കൈയെത്തിപ്പിടിക്കാന്‍ കഴിയാത്തതിനെക്കുറിച്ച് ആലോചിച്ച് സമയം കളയരുത്, വേണ്ടത് കൃത്യമായ നിക്ഷേപപദ്ധതി

Photo: Shutterstock
Photo: Shutterstock

കൃത്യമായ സാമ്പത്തികലക്ഷ്യങ്ങളുള്ളവരാകും ഏറെപ്പേരും. ലാപ്ടോപ്പ് സ്വന്തമാക്കുകയെന്ന ഹ്രസ്വകാലലക്ഷ്യമോ വീട് വാങ്ങുകയെന്ന ദീര്‍ഘകാലലക്ഷ്യമോ ആകാം അവ. ഓരോരുത്തരുടെയും ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവ പൂര്‍ത്തീകരിക്കാനുള്ള നിക്ഷേപപദ്ധതികളുമായി മുന്നോട്ട് പോകുകയാണ് വേണ്ടത്.
 
ആസൂത്രണം ചെയ്യാം
കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം, വീട് വാങ്ങല്‍, റിട്ടയര്‍മെന്റ് തുടങ്ങിയ ദീര്‍ഘലക്ഷ്യങ്ങള്‍മാത്രമല്ല, ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടവയും നിശ്ചയിക്കാം. ഇ.എം.ഐ.ക്ക് പകരം നിക്ഷേപത്തിന്റെ വഴി തിരഞ്ഞെടുക്കാം. ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗതവായ്പ എന്നിവയിലൂടെ നഷ്ടപ്പെടുത്തുന്ന തുക, മറ്റ് ലക്ഷ്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ക്കാം. ബാധ്യതകള്‍ പടിക്ക് പുറത്ത് നിര്‍ത്തുകയെന്നതാണ് സാമ്പത്തികഭദ്രതയുടെ ആദ്യപടി.

മുന്‍ഗണന പ്രധാനം 
സാമ്പത്തികലക്ഷ്യങ്ങളേറെയും കുടംബവുമായി ബന്ധപ്പെട്ടവയാണ്. ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍, ആഡംബരങ്ങള്‍ എന്നിങ്ങനെ ലക്ഷ്യങ്ങളെ ആദ്യം വേര്‍തിരിക്കാം. ഇടത്തരം വരുമാനമുള്ള കുടുംബത്തിന് വര്‍ഷത്തിലൊരിക്കലുള്ള യാത്ര ആഗ്രഹമായിരിക്കാം. അതേസമയം യൂറോപ്പിലേക്കുള്ള യാത്ര ആഡംബരവും. കൈയെത്തിപ്പിടിക്കാന്‍ കഴിയാത്തതിനെക്കുറിച്ച് ആലോചിച്ച് സമയം കളയാതെ, മിതമായ ആഗ്രഹത്തോടെ മുന്നോട്ട് പോകാം. ജോലിയില്‍ സ്ഥാനക്കയറ്റമോ അല്ലെങ്കില്‍ ബോണസോ ലഭിച്ചാല്‍, അവധിക്കാലയാത്ര വിദേശത്തേക്കാക്കാം. അപ്രതീക്ഷിതമായി ലഭിക്കുന്ന വരുമാനം ഉടനെ ചെലവാക്കാതെ, നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തോടൊപ്പം ചേര്‍ക്കുകയാണ് വേണ്ടത്.
 
കുടുംബത്തിന് കരുതലേകാം
അടിയന്തരസാഹചര്യം നേരിടാന്‍ നേരത്തേതന്നെ കരുതലെടുക്കാം. ആവശ്യത്തിന് ലൈഫ് കവര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുറപ്പാക്കാം. വീടിനും വീട്ടുപകരണങ്ങള്‍ക്കും ഗാര്‍ഹിക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താം. ആറുമാസത്തെയെങ്കിലും ജീവിതച്ചെലവിനുള്ള തുക സേവിങ്സ് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ കരുതുകയും ചെയ്യാം.
 
കാലയളവ് പ്രധാനം
എത്ര കാലംകൊണ്ട് പൂര്‍ത്തിയാക്കേണ്ടവയാണ് സാമ്പത്തികലക്ഷ്യങ്ങളെന്ന് അറിഞ്ഞിരിക്കണം. അതിനനുസരിച്ചാകണം നിക്ഷേപപദ്ധതികള്‍ തിരഞ്ഞെടുക്കാന്‍. 
മൂന്നുവര്‍ഷക്കാലയളവില്‍ പൂര്‍ത്തിയാക്കേണ്ട ലക്ഷ്യങ്ങള്‍ക്ക് സ്ഥിരനിക്ഷേപപദ്ധതികളാകും അനുയോജ്യം. മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ കാലയളവിലേതിന് ഇക്വിറ്റി-ഡെറ്റ് ബാലന്‍സ്ഡ് പദ്ധതികളും തിരഞ്ഞെടുക്കാം. അഞ്ചുവര്‍ഷത്തിന് മുകളിലാണെങ്കില്‍, ഓഹരിയധിഷ്ഠിത നിക്ഷേപസാധ്യതകളാണ് പ്രയോജനപ്പെടുത്തേണ്ടത്. ഓരോ ലക്ഷ്യത്തിനും വെവ്വേറെ പോര്‍ട്ട്ഫോളിയോകള്‍ സൃഷ്ടിച്ചാല്‍, പ്രകടനം നിരീക്ഷിക്കാനും അവലോകനം ചെയ്യാനും എളുപ്പത്തില്‍ കഴിയും.
 
നേരത്തേ തുടങ്ങാം
വരുമാനം ലഭിച്ചുതുടങ്ങുമ്പോള്‍ത്തന്നെ, ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപം തുടങ്ങാം. പുതിയവ ചേര്‍ക്കണോ പരിഷ്‌കരിക്കണോ എന്നൊക്കെ തീരുമാനിക്കാന്‍ വര്‍ഷത്തിലൊരിക്കലെങ്കിലും അവലോകനം ചെയ്യാം. പ്രതീക്ഷിച്ച നേട്ടമില്ലെങ്കില്‍, നിക്ഷേപ ആസ്തിയിലോ തുകയിലോ മാറ്റംവരുത്താം. ലക്ഷ്യത്തോടടുക്കുമ്പോള്‍ നിക്ഷേപം സുരക്ഷിതമാക്കുകയും ചെയ്യാം. 

Content Highlights: financial security and investment planning money too