നെപ്പോട്ടിസം വിവാദം; ‘ആളുകൾ എന്നെക്കുറിച്ച് എന്തു കരുതിയാലും കുഴപ്പമില്ല, അച്ഛന്റെ മകളായതിൽ അഭിമാനം’

ജനപ്രിയതാരങ്ങളുടെ മക്കൾ സിനിമയിലെത്തുമ്പോൾ ഉയരുന്ന നെപ്പോട്ടിസം ചർച്ചകൾക്ക് എന്നും പ്രസക്തിയുണ്ട്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ഇത്തരം വിമർശനങ്ങൾ നേരിടുന്ന നടിയാണ് അനന്യ പാണ്ഡെ. എന്നാൽ അച്ഛൻ ചങ്കി പാണ്ഡെയുടെ മകളെന്ന വിശേഷണത്തിൽ നിന്ന് മാറിനിൽക്കാനല്ല, അതിൽ അഭിമാനിക്കാനാണ് തനിക്ക് താത്പര്യമെന്ന് തുറന്നുപറയുകയാണ് താരം. തനിക്ക് ലഭിച്ച അവസരങ്ങളും സൗഭാഗ്യങ്ങളും അംഗീകരിക്കുന്നതിൽ മടിയില്ലെന്നും അനന്യ വ്യക്തമാക്കി.
പുതുതലമുറയെക്കുറിച്ചുള്ള പൊതുവായ വിലയിരുത്തലുകളോടും വിമർശനങ്ങളോടും അനന്യയ്ക്ക് വിയോജിപ്പുണ്ട്. ജെൻ സി തലമുറയെ കാരണമില്ലാതെയാണ് മോശമായി ചിത്രീകരിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
“സത്യത്തിൽ, ഒരു കാരണവുമില്ലാതെയാണ് ജെൻ സി മോശം പേരുകേൾക്കുന്നത്. വിജയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഓരോ തലമുറയിലും വ്യത്യസ്തമാണ്. പഴയ തലമുറയ്ക്ക് വിജയത്തിലെത്താൻ ഒരു പ്രത്യേക വഴിയുണ്ടായിരുന്നു. എന്നാൽ ജെൻ സി അങ്ങനെയല്ല. എനിക്ക് തിരക്കുകൾ ഇഷ്ടമാണ്. കൂടുതൽ സമയം ജോലി ചെയ്യാനും താത്പര്യമുണ്ട്. എന്നാൽ എന്റെ തലമുറയിൽപ്പെട്ട മറ്റൊരാൾ കുറച്ചുമാത്രം ജോലി ചെയ്തും വിജയിക്കുന്നുണ്ടാകാം. അതും അവരുടെ രീതിയാണ്”, അനന്യ പറഞ്ഞു.
2019-ൽ 'സ്റ്റുഡന്റ് ഓഫ് ദി ഇയർ 2' എന്ന ചിത്രത്തിലൂടെയായിരുന്നു അനന്യയുടെ ബോളിവുഡ് അരങ്ങേറ്റം. അച്ഛൻ ചങ്കി പാണ്ഡെ സിനിമാതാരമായതുകൊണ്ട് ലഭിച്ച അവസരങ്ങളെക്കുറിച്ചും നെപ്പോട്ടിസം വിമർശനങ്ങളെക്കുറിച്ചും തുടക്കം മുതൽ അനന്യയ്ക്ക് മറുപടി പറയേണ്ടിവന്നിട്ടുണ്ട്. എന്നാൽ തന്റെ കുടുംബപശ്ചാത്തലത്തെ നിഷേധിക്കാനോ അതിൽനിന്ന് അകന്നുനിൽക്കാനോ താരം ആഗ്രഹിക്കുന്നില്ല.
“ഇക്കാര്യം അംഗീകരിക്കാതിരിക്കുന്നതിൽ അർഥമില്ല. അച്ഛന്റെ മകളായതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. ചങ്കി പാണ്ഡെയുടെ മകളെന്ന വിശേഷണത്തിൽ നിന്ന് ഒരിക്കലും മാറിനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ ബന്ധത്തിന് എന്തെങ്കിലും മോശം അർഥം നൽകാനും താത്പര്യമില്ല. ആളുകൾ എന്നെക്കുറിച്ച് എന്തു കരുതിയാലും, എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ സ്വപ്നം ജീവിക്കാൻ കഴിയുന്നതിൽ ദൈവത്തോട് നന്ദി പറയാറുണ്ട്. ഞാൻ ഭാഗ്യവതിയാണ്. എനിക്ക് ലഭിച്ച സൗഭാഗ്യങ്ങളെക്കുറിച്ച് ബോധ്യമുണ്ട്”, അനന്യ പറഞ്ഞു.
നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ ഭീഷണികളെക്കുറിച്ചും സിനിമാമേഖലയിലെ സുരക്ഷാ ആശങ്കകളെക്കുറിച്ചും അനന്യ പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് താരം പറഞ്ഞു. അഭിനേതാക്കളുടെ മാത്രമല്ല, സിനിമയുമായി ബന്ധപ്പെട്ട് എത്തുന്ന ജനക്കൂട്ടത്തിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം സംഭവങ്ങൾ സുരക്ഷാ ക്രമീകരണങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താൻ എല്ലാവരെയും പ്രേരിപ്പിക്കുമെന്നും അനന്യ വ്യക്തമാക്കി.
'ചാന്ദ് മേരാ ദിൽ' ആണ് അനന്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലക്ഷ്യ ലാൽവാനി നായകനായെത്തിയ പ്രണയചിത്രം മെയ് എട്ടിനാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. 'കോൾ മീ ബേ'യുടെ രണ്ടാം സീസണാണ് അനന്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള പ്രധാന പ്രോജക്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi