To advertise here, Contact Usഅച്ചനാണ് അവരുടെ അഞ്ചാമത്തെ കുട്ടിയുടെ പിതാവെന്നാണ് പറയപ്പെട്ടത്; തെളിവുകൾ അദ്ദേഹത്തിനെതിരായിരുന്നു


CRIME N MOVIE

by റീഷ്മ ദാമോദര്‍

3 min read
Read later
Print
Share

അടുത്ത ദിവസം തന്നെ തിരിച്ചുവരുമെന്ന് അമ്മച്ചിയോടും മക്കളോടും പറഞ്ഞിട്ടാണ് അവലൂക്കുന്ന് സ്വദേശിനി മറിയക്കുട്ടി വീട്ടില്‍നിന്നിറങ്ങിയത്. അന്നായിരുന്നു അവര്‍ മറിയക്കുട്ടിയെ അവസാനമായി ജീവനോടെ കണ്ടത്.

മാടത്തരുവി

1960-കളിലെ റാന്നിയിലെ മന്ദമരുതി. അധികമാരുമറിയാത്ത ശാന്തമായൊരു പ്രദേശം. അവിടുത്തെ മാടത്തരുവിയെക്കുറിച്ചും വെള്ളച്ചാട്ടത്തെ കുറിച്ചുമൊക്കെ പുറംലോകം അറിഞ്ഞുവരുന്നതേയുണ്ടായിരുന്നുള്ളു. തേയിലത്തോട്ടങ്ങളാണ് അവിടെ കൂടുതലായുള്ളത്. അതുകൊണ്ടുതന്നെ മന്ദമരുതിയിലെ ഭൂരിഭാഗം പേരും തോട്ടംതൊഴിലാളികളാണ്.

To advertise here, Contact Us

1966 ജൂണ്‍ 16. നേരം വെളുത്തുവരുന്നതേയുള്ളൂ. പതിവുപോലെ വീട്ടുജോലികളെല്ലാം കഴിഞ്ഞ് തോട്ടംതൊഴിലാളികള്‍ തേയിലത്തോട്ടങ്ങളിലേക്ക് നടക്കുകയായിരുന്നു. മാടത്തരുവിക്കരികിലൂടെ വേണം പോവാന്‍. തോട്ടത്തിലേക്കുള്ള നടവഴിയുടെ ഒത്തനടുക്ക് പകുതി മൂടിയിട്ട ഒരു മൃതദേഹം ആദ്യം കണ്ടത് ഒരു സ്ത്രീയാണ്. അവരുടെ നിലവിളി കേട്ടാണ് മറ്റുള്ളവര്‍ ഓടിയെത്തിയത്. ഒറ്റത്തവണയേ പലരും നോക്കിയുള്ളൂ, ചിലര്‍ കണ്ടമാത്രയില്‍ തിരിഞ്ഞോടി. അത്രത്തോളം ഭീകരമായിരുന്നു ആ കാഴ്ച. മുഖത്തിന്റെ ഒരു ഭാഗം തകര്‍ന്നുപോയിട്ടുണ്ട്. നെഞ്ചിലും വയറ്റിലും കഴുത്തിലുമെല്ലാം കുത്തേറ്റ പാടുകള്‍. ദേഹത്ത് ആകെയുള്ളത് ഒരു പുതപ്പ് മാത്രം. സ്ത്രീയുടേതാണ് മൃതദേഹം. പക്ഷേ ആരെന്നോ എവിടുന്നെന്നോ ആര്‍ക്കുമറിയില്ല.

