'മുറിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജോര്‍ജും റേച്ചലും, ഇരുവര്‍ക്കും കുത്തേറ്റിരുന്നു'

'മദ്രാസില്‍ നിന്നുള്ള ബന്ധു...' കോളിളക്കമുണ്ടാക്കിയ ഒരു കൊലപാതകക്കേസിന് തുമ്പുണ്ടാക്കിയത് ആ വാക്കാണ്. തിരുവല്ല മീന്തലക്കരയിലെ കരിക്കന്‍ വില്ല, ഒറ്റപ്പെട്ടൊരു വീടാണത്. കുവൈത്തില്‍ ദീര്‍ഘകാലം ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ ദമ്പതികളാണ് അവിടെ താമസിക്കുന്നത്. കെ.സി.ജോര്‍ജും ഭാര്യ റേച്ചലും. അവര്‍ക്ക് മക്കളില്ല. വീട്ടുജോലികള്‍ ചെയ്യുന്ന ജോലിക്കാരി ഗൗരി മാത്രമാണ് അവരെ കൂടാതെ ആ വീട്ടിലുള്ളത്. എല്ലാ ദിവസവും അതിരാവിലെ വന്ന് വീട്ടിലെ പണികള്‍ തീര്‍ത്ത് വൈകുന്നേരം തിരിച്ചുപോവുന്ന പതിവാണ് ഗൗരിയുടേത്.
1980 ഒക്ടോബര്‍ ആറാം തീയതി വൈകുന്നേരവും അതുപോലെ കരിക്കന്‍ വില്ലയിലെ സാറിനോടും ചേച്ചിയോടും യാത്ര പറഞ്ഞ് ഗൗരി വീട്ടിലേക്ക് പോയി. പിറ്റേദിവസം വീട്ടിലെത്തി കോളിങ് ബെല്‍ അടിച്ചിട്ടൊന്നും ആരും വാതില്‍ തുറക്കുന്നില്ല. കുറേനേരം മുട്ടിയിട്ടും ഒരനക്കവുമില്ല. വീടിന്റെ വശങ്ങളിലുള്ള ജനാലകള്‍ തുറക്കാന്‍ ശ്രമിച്ചുനോക്കി. ഒടുവില്‍ ഒരു ജനാല തുറന്നുവന്നു. അതിലൂടെ നോക്കിയ ഗൗരി ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. മുറിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജോര്‍ജും റേച്ചലും. ഇരുവര്‍ക്കും കുത്തേറ്റിരുന്നു. റേച്ചലിന്റെ ദേഹത്ത് പിടി ഒടിഞ്ഞ ഒരു കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു. ഗൗരിയുടെ ബഹളം കേട്ട് ആളുകളെല്ലാം ഓടിക്കൂടി. വൈകാതെ പോലീസെത്തി, അന്വേഷണമാരംഭിച്ചു. ആലപ്പുഴ പോലീസ് സൂപ്രണ്ട് ടി.പി.ഗോപിനാഥന്‍, ചെങ്ങന്നൂര്‍ എ.എസ്.പി. സിബി മാത്യൂസ്, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എന്‍.ബാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
മേശപ്പുറത്തെ നാല് ചായക്കപ്പുകളൊഴിച്ച് മറ്റൊന്നും തെളിവായി ഉണ്ടായിരുന്നില്ല. പിന്നെയും നോക്കിയപ്പോള്‍ അവിടെയുണ്ടായിരുന്ന ചോരപുരണ്ട പേപ്പറുകളില്‍ ഒരു ഷൂവിന്റെ അടയാളവും കണ്ടു. അതൊരു വിദേശനിര്‍മിത ഷൂവാണെന്ന് അവര്‍ കണ്ടെത്തി. അത്രയും ആഡംബരഭ്രമമുള്ളയാള്‍ അല്ലെങ്കില്‍ ഒരു വിദേശിയാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ഉറപ്പിച്ചു. ഗൗരി ഉള്‍പ്പെടെ പലരെയും ചോദ്യം ചെയ്തു. ഒരു തുമ്പും കിട്ടിയില്ല. ഗൗരിയെ വീണ്ടും ചോദ്യം ചെയ്തു. ആദ്യമൊന്നും ഗൗരി ഒന്നും വിട്ടുപറഞ്ഞില്ല, പേടിയായിരുന്നു. ഒടുവില്‍ അവരുടെ സഹോദരന്‍ ധൈര്യം കൊടുത്തപ്പോള്‍ അതുവരെ പറയാന്‍ മടിച്ച പലതും ഗൗരിയില്‍നിന്ന് പുറത്തുവന്നു. തലേദിവസം താന്‍ ജോലികഴിഞ്ഞ് പോകുമ്പോള്‍, പുറത്തൊരു കാര്‍ വന്നിരുന്നുവെന്ന് ഗൗരി വെളിപ്പെടുത്തി. അതാരാണെന്ന് ചേച്ചിയോട് ചോദിച്ചപ്പോള്‍ സാറിന്റെ മദ്രാസിലുള്ള ഒരു ബന്ധുവാണെന്ന് പറഞ്ഞുവത്രേ. അവര്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്നും ഗൗരി പറഞ്ഞു.
