വിവാഹത്തിന് ശേഷം ജോലി ഉപേക്ഷിച്ചോ? വരുമാനത്തിനായി സ്ത്രീകള്‍ക്ക് തുടങ്ങാം സ്വന്തം സംരംഭം

കോട്ടയത്തെ ഒരു ഹൗസിങ് കോളനിയില്‍ താമസിക്കുന്ന റീനയുടെ മാസവരുമാനം പതിനായിരങ്ങളാണ്. ചുറ്റുപാടുമുള്ള 30-ലേറെ വീട്ടുകാര്‍ അതിഥികള്‍ക്കുള്ള ഭക്ഷണത്തിനായി റീനയെ വിളിക്കും. നാലു മണിക്കൂര്‍ മുമ്പെങ്കിലും വിളിച്ചുപറയണം എന്നുമാത്രം. 15 പേര്‍ക്കുവരെയുള്ള ഭക്ഷണം റീന റെഡിയാക്കി വൃത്തിയുള്ള പാത്രത്തിലാക്കി വയ്ക്കും. ഡൈനിങ് ടേബിളില്‍ വിളമ്പാന്‍ പാകത്തിന്. ആവശ്യക്കാര്‍ വന്ന് എടുത്തുകൊണ്ടുപോകണം. പാത്രങ്ങള്‍ വൃത്തിയാക്കി തിരികെ കൊണ്ടുവന്നു നല്‍കുകയും വേണം. സ്വന്തം അടുക്കള തന്നെ റീനയുടെ ഫാക്ടറി. മുടക്കുമുതല്‍ സ്വന്തം കൈപ്പുണ്യം മാത്രം. അതിഥികള്‍ അറിയുകപോലുമില്ല, ഭക്ഷണം പുറത്തുനിന്ന് വാങ്ങിയതാണെന്ന്. കപ്പ് കേക്കാണ് സ്മിതയെ ലക്ഷാധിപതിയാക്കിയത്. 70-ഓളം ബേക്കറികളില്‍ സ്ഥിരമായി സ്മിത സപ്ലൈചെയ്യുന്നു. ഹോം മേഡ് ചോക്ലേറ്റാണ് സുലേഖയെ സ്വന്തം കാലില്‍ നല്‍ക്കാന്‍ പ്രാപ്തയാക്കിയത്. സ്വന്തമായി ഫേസ്ബുക്ക് പേജ് തുടങ്ങി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വൈവിധ്യമാര്‍ന്ന ചോക്ലേറ്റുകള്‍ സുലേഖ വില്‍ക്കുന്നു.
ഭര്‍ത്താവ് ജോലിക്കും കുട്ടികള്‍ സ്‌കൂളിലും പോയാല്‍ ബാക്കിയാവുന്ന സമയത്തെ ലഘുബിസിനസുകള്‍ക്കായി പ്രയോജനപ്പെടുത്തി കൈനിറയെ വരുമാനമുണ്ടാക്കുന്ന നിരവധിപ്പേരുണ്ട് ഇന്ന് നമുക്കു ചുറ്റും. ഗൃഹനാഥന്റെ സ്ഥിരമാസ വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച് സമ്പത്തുണ്ടാക്കാനുള്ള പ്രയത്‌നത്തില്‍ ഭൂരിഭാഗം വീട്ടമ്മമാരും ആഗ്രഹിക്കുന്നതാണ് അധികവരുമാനത്തിനുള്ള മാര്‍ഗങ്ങള്‍.
ചിലര്‍ പാര്‍ട്ട് ടൈം ജോലിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍, കമ്മീഷന്‍ കച്ചവടവും ഇടനില ബിസിനസുമായി കുരുക്കിലകപ്പെടുന്നവരും നിരവധി. എന്നാല്‍ അധികവരുമാനത്തിന് ഏവര്‍ക്കും ആശ്രയിക്കാവുന്ന ഒരു മാര്‍ഗമുണ്ട്. വീട്ടിലിരുന്ന് തുടങ്ങാവുന്ന ലഘുബിസിനസ്. സ്വന്തം അടുക്കളയോ സ്വീകരണമുറിയോ ഫാക്ടറിയാക്കി, നാട്ടുപരിസരത്തെ വിപണിയാക്കി, സുഹൃത്തുക്കളെയും പരിചയക്കാരെയും ഉപഭോക്താക്കളാക്കി ചെറുബിസിനസുകള്‍ തുടങ്ങി വളര്‍ത്തി വലുതാക്കാന്‍ മുമ്പെങ്ങുമില്ലാത്ത അവസരങ്ങളാണ് കേരളത്തിലിപ്പോള്‍.
