രണ്ടുലക്ഷംരൂപയ്ക്ക് ആറുതവണ സെക്‌സ് ചെയ്യണമെന്ന് അയാൾ പറഞ്ഞു;റിയാലിറ്റി ഷോ താരത്തിന്റെ വെളിപ്പെടുത്തൽ

ഫോട്ടോ: Instagram
ഫോട്ടോ: Instagram

നെറ്റ്ഫ്‌ളിക്‌സിൽ സംപ്രേഷണം ചെയ്യുന്ന സീരീസാണ് 'ലോക്കപ്പ്: സച്ച് യാ സസാ (Lock Upp: Sach Ya Sazaa). സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാനും നടൻ റിതേഷ് ദേശ്മുഖുമാണ് ഇത് അവതരിപ്പിക്കുന്നത്. 

മത്സരാർത്ഥികളെ ജയിലിന്റെ മാതൃകയിലുള്ള (ലോക്കപ്പ്) ഒരു സെറ്റിനുള്ളിൽ പാർപ്പിക്കുന്നു. അവിടെയാണ് മത്സരം നടക്കുന്നത്. അവിടെ താമസിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സിലിടം നേടുന്നയാൾ വിജയിക്കുന്നു. സീസൺ 2-ൽ 16 മത്സരാർഥികളാണ് ഉണ്ടായിരുന്നത്. ഓരോ ഘട്ടങ്ങളായി ഓരോ മത്സരാർഥികൾ ലോക്കപ്പിൽനിന്ന് പുറത്താവും. ഇപ്പോൾ മത്സരം ഫിനാലെയിലേക്ക് കടന്നിരിക്കുകയാണ്.

മത്സരാർഥികളുടെ പല വെളിപ്പെടുത്തലും വൻചർച്ചയാവാറുണ്ട്. മോഡലായ ആകാംക്ഷ ചൗധരിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാവുന്നത്. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള ആകാംക്ഷയുടെ തുറന്നുപറച്ചിൽ മത്സരാർഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചു.

ഷോയിൽനിന്ന് പുറത്താവുന്നതിനുമുമ്പ് തന്റെ ജീവിതത്തിലെ ഒരു രഹസ്യം വെളിപ്പെടുത്തുകയായിരുന്നു ആകാംക്ഷ. ''ഞാൻ ഒരു സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു; അതിനായി വസ്ത്രങ്ങൾ വാങ്ങുന്നതിനും പരിശീലന ഫീസ് അടയ്ക്കുന്നതിനുമൊക്കെയായി ഏകദേശം 1-2 ലക്ഷം രൂപ ആവശ്യമായിരുന്നു. അത്രയും പണം ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല, അതിനുള്ള സാമ്പത്തികശേഷി എന്റെ മാതാപിതാക്കൾക്കും ഇല്ലായിരുന്നു. ഈ മേഖലയിലുള്ള വളരെ സ്വാധീനമുള്ളൊരാളെ എനിക്കറിയാമായിരുന്നു. അദ്ദേഹം വലിയൊരു വ്യക്തിത്വമായതുകൊണ്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. മുൻപ് ഞാൻ പങ്കെടുത്ത പല സൗന്ദര്യമത്സരങ്ങളിലും വിധികർത്താവായി എത്തിയിരുന്നതിനാൽ വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുന്ന പലരെയും അദ്ദേഹം സാമ്പത്തികമായി സഹായിച്ചിട്ടുള്ളതുകൊണ്ട് ഞാൻ അദ്ദേഹത്തെ സമീപിച്ചു; രണ്ട് മാസത്തേക്ക് എന്നെയും സഹായിക്കാൻ കഴിയുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു''.