മദ്രാസിലേക്ക്....
അതോടെ ജോര്‍ജിന്റെ മദ്രാസിലുള്ള ബന്ധുക്കളിലേക്ക് അന്വേഷണം പോയി. അങ്ങനെ മദ്രാസില്‍ പഠിക്കുന്ന ജോര്‍ജിന്റെ ബന്ധുവായ റെനി ജോര്‍ജിലേക്കെത്തി. അയാളുടെ മുറി പരിശോധിച്ചപ്പോള്‍ ഒരു സെറ്റ് വിദേശനിര്‍മിത ഷൂ കണ്ടെത്തി. നേരത്തെ കരിക്കന്‍വില്ലയില്‍ കണ്ടെത്തിയ ഷൂവിന്റെ അടയാളം, ഈ ഷൂവില്‍നിന്നാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. റെനി ജോര്‍ജും സുഹൃത്തുക്കളായ മൗറീഷ്യസ് സ്വദേശി ഹസന്‍ ഗുലാം മുഹമ്മദ്, മലേഷ്യക്കാരനായ ഗുണശേഖരന്‍, കെനിയയില്‍നിന്നുള്ള കിബ്ലോ ഡാനിയല്‍ എന്നിവര്‍ ചേര്‍ന്നാണ് ആ കൊലപാതകം നടത്തിയതെന്ന് റെനി ചോദ്യംചെയ്യലില്‍ സമ്മതിച്ചു. മദ്രാസില്‍വെച്ചാണ് ഇവര്‍ കൂട്ടുകാരാവുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ, ആഡംബരജീവിതം ആഗ്രഹിക്കുന്ന റെനി, തന്റെ അതേ താത്പര്യങ്ങളുള്ള ഈ മൂന്നുപേരുമായി സൗഹൃദത്തിലാവുകയായിരുന്നു. വീണ്ടും വീണ്ടും പണമുണ്ടാക്കണമെന്ന ആഗ്രഹമാണ് അവരെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്.
അതിനുമുമ്പ് രണ്ടോ മൂന്നോ തവണ മാത്രമേ റെനി ജോര്‍ജിനെയും റേച്ചലിനെയും കണ്ടിട്ടുള്ളൂ. ധാരാളം ആഭരണങ്ങള്‍ ധരിക്കുന്ന സ്വഭാവക്കാരിയായിരുന്നു റേച്ചല്‍. ആദ്യകാഴ്ചയില്‍ തന്നെ അത് റെനി ശ്രദ്ധിച്ചിരുന്നു. കുവൈത്തില്‍നിന്ന് തിരിച്ചുവന്നതുകൊണ്ട് അവരുടെ കൈയില്‍ കുറേ പണമുണ്ടാവുമെന്ന് കണക്കുകൂട്ടുകയും ചെയ്തു. അങ്ങനെയാണ് കൂട്ടുകാരുമൊത്ത് തിരുവല്ലയിലേക്ക് വരുന്നത്. മദ്രാസില്‍നിന്ന് ഒരു കാര്‍ മോഷ്ടിച്ച് അതിലാണ് കരിക്കന്‍വില്ലയിലേക്ക് വരുന്നത്. പണം മോഷ്ടിക്കുന്നതിനിടയില്‍ ജോര്‍ജ് ബഹളമുണ്ടാക്കിയപ്പോഴാണ് ജോര്‍ജിനെ കുത്തുന്നത്. സംഭവം പുറത്താരും അറിയാതിരിക്കാനായി റേച്ചലിനെയും. കൊലപാതകത്തിനിടയില്‍ റെനിയുടെ കൈയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. അതൊന്നും അപ്പോള്‍ ശ്രദ്ധിച്ചില്ല. പിന്നീട് റേച്ചലിന്റെ ആഭരണങ്ങളും പണവും റോളക്‌സ് വാച്ചും ടേപ്പ് റെക്കോര്‍ഡറും കൊണ്ട് പെട്ടെന്ന് തന്നെ സ്ഥലംവിടുകയും ചെയ്തു. കോട്ടയത്തെ ഒരു ആസ്പത്രിയില്‍ വെച്ചാണ് റെനിയുടെ മുറിവ് സ്റ്റിച്ച് ചെയ്യുന്നത്.