കേരളത്തിലെ വീട്ടമ്മമാരില്‍ ഏറെയും വിദ്യാസമ്പന്നരാണ്. വിവാഹത്തോടെ ജോലി ഉപേക്ഷിക്കുന്നവരാണ് നിരവധിപ്പേര്‍. കുട്ടികളായാല്‍ പിന്നെ അവരുടെ കാര്യങ്ങള്‍ നോക്കാന്‍ വീട്ടില്‍ തന്നെ ഒതുങ്ങിക്കഴിയുന്നവരും ഉണ്ട്. കുട്ടികള്‍ വളര്‍ന്ന് വലുതായാല്‍ പിന്നെ ശൂന്യതയാണ്. ഇത്തരം ബിസിനസുകള്‍ തുടങ്ങാന്‍ ഏറ്റവും ആദ്യം വേണ്ടത് സമയമാണ്. കൈവശമില്ലെന്ന് മലയാളികളായ നാമൊക്കെ ഏറ്റവും കൂടുതല്‍ അഭിനയിക്കുന്നതും സമയമാണ്. ദിവസം ഏതാനും മണിക്കൂറുകള്‍ മാറ്റിവയ്ക്കാനുണ്ടെങ്കില്‍ കുടുബത്തിന് അധികവരുമാനമുണ്ടാക്കാന്‍ വഴികള്‍ ഏറെയാണ്. വീട്ടമ്മമാര്‍ക്കാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ മുന്‍കൈ എടുക്കാന്‍ കഴിയുക.
നിങ്ങള്‍ക്ക് തുടങ്ങാവുന്ന ബിസിനസ് ഏതാണ് എന്ന നിങ്ങള്‍ തന്നെ കണ്ടെത്തണം. മറ്റാരെങ്കിലും പറഞ്ഞുതരുന്ന ആശയം കൊണ്ട് ബിസിനസ് തുടങ്ങിയാല്‍ അത് വിജയിക്കണമെന്നില്ല. ഏതു ബിസിനസിലേക്ക് ഇറങ്ങിയാലും അത് നിങ്ങള്‍ക്ക് ചിരപരിചിതമായ മേഖലയാണ് എങ്കില്‍ നല്ലത്. ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നതാണെങ്കില്‍ വളരെ നല്ലത്. പണമുണ്ടാക്കാന്‍ വേണ്ടിമാത്രമാകരുത് ബിസിനസ് തുടങ്ങേണ്ടത്. പകരം നിങ്ങള്‍ ലക്ഷ്യമിടേണ്ടത് വിജയത്തെയാണ്. ഉല്‍പ്പന്നം, അല്ലെങ്കില്‍ സേവനം ഏറ്റവും മികച്ചതായിരിക്കാന്‍ പ്രവര്‍ത്തിക്കുക. അത് വാങ്ങി ഉപയോഗിക്കുന്നവരുടെ സംതൃപ്തിമാത്രം ലക്ഷ്യമിടുക. വിജയത്തിലേക്കുള്ള എളുപ്പവഴി അതുമാത്രമാണ്.
എന്തുതുടങ്ങിയാലും വളരെ ചെറിയരീതയില്‍ വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ വേണം തുടങ്ങാന്‍. വിജയവും വിപണിയും ഉറപ്പാണ് എന്ന അവസ്ഥയിലെത്തുമ്പോള്‍ മാത്രം പടിപടിയായി ബിസിനസ് വലുതാക്കുക. തുടക്കം എത്ര ചെറുതാക്കാമോ അത്രയും ചെറുതാക്കുക. തിരിച്ചടി ഉണ്ടായാല്‍ ആഘാതവും അത്ര തന്നെ ചെറുതായിരിക്കും.
ആദ്യം വീട്ടിലെ ഒരുമുറിയില്‍ നിന്ന് തുടങ്ങാം. തുടക്കത്തില്‍ സഹായികളെ വേണമെങ്കില്‍ മാത്രം നിയമിക്കാം. കഴിയുന്നതും കുടുംബാംഗങ്ങളെ തന്നെ ഇതില്‍ ഭാഗമാക്കുന്നതാണ് നല്ലത്. വലിയ ലാഭം ആദ്യം പ്രതീക്ഷിക്കേണ്ട. മുടക്കുമുതല്‍ തിരിച്ചുകിട്ടണം. ചെയ്യുന്ന ജോലിക്ക് ന്യായമായ പ്രതിഫലവും വേണം. പ്രഥമ പരിഗണന ഇതിനുമാത്രം. ആര്‍ക്കും പരീക്ഷിക്കാവുന്ന നിരവധി ബിസിനസ് അവസരങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ ഉണ്ട്. ഹോബി പോലും ബിസിനസ് ആക്കി മാറ്റാം. അവയെക്കുറിച്ച് പിഗ്ഗിബാങ്കിന്റെ അടുത്ത ലക്കത്തില്‍.
(നിങ്ങളുടെ സംശയങ്ങള്‍ ഇ മെയ്‌ലിലോ വാട്‌സ് ആപ്പിലോ അയയ്ക്കാം ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: how to start a business from home for ladies