പാമ്പിന്‍ ബീജമായിരുന്നു അതില്‍, ശബ്ദം മെച്ചപ്പെടുത്തുമെന്ന് പറഞ്ഞത് കോച്ച്-അമേരിക്കന്‍ ഗായിക

മികച്ച ശബ്ദം ലഭിക്കാനും നല്ല ശബ്ദം നിലനിര്‍ത്താനും ഗായകര്‍ പല വിദ്യകളും പരീക്ഷിക്കാറുണ്ട്. പ്രശസ്ത അമേരിക്കന്‍ ഗായിക ജെസ്സിക സിംപ്‌സണ്‍ മധുരമേറിയ ശബ്ദത്തിനായുള്ള തന്റെ ഏറ്റവും പുതിയ രഹസ്യം വെളിപ്പെടുത്തിയപ്പോള്‍ ആരാധകര്‍ ശരിക്കും ഞെട്ടി. വോക്കല്‍ കോഡുകള്‍ മികച്ചതാക്കാന്‍ 'സ്‌പേം കോക്ടെയിലുകള്‍' കുടിക്കാറുണ്ടെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. പാമ്പിന്‍ ബീജമാണ് ഈ കോക്ടെയ്‌ലിലെ ചേരുവകളിലൊന്ന്. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് പാമ്പിന്റെ ബീജം അടങ്ങിയ ഒരു ചൈനീസ് ഹെര്‍ബല്‍ കോക്ടെയ്ല്‍ കുടിക്കാറുണ്ടെന്ന് ഗായിക പറഞ്ഞിരിക്കുന്നത്.
സിംപ്സണ്‍ ഒരു ചെറിയ കുപ്പിയില്‍ നിന്ന് ഒരു പാനീയം കുടിക്കുന്നതും അതിനെപ്പറ്റി മുമ്പിലുള്ളവരോട് വിശദീകരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് ഒരു ചൈനീസ് ഔഷധമാണെന്നും തന്റെ വോക്കല്‍ കോച്ച് ഇത് കുടിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അവര്‍ പറയുന്നു.
''തേനിന് തുല്യമാണ് ഈ പാനീയത്തിന്റെ സ്വാദ്. ഇത് കുടിക്കുന്നത് ആളുകള്‍ക്ക് മോശമായി തോന്നിയേക്കാം, പക്ഷേ എന്റെ പാട്ട് മികച്ചതാക്കാന്‍ ഇത് സഹായിച്ചിട്ടുണ്ട്. നല്ല ശബ്ദം വേണമെങ്കില്‍, നിങ്ങളും പാമ്പിന്‍ ബീജം കുടിക്കൂ''-എന്നും സിംപ്‌സണ്‍ പറയുന്നു. അതേസമയം, പാമ്പിന്‍ ബീജം ഈ പാനീയത്തില്‍ ഉണ്ടെന്ന കാര്യം അവര്‍ക്ക് ആദ്യമറിയില്ലായിരുന്നു. ഇതിലെ ചേരുവ വായിച്ച സുഹൃത്തുക്കളാണ് ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയത്.
2017 മുതല്‍ മദ്യത്തോട് ആസക്തി തോന്നിയിട്ടില്ലെന്നും അത് തൊട്ടിട്ടില്ലെന്നും തനിക്കും കുടുംബത്തിനും വേണ്ടി എടുത്ത ഏറ്റവും മികച്ച തീരുമാനമാണതെന്നും അവര്‍ പറയുന്നു.
അതേസമയം, ജീവികളുടെ ബീജംകൊണ്ടുള്ള ഉത്പന്നങ്ങള്‍ സൗന്ദര്യവര്‍ധനവിനുള്‍പ്പെടെ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. അക്കൂട്ടത്തില്‍ സെലിബ്രിറ്റികളുമുണ്ട്. കൊളാജന്‍ വര്‍ധിപ്പിക്കാനും ചര്‍മത്തിലെ പിഗ്മെന്റേഷന്‍ മെച്ചപ്പെടുത്തുന്നതിനും സാല്‍മണ്‍ ബീജത്തിന്റെ ഫേഷ്യലുകള്‍ ചെയ്യാറുള്ളതായി അമേരിക്കന്‍ ടെലിവിഷന്‍ താരം ക്ലോയി കര്‍ദാഷിയാനും ഹോളിവുഡ് താരം ജെനിഫര്‍ ആനിസ്റ്റണും അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.
Content Highlights: american singer jessica simpson says drinking snake sperm helps her voice