'പോസ്റ്റിട്ടത് ദേഷ്യം തീർക്കാനല്ല' എന്ന് അനുപമ; ആ പോസ്റ്റ് അനാവശ്യമായിരുന്നില്ലേ എന്ന് ചോദ്യം

താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ഡേറ്റിങ്ങിലാണെന്ന് വാർത്തകൾ വന്നത് 2025-ലാണ്. അവരൊരുമിച്ച് പല പരിപാടികളിലും പ്രത്യക്ഷപ്പെട്ടത്, വാർത്തകൾക്ക് ഊർജം പകർന്നു. അതിനിടെ ദിവസങ്ങൾക്കുമുമ്പാണ് തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിൽ അനുപമ ഒരു പോസ്റ്റിട്ടത്. ''ഇന്നുമുതൽ എന്റെ ശബ്ദം ഞാൻ തിരഞ്ഞെടുക്കുന്നു. ഇനി അനുവാദങ്ങൾ വേണ്ട, ഇനി ഭയവുമില്ല'' എന്നായിരുന്നു അതിൽ കുറിച്ചത്. അതിനൊപ്പം കുറേ ചിത്രങ്ങളും ഒരു വീഡിയോയും അനുപമ പോസ്റ്റ് ചെയ്തു. പിന്നാലെ, ധ്രുവും അനുപമയും പിരിഞ്ഞുവെന്നും, ധ്രുവിനെക്കുറിച്ചാണ് ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നതെന്നുമുള്ള കമന്റുകളുമായി ആരാധകരെത്തി.
ധ്രുവുമായിട്ട് അനുപമയ്ക്കുണ്ടായിരുന്നത് ഒരു ടോക്‌സിക് റിലേഷൻഷിപ്പ് ആയിരുന്നുവെന്നും പലരും പറഞ്ഞു. പിന്നാലെ ടോക്‌സിക് പങ്കാളിയെക്കുറിച്ചുള്ള പല പോസ്റ്റുകളിലും അനുപമയിട്ട കമന്റുകളും ചർച്ചയായി. ഒരു മാധ്യമപ്രവർത്തകന് അനുപമ കൊടുത്ത മറുപടിയാണിപ്പോൾ ചർച്ചയാവുന്നത്.
'ക്രേസി കല്യാണം' എന്ന തന്റെ പുതിയ തെലുഗുചിത്രത്തിന്റെ പ്രൊമോഷനെത്തിയതായിരുന്നു അനുപമയും അണിയറപ്രവർത്തകരും.
മാധ്യമപ്രവർത്തകർ അണിയറപ്രവർത്തകരോട് പല ചോദ്യങ്ങളും ചോദിച്ചു. അതിനിടയിൽ അനുപമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും വിഷയമായി. 'ഈയടുത്ത് നിങ്ങളുടെ ദേഷ്യം ഉൾപ്പെടെയുള്ള ഇമോഷനുകൾ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രകടിപ്പിച്ചു. അങ്ങനെ ചെയ്യുന്നതാണോ ശരിയായ രീതി? ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റ് അനാവശ്യമായിരുന്നില്ലേ' എന്നൊരു മാധ്യമപ്രവർത്തകൻ ചോദിച്ചു. അത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണെന്നും അതിലെന്താണ് പോസ്റ്റ് ചെയ്യേണ്ടതെന്ന് താനാണ് തീരുമാനിക്കുന്നതെന്നും അനുപമ മറുപടി പറഞ്ഞു.
''ഞാനെന്റെ ദേഷ്യം തീർക്കുകയായിരുന്നില്ല. ഒരു സ്ത്രീ കടന്നുപോകുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചതാണ് ഞാൻ. അക്കാര്യത്തിൽ എനിക്ക് അഭിമാനവുമുണ്ട്''. എന്നാൽ, ഇത് മറ്റൊരാളെ കുറ്റപ്പെടുത്തുന്നതുപോലെയായില്ലേ എന്ന് മാധ്യമപ്രവർത്തകൻ വീണ്ടും ചോദിച്ചു. അതിന് അനുപമ നൽകിയ മറുപടിയിങ്ങനെ, ''നിങ്ങൾക്ക് എന്നെക്കുറിച്ച് എന്തറിയാം? എന്റെ ജീവിതത്തെക്കുറിച്ച് എന്തറിയാം? അതുകൊണ്ട് കുഴപ്പമില്ല. ഇത് ഞങ്ങളുടെ ഇൻസ്റ്റഗ്രാമാണ്. ഞങ്ങൾക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യുന്നു''. ഈ മറുപടി വളരെ പെട്ടെന്ന് ചർച്ചയായി. ഒരു പുരുഷതാരത്തോട് ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുമായിരുന്നോ എന്നാണ് ആളുകൾ ചോദിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anupama Parameswaran clarifies the intent behind her viral social media post. The actor refutes claims that her post was directed at a specific person or relationship. Anupama defends her right to express personal emotions and life changes on her platform.