ഒരേയൊരു അരക്ഷിതാവസ്ഥ. ജോലി തുടരാനുള്ള ആ പ്രചോദനം എപ്പോഴും എന്നിലുണ്ട്. ഞാനിപ്പോൾ സജീവമായി സിനിമ സംവിധാനം ചെയ്യുന്നില്ലായിരിക്കാം, പക്ഷേ എൻ്റെ കരിയറിൻ്റെ തുടക്കകാലത്തേക്കാൾ കഠിനമായി ഞാനിപ്പോൾ ജോലി ചെയ്യുന്നുണ്ട്. വലിയ സമ്പന്നനായിരുന്ന അച്ഛൻ വളരെ പെട്ടെന്ന് ദരിദ്രനാകുന്നത് ഞാൻ കണ്ടു, വർഷങ്ങളോളം അന്നത്തെ അപ്പത്തിനുവേണ്ടി ഞങ്ങൾ കഷ്ടപ്പെട്ടിട്ടുണ്ട്.”
ആളുകൾ ജീവിതത്തിൽ വിജയിച്ചവരുടെ കഥകളെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് സംസാരിക്കവെ ഫറാ കൂട്ടിച്ചേർത്തു, “ഇന്നത്തെ കാലത്ത് എല്ലാവർക്കും ഒരു കഷ്ടപ്പാടിൻ്റെ കഥ വേണം. യഥാർഥത്തിൽ കഷ്ടപ്പെട്ടിട്ടില്ലാത്തവർ പോലും വിചിത്രമായ എന്തെങ്കിലും കാര്യത്തിൽ നിന്ന് ഒരു കഷ്ടപ്പാടിൻ്റെ കഥയുണ്ടാക്കാൻ ശ്രമിക്കുന്നു. പക്ഷേ എൻ്റെ മക്കൾക്ക് അങ്ങനെയൊന്ന് ഉണ്ടാകില്ലെന്നതിൽ എനിക്ക് സന്തോഷമുണ്ട്.”
താരങ്ങളുടെ മക്കളോട് ആളുകൾക്ക് തോന്നുന്ന ദേഷ്യത്തെക്കുറിച്ച് സംസാരിക്കവെ, ഫറാ ഖാന്റെ മറുപടി ഇങ്ങനെയായിരുന്നു- “മുംബൈയിലേക്ക് പുറത്തുനിന്ന് വരുന്ന ആളുകൾക്ക് താരങ്ങളുടെ മക്കളോട് ദേഷ്യം തോന്നുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിയും. ആ ദേഷ്യം എവിടെ നിന്നാണ് വരുന്നതെന്നും എനിക്ക് മനസ്സിലാകും. കാരണം എല്ലാ മാസവും വാടക കൊടുക്കാൻ അവർ പാടുപെടുകയാണ്. അവരെ സംബന്ധിച്ചിടത്തോളം, താരങ്ങളുടെ മക്കളുടെ കഷ്ടപ്പാടുകൾ വളരെ നിസ്സാരമായി തോന്നാം.”
കുടുംബം പുലർത്താൻ മാതാപിതാക്കൾ കഷ്ടപ്പെടുന്നത് കണ്ടാണ് ഫറാ വളർന്നത്, എന്നാൽ നൃത്തത്തോടുള്ള അവരുടെ ഇഷ്ടം ബോളിവുഡിലെ ഏറ്റവും പ്രശസ്തയായ നൃത്തസംവിധായകരിൽ ഒരാളായി അവരെ മാറ്റി. പരിശീലനമോ സൗകര്യങ്ങളോ ഇല്ലാതെ, ഡാൻസ് വീഡിയോകൾ കണ്ടും സ്വയം പരിശീലിച്ചും അവർ നൃത്തസംവിധാനം പഠിച്ചു. 'ജോ ജീത്താ വോഹി സിക്കന്ദർ' എന്ന ചിത്രത്തിലെ 'പെഹ്‌ലാ നഷാ' എന്ന ഗാനമാണ് ഫറയുടെ കരിയറിൽ വഴിത്തിരിവായത്. അത് അവർക്ക് പെട്ടെന്ന് തന്നെ പ്രശസ്തി നേടിക്കൊടുത്തു. അതിനുശേഷം 'ഏക് പൽ കാ ജീന', 'ഷീലാ കി ജവാനി', 'ദേസി ഗേൾ' തുടങ്ങി നിരവധി ഗാനങ്ങൾക്ക് അവർ നൃത്തസംവിധാനം നിർവഹിച്ചു.
തൻ്റെ കഴിവുകളെ ഒരു മേഖലയിൽ ഒതുക്കാതെ, ഷാരൂഖ് ഖാൻ നായകനായ 'മേം ഹൂം നാ' (2004) എന്ന ചിത്രത്തിലൂടെ ഫറാ സംവിധാനരംഗത്തേക്ക് പ്രവേശിച്ചു. അതൊരു ബ്ലോക്ക്ബസ്റ്റർ വിജയമായി. തുടർന്ന് 'ഓം ശാന്തി ഓം' (2007), 'ഹാപ്പി ന്യൂ ഇയർ' (2014) തുടങ്ങിയ വിജയചിത്രങ്ങളും അവർ സംവിധാനം ചെയ്തു. ഇതോടെ ബോളിവുഡിലെ ഏറ്റവും കഴിവുകളുള്ള സംവിധായകരിൽ ഒരാളായി അവർ പേരെടുത്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Director Farah Khan opens up about her tough childhood, financial insecurity despite success, and her views on privilege in Bollywood.