ആറുവർഷത്തെ പ്രണയം; 20-ാം വയസ്സിൽ വിഷംകഴിച്ച് മരണവും, കാരണം ഇന്നും ദുരൂഹം

പ്രത്യുഷ
പ്രത്യുഷ

തമിഴ്, തെലുഗു സിനിമകളിലൂടെ പ്രശസ്തയായ താരമായിരുന്നു പ്രത്യുഷ. ടെലിവിഷൻ സ്റ്റാർ കോണ്ടസ്റ്റിൽ വിജയിയായതാണ് പ്രത്യുഷയ്ക്ക് സിനിമയിലേക്കുള്ള വഴിതുറന്നത്. മിസ് ലവ്‌ലി സ്‌മൈൽ എന്ന പട്ടമാണ് അവർക്ക് ആ സൗന്ദര്യമത്സരത്തിൽ ലഭിച്ചത്.

തെലുഗുനടൻ മോഹൻബാബു, സൗന്ദര്യ എന്നിവർക്കൊപ്പമായിരുന്നു ആദ്യസിനിമ. ഇതിനുപിന്നാലെ ഒട്ടേറെ അവസരങ്ങൾ അവരെ തേടിയെത്തി. നാലുവർഷം കൊണ്ട് 12 സിനിമകളിലാണ് അവർ അഭിനയിച്ചത്. ഒരു കന്നഡസിനിമയുടെ കരാറിൽ ഒപ്പിട്ടുവെങ്കിലും, അതിന്റെ ചിത്രീകരണത്തിനുമുമ്പേ അവർ മരണത്തിലേക്ക് നടന്നുപോയി. പ്രത്യുഷയുടെ മരണശേഷമാണ് 'സൗണ്ട് പാർട്ടി' എന്ന സിനിമ റിലീസ് ചെയ്തത്. അത് മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.

വെറും 20 വയസ്സ് മാത്രമുള്ളപ്പോഴാണ് പ്രത്യുഷ മരിക്കുന്നത്. 2002-ലാണ് പ്രത്യുഷയും ആൺസുഹൃത്ത് സിദ്ധാർഥ് റെഡ്ഡിയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരെയും വളരെ പെട്ടെന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പ്രത്യുഷ അധികം വൈകാതെ മരിച്ചു. സിദ്ധാർഥ് രക്ഷപ്പെടുകയും ചെയ്തു. തങ്ങൾ ആറുവർഷമായി പ്രണയത്തിലായിരുന്നുവെന്നും തങ്ങളുടെ പ്രണയത്തെയും വിവാഹത്തെയും പ്രത്യുഷയുടെ കുടുംബം എതിർത്തുവെന്നും അതുകൊണ്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സിദ്ധാർഥ് പിന്നീട് വെളിപ്പെടുത്തി.

എന്നാൽ, പ്രത്യുഷയുടെ കുടുംബം ഇതിനെ എതിർത്തു. വിവാഹത്തിന് തങ്ങൾക്ക് എതിർപ്പില്ലായിരുന്നുവെന്ന് പ്രത്യുഷയുടെ അമ്മ സരോജിനിദേവി പറഞ്ഞു. മകളുടേത് ഒരു കൊലപാതകമായിരുന്നുവെന്ന വെളിപ്പെടുത്തൽ അമ്മ നടത്തുകയും ചെയ്തു. സിദ്ധാർഥും സുഹൃത്തുക്കളും ചേർന്ന് തന്റെ മകളെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് അവരന്ന് പറഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ 'കൈകൊണ്ട് ശ്വാസംമുട്ടിച്ചതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ്' എന്ന് ഫോറൻസിക് സർജൻ അഭിപ്രായപ്പെട്ടു. അമ്മയുടെ വാദങ്ങളെ ശരിവെക്കുന്നതായിരുന്നു ഇത്. ഈ റിപ്പോർട്ട് എയിംസിലെ ഫോറൻസിക് വിദഗ്ധന് കൈമാറി. തുടർന്നുള്ള വിദഗ്ധപരിശോധനയിൽ, ആദ്യത്തെ ഫോറൻസിക് സർജന്റെ റിപ്പോർട്ട് തെറ്റാണെന്ന് കണ്ടെത്തി.

അമ്മയുടെ വെളിപ്പെടുത്തലിൽ അന്നത്തെ ഭരണകക്ഷിയിലെ ചില നേതാക്കളുടെ പേരും ഉൾപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കേസ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. അന്വേഷണത്തിനൊടുവിൽ പ്രത്യുഷയുടേത് ആത്മഹത്യ തന്നെയാണെന്നായിരുന്നു പോലീസ് റിപ്പോർട്ട്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. ആത്മഹത്യാപ്രേരണയുടെ പേരിൽ സിദ്ധാർഥിനെതിരെ കേസെടുക്കുകയും ചെയ്തു. അഞ്ചുവർഷം തടവായിരുന്നു സിദ്ധാർഥിന് ലഭിച്ച ശിക്ഷ.

ഇതിനെതിരെ പ്രത്യുഷയുടെ അമ്മയും സിദ്ധാർഥും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. തന്റെ മകളുടേത് ആത്മഹത്യയല്ലെന്നായിരുന്നു അമ്മയുടെ വാദം. തനിക്ക് ശിക്ഷ വിധിച്ചതിനെതിരെയാണ് സിദ്ധാർഥ് അപ്പീൽ നൽകിയത്.

ഒടുവിൽ 23 വർഷങ്ങൾക്കുശേഷം സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ചു. ആത്മഹത്യയെന്ന കീഴ്‌ക്കോടതികളുടെ കണ്ടെത്തൽ കോടതി ശരിവെച്ചു. ബലാത്സംഗം, കൊലപാതകം എന്നിവ തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളഞ്ഞു. എന്നാൽ, ആത്മഹത്യാപ്രേരണയുടെ പേരിൽ സിദ്ധാർഥ് കുറ്റക്കാരനാണെന്നും കോടതി വിധിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the tragic, unsolved death of young actress Pratyusha after a 6-year relationship. Was it suicide or murder? Discover the controversies