45 കോടിക്ക് നിര്‍മിച്ച സിനിമ തിരികെനേടിയത് ഒരുലക്ഷം: ചരിത്രത്തിലെ ഏറ്റവും വലിയ പരാജയചിത്രം

2023-ല്‍ അജയ് ബാല്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് 'ദ ലേഡി കില്ലര്‍'. അര്‍ജുന്‍ കപൂറും ഭൂമി പട്‌നേക്കറും മുഖ്യകഥാപാത്രങ്ങളായ സിനിമ, തിയേറ്ററില്‍ അമ്പേ പരാജയമായിരുന്നു. അധികം വൈകാതെ തിയേറ്ററില്‍നിന്ന് പിന്‍വലിക്കുകയും ചെയ്തു. ഇപ്പോള്‍ സിനിമയുടെ നിര്‍മാതാക്കളായ ടി-സീരീസിന്റെ യൂട്യൂബ് പേജിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ് സിനിമ.
സിനിമയുടെ തുടക്കം മുതലേ പ്രശ്‌നങ്ങളായിരുന്നു. നിര്‍മാണച്ചെലവ് കൂടിയതിനാല്‍ നിര്‍മാതാക്കള്‍ സിനിമ വിട്ടുപോയെന്ന് ഇടയ്ക്ക് വാര്‍ത്ത വന്നിരുന്നു. കൂടുതല്‍ തുക മുടക്കാന്‍ തയ്യാറാവാതിരുന്നതോടെ സിനിമയുടെ പല ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പൂര്‍ത്തിയാക്കാന്‍ പിന്നെയും അഞ്ചുകോടിയെങ്കിലും വേണമായിരുന്നു.
ഉത്തരാഖണ്ഡിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. രൂക്ഷമായ മഴയും മഴക്കെടുതികളും കാരണം, പത്തുദിവസത്തോളം ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടിവന്നതും പ്രശ്‌നമായി. അതോടെ താരങ്ങള്‍ നേരത്തെ കമ്മിറ്റ് ചെയ്ത പടങ്ങളുടെ ഷൂട്ടിനായി പോയി. സിനിമയുടെ 80 ശതമാനമാണ് പൂര്‍ത്തിയായത്, ബാക്കിയുള്ള 20 ശതമാനം വോയ്‌സ് ഓവറും സബ് ടൈറ്റിലുകളും വെച്ച് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അക്കാലത്ത് വാര്‍ത്തകള്‍ വന്നു.
എന്നാല്‍, ഡിജിറ്റല്‍ റൈറ്റ്‌സ് ആദ്യമേ വിറ്റുപോയതുകൊണ്ട് പെട്ടെന്ന് തന്നെ റിലീസ് ചെയ്യുകയും വേണം. ഒടുവില്‍ അപൂര്‍ണമായ സിനിമ റിലീസ് ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. 2023-ല്‍ വെറും 12 തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ആദ്യദിവസം 293 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. ആകെ കിട്ടിയ വരുമാനം 38,000 രൂപയും. ഒരാഴ്ച കഴിഞ്ഞപ്പോഴും ഒരുലക്ഷം പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറി സിനിമ.
മോശം എഡിറ്റിങ്ങും കൂടുതല്‍ തിയേറ്ററുകളില്‍ ഷോ ഇല്ലെന്നതും സിനിമയുടെ പരാജയത്തിന് ആക്കം കൂട്ടി. അപൂര്‍ണമായി റിലീസ് ചെയ്തതുകൊണ്ട് പ്രൊമോഷന്‍ ചെയ്യാന്‍ അര്‍ജുനും ഭൂമിയും വിസമ്മതിക്കുകയും ചെയ്തു.
ഒരു യൂട്യൂബ് വീഡിയോയ്ക്കുള്ള കമന്റായി സംവിധായകന്‍ അന്നിങ്ങനെ പറഞ്ഞു, ''അതേ, സിനിമ അപൂര്‍ണമാണ്. 117 പേജുകളുള്ള തിരക്കഥയില്‍ 30 പേജ് ഷൂട്ട് ചെയ്തിട്ടില്ല. കഥാപാത്രങ്ങളുടെ പ്രണയം ഉള്‍പ്പെടെയുള്ള പല കണക്ടിങ് സീനുകളും ഷൂട്ട് ചെയ്യാത്തതില്‍ ഉള്‍പ്പെടുന്നു''.
Content Highlights: biggest flop of indian cinema