‘ഹെലികോപ്റ്റർ ടാക്‌സിപോലെ ഉപയോഗിച്ചു, എന്റെ പണം മുഴുവൻ തിന്നു’; അക്ഷയ് കുമാറിനോട് ഫറാ ഖാൻ

അക്ഷയ് കുമാർ/PTI, ഫറാ ഖാൻ/UNI
അക്ഷയ് കുമാർ/PTI, ഫറാ ഖാൻ/UNI

സിനിമാ ചിത്രീകരണത്തിനിടെ നടൻ അക്ഷയ് കുമാർ ദിവസവും ഹെലികോപ്റ്ററിൽ സെറ്റിലെത്തിയിരുന്നുവെന്ന ഓർമ പങ്കുവെച്ച് സംവിധായിക ഫറാ ഖാൻ. 2010-ൽ പുറത്തിറങ്ങിയ ‘തീസ് മാർ ഖാൻ’ എന്ന സിനിമയുടെ ചിത്രീകരണസമയത്തെ രസകരമായ അനുഭവമാണ് ഫറാ ഖാൻ വെളിപ്പെടുത്തിയത്. ‘ഭൂത് ബംഗ്ലാ’ എന്ന സിനിമയുടെ ഒടിടി റിലീസ് പ്രൊമോട്ട് ചെയ്യുന്നതിനിടെ അക്ഷയ് കുമാർ, പ്രിയദർശൻ, രാജ്പാൽ യാദവ് എന്നിവരോടൊപ്പമുള്ള സംഭാഷണത്തിലാണ് അവർ ഓർമ പങ്കുവെച്ചത്.

മഹാരാഷ്ട്രയിലെ മാൽഷേജ് ഘട്ടിലായിരുന്നു തീസ് മാർ ഖാന്റെ ചിത്രീകരണം. മുംബൈയിൽ നിന്ന് ഏകദേശം രണ്ടര മണിക്കൂർ യാത്രയുള്ളതിനാൽ താരങ്ങളും അണിയറപ്രവർത്തകരും ലൊക്കേഷനു സമീപം തന്നെയായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അക്ഷയ് കുമാർ മാത്രം എല്ലാ ദിവസവും ചിത്രീകരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയും പിറ്റേന്ന് രാവിലെ കൃത്യസമയത്ത് സെറ്റിലെത്തുകയും ചെയ്തിരുന്നുവെന്ന് ഫറാ പറഞ്ഞു.

പ്രിയദർശനും അക്ഷയ് കുമാറും/Photo:PTI

“രാവിലെ എട്ട് മണിക്കായിരുന്നു ദിവസവും കോൾ ടൈം. എല്ലാവരും അവിടെ തന്നെയായിരുന്നു താമസം. പക്ഷേ അക്ഷയ് എല്ലാ വൈകുന്നേരവും വീട്ടിലേക്ക് മടങ്ങി, പിറ്റേന്ന് രാവിലെ തന്നെ തിരിച്ചെത്തുമായിരുന്നു.” 

ഇത് കേട്ട് നടൻ രാജ്പാൽ യാദവ് അമ്പരന്നപ്പോൾ, ‘എങ്ങനെ സാധിച്ചു എന്ന് പറയൂ?’ എന്ന് ഫറയും അക്ഷയും തമാശയായി ചോദിച്ചു. രാജ്പാലിന് മറുപടിയില്ലാതായതോടെ അക്ഷയ് തന്നെയാണ് രഹസ്യം വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ രാജ്പാൽ യാദവിനെ ഞെട്ടിച്ചു.
“ഞാൻ ഹെലികോപ്റ്ററിലായിരുന്നു യാത്ര ചെയ്തിരുന്നത്,” അക്ഷയ് പറഞ്ഞു.
അതിന് മറുപടിയായി ഫറാ ഖാൻ പറഞ്ഞത്, “ഒരു നടൻ ഹെലികോപ്റ്ററെ ടാക്‌സിപോലെ ഉപയോഗിക്കുന്നത് ഞാൻ ആദ്യമായാണ് കണ്ടത്. പക്ഷേ ഒരു കാര്യം പറയണം, അദ്ദേഹം എല്ലായ്‌പ്പോഴും കൃത്യസമയത്ത് സെറ്റിലെത്തുമായിരുന്നു”. 

തന്റെ യാത്ര മറ്റാർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്ന് അക്ഷയ് വ്യക്തമാക്കി. “അതിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്‌നം? ആ സിനിമയുടെ നിർമ്മാതാവും ഞാനായിരുന്നു”.

ഉടനെ തന്നെ ഫറാ ഖാൻ തമാശയായി ഏറ്റുപിടിച്ചു, “ഞാനും നിർമാതാവായിരുന്നു. എന്റെ പണം മുഴുവൻ തിന്നത് ഇയാളാണ്”.
ഇത് കേട്ട് അക്ഷയ് ഞെട്ടലോടെ പ്രതികരിച്ചു, “ഞാനാണോ നിങ്ങളുടെ പണം തിന്നത്? ആ സിനിമയിൽനിന്ന് ഏറ്റവും കൂടുതൽ ലാഭം നേടിയത് നിങ്ങളല്ലേ”. അപ്പോൾ ഫറ വീണ്ടും തമാശയായി, “റോണി സ്‌ക്രൂവാലയെ വിളിച്ച് നമ്മുടെ പണത്തിന്റെ കണക്ക് ചോദിച്ചാൽ മതി,” എന്ന് പറഞ്ഞതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

‘ഓം ശാന്തി ഓം’ എന്ന സിനിമയ്ക്കുശേഷം ഫറാ ഖാൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു തീസ് മാർ ഖാൻ. 2010-ൽ പുറത്തിറങ്ങിയ ചിത്രം റിലീസ് സമയത്ത് മോശം പ്രതികരണമാണ് നേടിയതെങ്കിലും പിന്നീട് പലരും അതിലെ കോമഡികൾക്കും സംഭാഷണങ്ങൾക്കും പാട്ടുകൾക്കുമായി വീണ്ടും ചിത്രം കാണാൻ തുടങ്ങി. സിനിമാ ചിത്രീകരണകാലത്തെ ഈ രസകരമായ ഓർമകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: akshay-kumar-helicopter-taxi-tees-maar-khan-farah-khan