പോലീസിന് ആദ്യമൊന്നും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അവരതിന്റെ പുറകെ കാര്യമായി പോയതുമില്ല. ഒടുവില്‍ അജ്ഞാതമൃതദേഹത്തെക്കുറിച്ചുള്ള പത്രവാര്‍ത്തയാണ് കേസില്‍ വഴിത്തിരിവായത്. രണ്ടുദിവസത്തിനുശേഷം ആലപ്പുഴ പോലീസ് സ്‌റ്റേഷനിലേക്ക് ഒരു പ്രായമായ അമ്മ വന്നു. അവരോടൊപ്പം അയല്‍ക്കാരിയും. പത്രവാര്‍ത്ത കണ്ടിട്ടാണ് അവര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. മകളെ കാണാനില്ലെന്നും അവളാണോ മരിച്ചതെന്ന് സംശയമുണ്ടെന്നും പറഞ്ഞു. അവിടുന്ന് നേരെ റാന്നി പോലീസ് സ്റ്റേഷനിലേക്ക്. ആഭരണങ്ങള്‍ കണ്ടപ്പോള്‍ തന്നെ മരിച്ചത് മറിയക്കുട്ടിയാണെന്ന് വ്യക്തമായി. ചങ്ങനാശ്ശേരിയിലെ അച്ചനെ കാണണമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും മറിയക്കുട്ടി ഇറങ്ങിയതെന്നും അമ്മ പറഞ്ഞു.

അന്വേഷണം എത്തിച്ചേര്‍ന്നത് ചന്ദനശ്ശേരിയിലെ പുരോഹിതനായ ഫാ.ബെനഡിക്ട് ഓണംകുളത്തിലാണ്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ അച്ചന്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് അവകാശപ്പെട്ടു. ഒറ്റദിവസംകൊണ്ട് മാടത്തരുവിയും മന്ദമരുതിയും വാര്‍ത്തകളില്‍ നിറഞ്ഞു.

വധശിക്ഷ, പിന്നീട് കുറ്റവിമുക്തന്‍
അഞ്ച് മക്കളുടെ അമ്മയായിരുന്നു വിധവയായ മറിയക്കുട്ടി. മക്കളും അമ്മയുമൊത്തായിരുന്നു താമസം. അച്ചന്‍ ആലപ്പുഴയിലെ പള്ളിയില്‍ പുരോഹിതനായിരുന്നപ്പോള്‍, അതേ ഇടവകയിലെ അംഗമായിരുന്നു മറിയക്കുട്ടി. അവിടെയുള്ളപ്പോഴുള്ള പരിചയമാണ് മറിയക്കുട്ടിയുമായി. അന്ന് അവര്‍ തമ്മില്‍ ഏറെ അടുപ്പമുണ്ടായിരുന്നുവെന്നും അച്ചനാണ് അവരുടെ അഞ്ചാമത്തെ കുട്ടിയുടെ പിതാവെന്നുമൊക്കെയാണ് പറയപ്പെടുന്നത്. ആ പേരും പറഞ്ഞ് അച്ചനെ ചൂഷണം ചെയാറുണ്ടായിരുന്നുവത്രെ. അച്ചന്‍ പിന്നീട് ചങ്ങനാശ്ശേരിയിലേക്ക് സ്ഥലംമാറിപ്പോയി. അതിനുശേഷവും പണത്തിനും മറ്റുമായി അവര്‍ അച്ചനെ കാണാന്‍ പോവാറുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പലപ്പോഴും കൂടെ മകനുമുണ്ടാവും. അത്തവണ മാത്രമായിരുന്നു ഒറ്റയ്ക്ക്. മറിയക്കുട്ടിയുടെ ഭീഷണി സഹിക്കാനാവാതെ അവരെ വിളിച്ചുവരുത്തി അച്ചന്‍ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. തെളിവുകളെല്ലാം അച്ചനെതിരായിരുന്നു. മറിയക്കുട്ടിയെ കുത്താനുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.

