കുടവയറുണ്ടാവാൻ പശുവിന്റെ പാലും രക്തവും; വലിയ വയറുള്ളയാളെ വിവാഹം കഴിക്കാൻ സ്ത്രീകൾ

തെക്കുപടിഞ്ഞാറൻ എത്യോപ്യയിൽ വസിക്കുന്ന ഒരു ഗോത്രവംശജരാണ് മെകാൻ (Mekan)അഥവാ ബോഡി (bodi tribe). 56,000-ത്തോളം പേരാണ് ഇപ്പോൾ ഈ ഗോത്രത്തിലുള്ളത്. സൗന്ദര്യവും ശക്തിയും ഒരുപോലെ ആഘോഷിക്കുന്നവരാണ് ഈ ഗോത്രക്കാർ.
അതിനായി എല്ലാ വർഷവും അവർ കയേൽ ഉത്സവം (Ka'el festival) നടത്താറുണ്ട്. വയറിന്റെ അഥവാ കുംഭയുടെ ഉത്സവമാണിത്. ഏറ്റവും വലിയ കുടവയറുള്ള പുരുഷനെ ഈ ഉത്സവത്തിനിടയിൽ കണ്ടെത്തി, അയാളെ ഗ്രാമത്തിന്റെ തലവനാക്കും. ഇവരുടെ വിശ്വാസപ്രകാരം സമ്പത്ത്, സൗന്ദര്യം, ശക്തി എന്നിവയുടെ പ്രതീകമാണ് ഏറ്റവും വലുപ്പമുളള വയർ.
മാസങ്ങളോളം പരിശ്രമിച്ചാണ് പുരുഷൻമാർ തടികൂട്ടുന്നത്. ചടങ്ങ് തുടങ്ങുന്നതിന് മാസങ്ങൾക്കുമുമ്പ് ഓരോ കുടുംബവും തങ്ങളുടെ കുടുംബത്തിൽനിന്നുള്ള ഒരവിവാഹിതനെ തിരഞ്ഞെടുക്കും. അതിനുശേഷം ഏകാന്തതയിലായിരിക്കും അയാളുടെ വാസം. ഒരു കുടിലിലേക്ക് താമസം മാറ്റുകയും ചെയ്യും. അവിടെനിന്ന് പുറത്തുപോകാനോ മറ്റ് ജോലികളിൽ ഏർപ്പെടാനോ അനുവാദമില്ല. ലൈംഗികബന്ധത്തിൽനിന്നും ഇയാൾ ഒഴിഞ്ഞുനിൽക്കണം. ആറുമാസത്തോളം തുടരും ഈ ഏകാന്തവാസം.
തടിവെക്കുന്നതിനും കുടവയറുണ്ടാവാനും പശുവിന്റെ രക്തവും പാലുമാണ് അവർ കുടിക്കുന്നതെന്ന് പറയപ്പെടുന്നു. ആ മത്സരാർഥിയുടെ വീട്ടിൽനിന്നുള്ള സ്ത്രീകളാണ് കുടിക്കാനുള്ള രക്തവും പാലും എത്തിച്ചുകൊടുക്കുന്നത്. ഒരു മുളയുടെ പാത്രത്തിലാണ് നിറച്ചുകൊടുക്കുന്നത്.
ഇവരുടെ സംസ്‌കാരത്തിൽ പശുക്കളെ വളരെ പവിത്രമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ പശുക്കളെ കൊല്ലാറില്ല. പകരം അതിന്റെ ഞരമ്പുകളിൽനിന്ന് രക്തം ഊറ്റിയെടുക്കുകയാണ് ചെയ്യുന്നത്. അതിലൂടെ ആ മുറിവുകളിൽ കളിമണ്ണിടും. അതിലൂടെ മുറിവ് ഉണങ്ങുമെന്നാണ് വിശ്വാസം.
ഉത്സവദിവസം കളിമണ്ണിലും ചാരത്തിലും പൊതിഞ്ഞാണ് ഈ പുരുഷൻമാരെത്തുക. ഒട്ടകപ്പക്ഷിയുടെ തൂവലുകൾ കൊണ്ട് തല അലങ്കരിക്കുകയും ചെയ്യും ചിലർ. ഏറ്റവും വലിയ വയറുള്ള മനുഷ്യൻ, സ്ത്രീകളുടെയെല്ലാം ആരാധനാകേന്ദ്രമായി മാറുന്നു. ഉത്സവവേളയിൽ ഏറ്റവും തടിയുള്ളവരിൽനിന്നൊരാളെ പങ്കാളിയായി സ്ത്രീകൾ തിരഞ്ഞെടുക്കുകയും ചെയ്യും. ഓരോ വർഷവും ജൂൺ-ജൂലായ് മാസത്തിലാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്.
കന്നുകാലികളെ വളർത്തിയാണ് അവർ ജീവിക്കുന്നത്. കുടുംബത്തിൽ ഒരു കുട്ടി ജനിക്കുമ്പോൾ, ആ കുട്ടിക്ക് അച്ഛൻ സമ്മാനങ്ങൾ നൽകും. സാധാരണയായി കാളയും പശുവുമാണ് സമ്മാനമായി നൽകുന്നത്. സ്ത്രീധനമായി നൽകുന്നതും കന്നുകാലികളെ തന്നെ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The Bodi tribe of Ethiopia hosts the annual Ka'el festival to crown the man with the largest belly. Contestants undergo a six-month isolation period consuming cow blood and milk to gain weight.