ജീവിതകാലം മുഴുവൻ അവൾ പുറന്തള്ളുന്ന കാർബൺ ഇല്ലാതാക്കപ്പെടും; ലോകത്തിലെ ആദ്യ കാർബൺ ന്യൂട്രൽ ബേബി

ആദവി/ ഇൻസ്റ്റഗ്രാം(seerakku)
ആദവി/ ഇൻസ്റ്റഗ്രാം(seerakku)

ജനിച്ചനാൾ മുതൽ പരിസ്ഥിതിയ്ക്കുവേണ്ടി പോരാടുന്ന ഒരു കൊച്ചുമിടുക്കിയുണ്ട്, അങ്ങ് തമിഴ്നാട്ടിൽ. ആദവി എന്ന ബേബി നോവ. കാർബൺ ന്യൂട്രാലിറ്റി കെെവരിക്കുന്നതിനായി രാജ്യം പെടാപ്പാടുപെടുമ്പോൾ ഒരു വയസ്സ് തികയുന്നതിനുമുമ്പുതന്നെ കാർബൺ ന്യൂട്രൽ ബേബി എന്ന പദവി കരസ്ഥമാക്കിയ കുരുന്ന്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്നുള്ള ആദവി ദിനേഷിന്റെയും ജനഗാനന്ദിനിയുടെയും മകളാണ്.

നാം പുറന്തള്ളുന്ന കാർബണും, അന്തരീക്ഷത്തിൽ നിന്ന് ആഗിരണം ചെയ്യുന്ന കാർബണും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാണ് കാർബൺ ന്യൂട്രാലിറ്റി. നേച്ചർ കൺസർവൻസിയുടെ കണക്കനുസരിച്ച്, ഒരു വ്യക്തി പ്രതിവർഷം ശരാശരി നാല് ടൺ കാർബൺ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എനർജി ആൻഡ് എൻവയോൺമെൻ്റിൻ്റെ കണക്കനുസരിച്ച്, ഒരു വ്യക്തിക്ക് തൻ്റെ വാർഷിക കാർബൺ പുറന്തള്ളൽ നികത്താൻ ഏകദേശം 165 മരങ്ങൾ നടേണ്ടതായുണ്ട്.

ബേബി നോവയുടെ കാര്യത്തിൽ, ഈ കണക്ക് ഇതിനോടകം തന്നെ കടന്നുകഴിഞ്ഞു. അതുകൊണ്ടാണ് അവൾ ലോകത്തിലെ ആദ്യ കാർബൺ ന്യൂട്രൽ ബേബിയായത്. ആദവിയ്ക്ക് ഒരു വയസ്സ് തികയുന്നതിന് മുമ്പുതന്നെ, അവളുടെ മാതാപിതാക്കൾ പ്രാദേശിക കർഷകരുമായി ചേർന്ന് വീടിന് ചുറ്റും ഏകദേശം 6,000 ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. കുഞ്ഞ് പുറന്തള്ളുന്ന കാർബൺ  പരിസ്ഥിതി പൂർണ്ണമായും ആഗിരണം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.

ആദവിയുടെ മാതാപിതാക്കൾ 'സീറക്കു' എന്ന പേരിൽ ഒരു പരിസ്ഥിതി സംരക്ഷണ സന്നദ്ധ സംഘടന സ്ഥാപിച്ചു. ആദവി ജനിച്ചതിന് ശേഷം ദമ്പതികൾ തങ്ങളുടെ ഗ്രാമത്തിൽ ഒരു അഗ്രോഫോറസ്ട്രി മോഡൽ ഭക്ഷ്യവനം സ്ഥാപിച്ചു. കർഷകരുമായി സഹകരിച്ചും സുസ്ഥിരമായ രീതികൾ ഉപയോഗിച്ചും, ഈ വനം വളർന്നുകൊണ്ടേയിരിക്കുമെന്നും ആദവിയുടെ ജീവിതകാലം മുഴുവൻ അവൾ പുറന്തള്ളുന്ന കാർബൺ ഇല്ലാതാക്കുമെന്നും ഉറപ്പാക്കി. കൂടാതെ, രണ്ട് വർഷത്തിനുള്ളിൽ നാല് ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുകയും ഇന്ത്യയിലുടനീളം വനങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.

ഇവരുടെ ഈ പദ്ധതി മറ്റനേകം പേർക്ക് പ്രചോദനം നൽകുന്നതാണ്. കാർബൺ ന്യൂട്രാലിറ്റി എന്ന പദവി വെറുതെ മരങ്ങൾ നട്ടതുകൊണ്ട് നേടിയെടുത്തതല്ല, മറിച്ച് ആസൂത്രിതമായി ചെയ്തതുകൊണ്ടുമാത്രം വന്നുചേർന്നതാണ്. കുഞ്ഞിനോടൊപ്പം 300,000-ൽ അധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും, കോർപ്പറേറ്റ് വോളണ്ടിയർമാരുമായി സഹകരിച്ച് മരം നടാനുള്ള നേതൃത്വം നൽകുകയും സുസ്ഥിരതയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുകയും ചെയ്യുന്നുണ്ട്.

ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ് പ്രകാരം, ആദവി എന്ന ബേബി നോവ, ലോകത്തിലെ ആദ്യത്തെ 'കാർബൺ-ന്യൂട്രൽ ബേബി' ആയി പ്രഖ്യാപിക്കപ്പെട്ടു. മാതാപിതാക്കളുടെ ഈ പരിസ്ഥിതിസൗഹാർദ്ദപ്രവർത്തനത്തിന്റെ ഭാഗമായി, 2024 മാർച്ചിൽ തമിഴ്‌നാട് സർക്കാർ ആദവിയെ ഗ്രീൻ മിഷൻ്റെ ചൈൽഡ് അംബാസഡറായും പ്രഖ്യാപിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Baby Nova from Tamil Nadu achieved carbon neutrality before her first birthday! Her parents planted 6000 trees, inspiring eco-conscious parenting.