കൊല്ലം ജില്ലാ സെഷന്‍സ് കോടതിയിലായിരുന്നു വിചാരണ. അച്ചനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മറിയക്കുട്ടി വീട്ടില്‍ നിന്നിറങ്ങിയതെന്ന് അമ്മയും, അച്ചനോടൊപ്പം ചട്ടയും മുണ്ടുമുടുത്ത ഒരു സ്ത്രീയെ അര്‍ധരാത്രി കണ്ടെന്ന് വേറെ രണ്ടുപേരും, അര്‍ധരാത്രി അച്ചന്‍ തന്റെ ടാക്‌സിയിലാണ് പോയതെന്ന് ഒരു ടാക്‌സി ഡ്രൈവറും മൊഴിനല്‍കി. ഇളയകുട്ടി അച്ചന്റേതാണെന്ന് പറഞ്ഞ് മറിയക്കുട്ടി അച്ചന്റെ കൈയില്‍നിന്ന് പണം വാങ്ങുമായിരുന്നുവെന്നും, അതിനാല്‍ അവരെ ഒഴിവാക്കാനായി ക്രൂരമായി കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. മൂന്നുമാസത്തിനുശേഷം വിധി വരികയും ചെയ്തു. അച്ചന് വധശിക്ഷ. എന്നാല്‍, അതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തു. മറിയക്കുട്ടിയെ കൊലപ്പെടുത്തിയെന്ന് പറയുന്ന കത്തികൊണ്ട് ഒരു കോഴിയെ പോലും കൊല്ലാനാവില്ലെന്ന് അച്ചനുവേണ്ടി ഹാജരായ വക്കീല്‍ വാദിച്ചു. അപ്പോഴേക്കും പല സാക്ഷികളും കൂറുമാറുകയും ചെയ്തിരുന്നു. കുറ്റംതെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പറഞ്ഞ്, ഹൈക്കോടതി വിധി റദ്ദാക്കി. അങ്ങനെ അച്ചന്റെ പേരിലുള്ള കേസ് ഒഴിവായി. ഈ കേസ് മാടത്തരുവി കൊലക്കേസ്, മന്ദമരുതി കൊലക്കേസ് എന്നീ പേരുകളിലാണ് അറിയപ്പെട്ടത്.

ഈ കേസില്‍ വര്‍ഷങ്ങള്‍ക്കുശേഷം 2000-ല്‍ വീണ്ടുമൊരു വഴിത്തിരിവുണ്ടായി. ഒരു ഡോക്ടറുടെ ഭാര്യയും മക്കളും അച്ചനെ കണ്ട്, ഡോക്ടറുടെ കൈയബദ്ധം കാരണമാണ് മറിയക്കുട്ടി മരിച്ചതെന്ന് വെളിപ്പെടുത്തി. ഒരു എസ്റ്റേറ്റുടമയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച മറിയക്കുട്ടി, അബോര്‍ഷനിടെ മരിച്ചെന്നും തുടര്‍ന്ന് കുത്തിപ്പരിക്കേല്പിച്ച് വനത്തില്‍ കൊണ്ടിട്ടുവെന്നുമാണ് അവര്‍ പറഞ്ഞത്. ആ സംഭവത്തിനുശേഷം അവരുടെ ജീവിതത്തിലെന്നും പ്രശ്‌നങ്ങളായിരുന്നുവത്രേ. അതിനെത്തുടര്‍ന്ന് പാപപരിഹാരം എന്ന നിലയ്ക്കാണ് അച്ചനെ കാണാന്‍ വന്നത്. ഇക്കാര്യങ്ങളെല്ലാം ചില പത്രങ്ങള്‍ ആ സമയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് അതേ കുടുംബം തന്നെ അതെല്ലാം കെട്ടുകഥകളാണെന്ന് പറഞ്ഞ് ആ വാര്‍ത്തകള്‍ നിഷേധിക്കുകയുമുണ്ടായി. ഇതിനൊക്കെയിടയിലും ചില ചോദ്യങ്ങളുയര്‍ന്നിരുന്നു. ഗര്‍ഭിണിയായിരുന്നെങ്കില്‍, അബോര്‍ഷന്‍ നടത്തിയിരുന്നെങ്കില്‍, അത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ ഉണ്ടാവേണ്ടതായിരുന്നില്ലേ? അങ്ങനെ ഒരു പരാമര്‍ശവും റിപ്പോര്‍ട്ടിലില്ല.