അന്നത്തെ കാലത്തെക്കുറിച്ച് റെനി പിന്നീട് മാതൃഭൂമിയുമായി സംസാരിച്ചു, ''സ്വര്‍ണം കൈക്കലാക്കണമെന്നല്ലാതെ കൊല്ലാനൊന്നും കരുതിയിരുന്നില്ല. എന്നാല്‍ സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമം തുടക്കത്തില്‍ തന്നെ അങ്കിള്‍ എതിര്‍ത്തു, ഒച്ചവെച്ചു. കാര്യമായ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്റെ കൈയ്യിലുണ്ടായിരുന്ന ഒരു പിച്ചാത്തി വഴിയില്‍ വെച്ച് ഒരു കൊല്ലനെ കൊണ്ട് മൂര്‍ച്ച കൂട്ടി എടുത്തിരുന്നു. അങ്കിള്‍ ബഹളം വെച്ചപ്പോള്‍ ഒരാള്‍ വാപൊത്തി പിടിച്ചു. മറ്റൊരാള്‍ കുത്തി...ശബ്ദം കേട്ട് ഓടിവന്ന ആന്റിയെ അവിടെയുണ്ടായിരുന്ന വെള്ളം നിറച്ചു വെച്ചിരുന്ന ഒരു കുപ്പിയെടുത്ത് തലക്കടിച്ച് നിലത്തു വീഴ്ത്തി. ആന്റി കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ ഞങ്ങള്‍ കുരുങ്ങുമെന്ന ചിന്തയില്‍ അടുക്കളയില്‍ നിന്ന് ഒരു കറിക്കത്തി എടുത്തു കൊണ്ടുവന്ന് അവരേയും കുത്തി''.
കൊലപാതകശേഷം മദ്രാസിലെത്തിയ ഉടന്‍ ആഭരണങ്ങളും മറ്റും വിറ്റുകാശാക്കി. പൈസ കിട്ടിയതോടെ നാട്ടിലേക്ക് പോവാനായിരുന്നു കിബ്ലോയുടെ ആഗ്രഹം. അതിനായുള്ള കാര്യങ്ങള്‍ക്കായി ഡല്‍ഹിയിലേക്ക് പോയപ്പോഴാണ് റെനിയും സുഹൃത്തുക്കളും അറസ്റ്റിലായ വിവരമറിയുന്നത്. ഉടനെ കിബ്ലോ തിരിച്ചുവന്ന് പോലീസിന് കീഴടങ്ങുകയായിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തമാണ് ആലപ്പുഴ സെഷന്‍സ് കോടതി വിധിച്ചത്. ആ വിധി ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.
ജയിലിലും മാറ്റമില്ലാതെ
1982 ജനുവരിയിൽ അവരെ ജയിലിലേക്ക് മാറ്റി. ജയില്‍ അവര്‍ക്ക് മറ്റൊരു താവളം മാത്രമായിരുന്നു. പരോളിലിറങ്ങുമ്പോഴെല്ലാം പണമുണ്ടാക്കാനുള്ള വഴികളായിരുന്നു അവര്‍ ആലോചിച്ചിരുന്നത്. അതിനിടയിലാണ് ഒരു സുവിശേഷകന്‍ റെനിയുടെ മുന്നിലെത്തുന്നത്. അയാളുടെ നിര്‍ബന്ധപ്രകാരം റെനി, ഒരു പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്തു. അവിടുന്ന് റെനിയുടെ ജീവിതം മാറി. അടുത്ത തവണ പരോളിലിറങ്ങിയപ്പോള്‍, ടീന എന്ന നഴ്‌സിനെ വിവാഹം കഴിച്ചു. ഒടുവില്‍ 14 വര്‍ഷത്തിനുശേഷം ജയില്‍വിമുക്തനാവുമ്പോള്‍, റെനിയൊരു പുതിയ മനുഷ്യനായിരുന്നു. ബംഗളൂരുവിലേക്ക് മാറിയ റെനിയും ടീനയും കുറ്റവാളികളുടെ മക്കള്‍ക്കായി അവിടെ അഭയകേന്ദ്രം തുറന്നു.
1982-ലാണ് കരിക്കന്‍വില്ല കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമയിറങ്ങുന്നത്. മദ്രാസിലെ മോന്‍ എന്ന സിനിമ സംവിധാനം ചെയ്തത് ജെ.ശശികുമാര്‍. രവീന്ദ്രന്‍, ഷീല, ഉമ്മര്‍, മോഹന്‍ലാല്‍, രവികുമാര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു. അന്വേഷണോദ്യോഗസ്ഥനായ കെ.എന്‍.ബാല്‍ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു.
Content Highlights: Crime n Movie Part 3