എൻജിനീയറിങ് ബിരുദവും നന്നായി ആശയവിനിമയം നടത്താനുള്ള കഴിവും ഉള്ളതിനാൽ, കടംവീട്ടാനായി ജോലി ചെയ്യാമെന്നും ആകാംക്ഷ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം സമ്മതിച്ചെങ്കിലും, മനസ്സിൽ പല ദുരുദ്ദേശ്യങ്ങളുമുണ്ടായിരുന്നുവെന്ന് ആകാംക്ഷ ആരോപിക്കുന്നു. അയാൾ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. മുമ്പ് അവിടെവെച്ചുള്ള പല പാർട്ടികളിലും പങ്കെടുത്തതിനാൽ ആ സ്ഥലം പരിചിതമായിരുന്നു താരത്തിന്. വീട്ടിലെത്തിയ ആകാംക്ഷയെ ആ വ്യക്തി കെട്ടിപ്പിടിച്ചു. ''അയാൾ വെറുതെ കെട്ടിപ്പിടിക്കുകയല്ല ചെയ്തത്, എന്നെ കടന്നുപിടിക്കുകയായിരുന്നു. അതിനുശേഷം അയാൾ എന്നിൽനിന്ന് കൈ മാറ്റാൻ കൂട്ടാക്കിയില്ല. പ്രായം ചെന്ന ആളായതുകൊണ്ട് ഞാൻ തള്ളിമാറ്റി. അപ്പോൾ ഇരുന്നുകൊണ്ട് എന്നോട് പറഞ്ഞു, 'ഒരു വർഷം കഴിഞ്ഞു ഏറ്റവുമൊടുവിൽ നിന്നെ കണ്ടിട്ട്. നീ മുതിർന്നുവെന്ന് കാണുന്നതിൽ സന്തോഷം. ഒരു വർഷം മുമ്പ് നീ വന്നപ്പോൾ, നിന്റെ ചിന്താഗതി എത്രത്തോളം പിന്നോക്കമായിരുന്നുവെന്ന് ഞാൻ കണ്ടിരുന്നു. അന്ന് നീ എന്നോടൊപ്പം വരാൻ സമ്മതിച്ചിരുന്നെങ്കിൽ, ഇപ്പോൾ നീ പല പ്രോജക്റ്റുകളിലും അഭിനയിക്കുമായിരുന്നു. ഇപ്പോൾ ആരും നിനക്ക് ജോലി നൽകുന്നില്ല, അതുകൊണ്ട് നീ വന്ന സ്ഥിതിക്ക് ഞാൻ നിനക്ക് ഇത്രയും പണം വാഗ്ദാനം ചെയ്യുന്നു. പക്ഷേ അതിന് പകരമായി, നീ എന്നോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടണം.' അയാൾ എല്ലാം കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. ഒരു മാസത്തിനുള്ളിൽ അഞ്ചോ ആറോ തവണ അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്നായിരുന്നു ആവശ്യം''.

ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അങ്ങോട്ട് വരില്ലായിരുന്നുവെന്ന് ആകാംക്ഷ അയാളോട് പറഞ്ഞു. നിരസിച്ചത് അയാൾ കാര്യമായി എടുത്തില്ലെന്നും ആകാംക്ഷ പറയുന്നു. ''അയാളെന്നോട് പറഞ്ഞു, 'ഒരു വർഷത്തിനുശേഷം, നീ ചിന്തിക്കുന്ന രീതി മാറ്റുമെന്ന് ഞാൻ കരുതി. പക്ഷേ നീ ഇപ്പോഴും പഴയ മാനസികാവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് വർഷം കഴിഞ്ഞ്, നീ ഇതിൽ ഖേദിക്കും. നീ ആരുമല്ലാത്തതിനാൽ ഈ ഇൻഡസ്ട്രിയിൽ, അതില്ലാതെ ഒന്നും നടക്കില്ല?' അവിടുന്ന് ഞാനിറങ്ങി. അവിടുന്ന് ആറുമാസം കഴിഞ്ഞപ്പോഴേക്കും എനിക്കൊരു വലിയ ഷോ കിട്ടി. ഒരു വർഷമായപ്പോഴേക്കും ഞാൻ ഏറ്റവും വലിയ വേദികളിലൊന്നിൽ നിൽക്കുന്നു''.

ആകാംക്ഷയുടെ ഈ വെളിപ്പെടുത്തൽ മത്സരാർഥികളിൽ ഞെട്ടലുണ്ടാക്കി. തനിക്കുവേണ്ടി നിന്നതിന് അവതാരകരായ ഫറാ ഖാനും റിതേഷ് ദേശ്മുഖും അവരെ പ്രശംസിക്കുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Model Akanksha Chaudhary reveals a casting couch incident during Lock Upp Season 2. A powerful industry figure demanded sexual favors in exchange for financial aid.