'പതിനേഴാം വയസ്സില്‍ ഓഡിഷനുകള്‍ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് വെബ്‌സൈറ്റുകളില്‍ ചെന്നുപെട്ടു' – അനീത് പദ്ദ

തന്റെ ഏറ്റവും പുതിയ ചിത്രമായ 'സൈയാര'യിലൂടെ പ്രശസ്തയായ നടിയാണ് അനീത് പദ്ദ. 17-ാം വയസ്സില്‍ ജോലി കിട്ടാനുള്ള വെപ്രാളത്തില്‍, ഓഡിഷനുകള്‍ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് വെബ്‌സൈറ്റുകളില്‍ ചെന്നുപെട്ടതിനെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് അനീത് പദ്ദ. അടുത്തിടെ കോസ്മോപൊളിറ്റന്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
പത്താം വയസ്സില്‍ തന്റെ സ്‌കൂള്‍ നാടകങ്ങളിലൊന്നില്‍ അഭിനയിച്ചതിനെക്കുറിച്ച് അനീത് ഓര്‍ത്തു. അക്കാലത്ത് വിചിത്രമായി പെരുമാറാനുള്ള രസകരമായ ഒരു മാര്‍ഗ്ഗമായാണ് അഭിനയത്തെ തനിക്ക് തോന്നിയിരുന്നതെന്നും അതിന് കയ്യടി ലഭിച്ചിരുന്നുവെന്നും അവര്‍ പങ്കുവെച്ചു. എന്നാല്‍, സുഹൃത്തുക്കളില്‍ നിന്നും അച്ഛനില്‍ നിന്നും പിന്തുണയില്ലാതിരുന്നത് അരക്ഷിതാവസ്ഥയുണ്ടാക്കി. 'ഇതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നതുപോലും നിന്റെ വിഡ്ഢിത്തമാണെന്ന് ഒരുപാട് കാലം ഞാന്‍ എന്നോട് തന്നെ പറഞ്ഞു. കുറച്ചുകാലത്തേക്ക് സ്വപ്നം കാണുന്നതും നിര്‍ത്തി.' അവര്‍ പറഞ്ഞു,
'17ാം വയസ്സില്‍ അഭിനയിക്കാനുള്ള ആഗ്രഹം മൂലം ഓഡിഷനുകള്‍ക്കായി ഓണ്‍ലൈനില്‍ തിരയാന്‍ തുടങ്ങി. ഇതിനിടയില്‍, തട്ടിപ്പു വെബ്‌സൈറ്റുകളില്‍ ചെന്നുപെട്ടു. ഹിന്ദി സിനിമാ വ്യവസായത്തിലെ ഒട്ടുമിക്ക പ്രൊഡക്ഷന്‍ ഹൗസുകളുടെയും കൈവശം എന്റെ ഓഡിഷന്‍ ടേപ്പും, വളരെ മോശം ബയോഡാറ്റയും, സ്‌നാപ്പ്ചാറ്റ് ഫില്‍ട്ടര്‍ ചിത്രങ്ങളുമുണ്ട്.' അവര്‍ വെളിപ്പെടുത്തി.
കോവിഡ് മഹാമാരിയുടെ കാലത്ത് 50 മുതല്‍ 70 വരെ പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് ഇമെയിലുകള്‍ അയച്ച കാര്യവും അവര്‍ ഓര്‍ത്തെടുത്തു. എന്നാല്‍, അഭിനേതാക്കള്‍ക്ക് വേണ്ടി അവസരങ്ങള്‍ ചര്‍ച്ച ചെയ്ത് ഉറപ്പിക്കുന്നത് കാസ്റ്റിങ് ഏജന്‍സികളാണെന്ന് പിന്നീട് അവര്‍ തിരിച്ചറിഞ്ഞു.
കജോളും വിശാല്‍ ജേത്വയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച, രേവതിയുടെ സ്ലൈസ്-ഓഫ്-ലൈഫ് ഡ്രാമയായ 'സലാം വെങ്കി' എന്ന ചിത്രത്തിലൂടെയാണ് അനീത് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന്, 'ബിഗ് ഗേള്‍സ് ഡോണ്ട് ക്രൈ' എന്ന വെബ് സീരീസില്‍ അഭിനയിച്ച അവര്‍, തന്റെ പ്രകടനത്തിന് ഏറെ പ്രശംസ നേടി.
മോഹിത് സൂരിയുടെ 'സൈയാര' എന്ന ചിത്രമാണ് ഇപ്പോള്‍ അവരെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. ഈ റൊമാന്റിക് ഡ്രാമയില്‍ നവാഗതനായ അഹാന്‍ പാണ്ഡയുടെ നായികയായാണ് അനീത് അഭിനയിച്ചത്. ഇരുവരുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ലോകമെമ്പാടുമായി 569.75 കോടി രൂപ ചിത്രം നേടി. 2025-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായും 'സൈയാര' മാറി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: actress aneet padda recounts falling prey to audition scams at 17, her journey from school plays to bollywood success with `Saiyaara`, and overcoming initial lack of support.