നിക്ഷേപിക്കും മുമ്പ് ഉയര്‍ന്ന പലിശയല്ല, മികച്ച റേറ്റിങ് ആണ് പരിഗണിക്കേണ്ടത്

കൂടുതല്‍ പലിശ ലഭിക്കുമെന്നതിനാല്‍ കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങളിലാണ് ജയപ്രകാശിന്റെ നിക്ഷേപമേറെയും. ഉയര്‍ന്ന പലിശ ആകര്‍ഷകമാണെങ്കിലും കരുതലോടെവേണം കോര്‍പ്പറേറ്റ് എഫ്.ഡി.കളില്‍ നിക്ഷേപിക്കാന്‍. കാരണം അവ ആര്‍.ബി.ഐ.യുടെ നിയന്ത്രണത്തിലുള്ളവയല്ല. ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ല.
കോര്‍പറേറ്റ് എഫ്.ഡി.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മാനുഫാക്ചറിങ് കമ്പനികള്‍ എന്നിവയാണ് കൂടുതലായി സ്ഥിരനിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. നിക്ഷേപ തുക തിരികെ ലഭിക്കുന്നതിന് ഈടൊന്നുമില്ലാത്തതിനാല്‍ റിസ്‌ക് ഉണ്ട്. ബാങ്കില്‍ അഞ്ച് ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടാല്‍ നിക്ഷേപിച്ച തുകപോലും തിരികെ കിട്ടിയെന്നുവരില്ല. കരുതലോടെ നിക്ഷേപം നടത്തിയാല്‍ തരക്കേടില്ലാത്ത ആദായം കമ്പനി എഫ്.ഡി.കളില്‍നിന്ന് നേടാം. പ്രതിമാസം, അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെയുള്ള കാലയളവുകളില്‍ പലിശ വാങ്ങാന്‍ അവസരമുണ്ട്.
റേറ്റിങ് പ്രധാനം
കൂടുതല്‍ പലിശയല്ല, കമ്പനികളുടെ കെട്ടുറപ്പാണ് പരിഗണിക്കേണ്ടത്. സ്ഥിരനിക്ഷേപങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള റേറ്റിങ് അതിനായി വിലയിരുത്താം. ട്രിപ്പിള്‍ എ(എഎഎ), ഡബിള്‍ എ(എഎ) എന്നിവയാണ് ഉയര്‍ന്ന റേറ്റിങ്. മികച്ച റേറ്റിങ് ഉള്ളവ താരതമ്യേന സുരക്ഷിതമായാണ് കരുതുന്നത്. റേറ്റിങ് കുറയുന്നതിനനുസരിച്ച് റിസ്‌കും അതോടൊപ്പം പലിശയും കൂടും. കമ്പനിയുടെ അടിസ്ഥാന കാര്യങ്ങള്‍ പരിഗണിച്ച് ക്രിസില്‍, ഐ.സി.ആര്‍.എ., ഫിച്ച്, കെയര്‍ എന്നീ ഏജന്‍സികളാണ് റേറ്റിങ് നിശ്ചയിക്കുന്നത്. കമ്പനികളുടെ വെബ്സൈറ്റുകളില്‍ നിക്ഷേപങ്ങള്‍ക്കുള്ള റേറ്റിങ് പ്രദര്‍ശിപ്പിക്കാറുണ്ട്.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍
ഉയര്‍ന്ന റേറ്റിങ് ഉള്ള കമ്പനികളുടെ സാമ്പത്തിക സ്ഥിതി കാലക്രമേണ മോശമാകാനും സാധ്യതയുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനമാണെങ്കില്‍ റേറ്റിങ്ങുകള്‍ക്കപ്പുറമുള്ള വിലയിരുത്തല്‍ വേണ്ടിവരും. കടബാധ്യത, സുരക്ഷിതമല്ലാത്ത വായ്പകള്‍ എന്നീ വിവരങ്ങള്‍ക്കായി ബാലന്‍സ് ഷീറ്റ് പരിശോധിക്കാം. ആസ്തിയേക്കാള്‍ കൂടുതല്‍ കടമുണ്ടെങ്കില്‍ ജാഗ്രതവേണം. റിസര്‍വ് ബാങ്കിന്റെയും സെക്യൂരിറ്റീസ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെയും വ്യവസ്ഥകള്‍ പാലിക്കുന്ന സ്ഥാപനമാണോയെന്ന് ആദ്യം നോക്കാം. കമ്പനികളുടെ വെബ്സൈറ്റിലുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും പരിശോധിക്കാം. മികച്ച പ്രവര്‍ത്തന ഫലം, ദീര്‍ഘകാലയളവിലെ സ്ഥിരമായ വളര്‍ച്ച, ലാഭവീത കണക്കുകള്‍ ഇവയെല്ലാം മികച്ച സൂചനകളാണ്.
കേള്‍ക്കാത്ത സ്ഥാപനങ്ങളില്‍ വേണ്ട
ഇതുവരെ കേട്ടിട്ടില്ലാത്ത കമ്പനികകളില്‍ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. സ്ഥിരനിക്ഷേപങ്ങള്‍ തിരിച്ചുനല്‍കുന്നതിനും പലിശ കൃത്യമായി വിതരണം ചെയ്യുന്നതിനും കമ്പനിക്ക് ദീര്‍ഘകാല ചരിത്രമുണ്ടോയെന്ന് പരിശോധിക്കാം. കാലാവധിയെത്തുംമുന്‍പുള്ള പിന്‍വലിക്കല്‍ വ്യവസ്ഥകളും പ്രധാനമാണ്. ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പിഴപലിശയാകും കമ്പനികള്‍ ഈടാക്കുക. കാലാവധിയെത്തുംമുന്‍പ് പണം പിന്‍വലിക്കാന്‍ ചില കമ്പനികള്‍ അനുവദിക്കാറുമില്ല.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
പലിശമാത്രം മാനദണ്ഡമാക്കി കമ്പനി എഫ്.ഡി.യില്‍ നിക്ഷേപം നടത്തരുത്. മുഴുവന്‍ തുകയും ഒരു കമ്പനിയില്‍തന്നെ ഇടുകയും വേണ്ട. കമ്പനികളുടെ സാമ്പത്തിക സ്ഥിരത വിലയിരുത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാതിരിക്കുക.
Content Highlights: things to take care before investment