15 വർഷമായി സമോസ കഴിക്കാറില്ലെന്ന് അക്ഷയ് കുമാർ; കാരണമിതെന്ന് താരം

'വീൽ ഓഫ് ഫോർച്യൂൺ' എന്ന ക്വിസ് റിയാലിറ്റി ഷോയ്ക്കിടെ തന്റെ ഭക്ഷണക്രമത്തിലെ ഒരു അദ്ഭുതകരമായ കാര്യം വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാർ. മത്സരാർഥികളായ വിധി ഭരണി, റിവാജ് ഘിമിരെ, നീലം രജ്പുത് എന്നിവരുമായി സംവദിക്കുന്നതിനിടെയാണ് പരിപാടിയുടെ അവതാരകനായ അക്ഷയ് ഇക്കാര്യം വെളിപ്പെടുത്തിയത്. വർഷങ്ങളായി താൻ സമോസ കഴിക്കാറില്ലെന്നാണ് അക്ഷയ് പറയുന്നത്.
കഴിഞ്ഞ 15 വർഷമായി സമൂസ കഴിച്ചിട്ടില്ല എന്നത് സത്യമാണോ എന്ന് ഒരു മത്സരാർത്ഥി അക്ഷയ്‌യോട് ചോദിച്ചു. അതിന് അക്ഷയ് മറുപടിയായി പറഞ്ഞു, 'സത്യമാണ്. അതിലെന്താണ് തെറ്റ്?' സമോസ പോലുള്ള രുചികരമായ ഒന്നിനെ എങ്ങനെ ഒഴിവാക്കാൻ കഴിയുമെന്ന് മത്സരാർഥി വീണ്ടും ചോദിച്ചു. ഇത് ഡയറ്റിങ്ങിന്റെ ഭാഗമായോ, ശരീരഭാരം കൂട്ടുന്നതിന്റെ ഭാഗമായോ അല്ല. അസിഡിറ്റി ഉണ്ടാക്കുന്നതിനാലാണ് സമോസ ഒഴിവാക്കുന്നത്. അത് ശരീരത്തിന് അസ്വസ്ഥതയുണ്ടാക്കുന്നു.’ അദ്ദേഹം പറയുന്നു. 'മിസ്റ്റർ ആന്റ് മിസിസ് ഖിലാഡി'യിലെ 'ജബ് തക് രഹേഗാ സമോസെ മേം ആലൂ' എന്ന പാട്ടിൽ അഭിനയിക്കുമ്പോൾ, ഒരു സമോസ പോലും കഴിച്ചിരുന്നില്ലെന്നും അക്ഷയ് ഓർക്കുന്നു.
60-ാം വയസ്സിലും കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നയാളാണ് അക്ഷയ്. അദ്ദേഹം ഫിറ്റ്‌നെസിന്റെ കാര്യത്തിലും അതീവശ്രദ്ധാലുവാണ്. അച്ചടക്കമുള്ള ഒരു ജീവിതശൈലി പിന്തുടരുന്ന അക്ഷയ്, വൈകുന്നേരം 7 മണിക്ക് മുമ്പ് ഡിന്നർ കഴിക്കുകയും ചെയ്യും.
അമേരിക്കൻ ടെലിവിഷൻ ഗെയിം ഷോ ആയ 'വീൽ ഓഫ് ഫോർച്യൂണി'നെ അടിസ്ഥാനമാക്കി നിർമിക്കുന്നതാണ് 'വീൽ ഓഫ് ഫോർച്യൂൺ ഇന്ത്യ' (Wheel of Fortune India). സോണി എന്റർടെയിൻമെന്റ്‌സിലാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. ഈ വർഷം ജനുവരി 27-നാണ് പരിപാടി തുടങ്ങിയത്. അതിലാണ് അക്ഷയ് അവതാരകനായെത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Akshay Kumar confirms a 15-year abstinence from samosas. Health reason cited is acidity and digestive discomfort, not just weight management