ഈ സംഭവങ്ങള്‍ കഴിഞ്ഞ് കുറച്ചുനാളായപ്പോഴേക്കും അച്ചന്‍ മരിച്ചു. അതിരമ്പുഴയില്‍ വൈദികരുടെ സെമിത്തേരിയില്‍ സംസ്‌കരിക്കപ്പെട്ട അച്ചന്റെ മദ്ധ്യസ്ഥതയില്‍ പല അദ്ഭുതങ്ങളും നടന്നതായി പിന്നീട് അവകാശവാദങ്ങള്‍ ഉയര്‍ന്നു. വിശ്വാസികളില്‍ ചിലര്‍ അദ്ദേഹത്തെ 'സഹനദാസന്‍' എന്നു വിളിക്കാനും തുടങ്ങി.

രണ്ട് സിനിമകളാണ് ഈ കൊലക്കേസുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയത്. അതും ദിവസങ്ങളുടെ വ്യത്യാസത്തില്‍. 1967 ജൂണ്‍ രണ്ടിന് പുറത്തിറങ്ങിയ മൈനത്തരുവി കൊലക്കേസ്, ജൂണ്‍ 16-ന് റിലീസായ മാടത്തരുവി എന്നിവയാണവ. സത്യന്‍, ഷീല എന്നിവര്‍ അഭിനയിച്ച മൈനത്തരുവി കൊലക്കേസിന്റെ സംവിധാനം നിര്‍വഹിച്ചത് എം.കുഞ്ചാക്കോയായിരുന്നു. സത്യന്‍, ഷീല, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. മാടത്തരുവി സംവിധാനം ചെയ്തത് പി.എ. തോമസായിരുന്നു. ഉഷാകുമാരി, ഉമ്മര്‍, സുകുമാരി, തിക്കുറിശ്ശി എന്നിവര്‍ പ്രധാന അഭിനേതാക്കളായി. ഒരു സംഭവത്തെ ആസ്പദമാക്കിയിട്ടുള്ള സിനിമകളായതിനാല്‍, വളരെ രഹസ്യമായിട്ടായിരുന്നു അവയുടെ ചിത്രീകരണം. തിരക്കഥയും സീനുകളും ചോരാതിരിക്കാനുള്ള മുന്‍കരുതല്‍. രണ്ട് സിനിമകളിലും പുരോഹിതനെ നിരപരാധിയായാണ് ചിത്രീകരിച്ചത്. മറിയക്കുട്ടിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന അച്ചന്‍, തെളിവുകളെല്ലാം എതിരായതുകൊണ്ട് അറസ്റ്റ് ചെയ്യപ്പെടുന്നതും ഒടുവില്‍ നിരപരാധിയായി പുറത്തുവരുന്നതും ഒരു തോട്ടമുടമ അറസ്റ്റ് ചെയ്യപ്പെടുന്നതുമാണ് സിനിമയില്‍.

Content Highlights: Crime n Movie Part 2

Add Comment
Related Topics

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
malaya

2 min

കുരച്ചും ദേഹം നക്കിത്തുടച്ചും നായകള്‍ക്കൊപ്പം അഞ്ചുവര്‍ഷം; ഒടുവില്‍ ഒന്‍പതാംവയസ്സില്‍ മോചനം

Feb 21, 2024


anant ambani, radhika

2 min

ആനന്ദ് അംബാനിക്കും രാധികയ്ക്കും വിവാഹം; ബില്‍ ഗേറ്റ്‌സും സക്കര്‍ബര്‍ഗും ഇവാന്‍ക ട്രമ്പും അതിഥികളാവും

Feb 23, 2024


baps hindu mandir

2 min

ജലധാരകള്‍, ഫുഡ് കോര്‍ട്ട്, പാര്‍ക്ക്:അബുദാബിയിലെ ക്ഷേത്രം കാഴ്ചകളുടെ വിസ്മയം

Feb 19, 2024


bafta

2 min

കോടികള്‍ വിലമതിക്കുന്ന പുരസ്‌കാരങ്ങളില്‍ മുമ്പന്‍ ഫിഫ വേള്‍ഡ് കപ്പ് ട്രോഫി

Feb 21, 2024

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us