വീട്ടിലെ വരവും ചെലവും പെണ്ണുങ്ങള്‍ അറിയേണ്ടേ?

കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കികളാണ് സ്ത്രീകള്‍. എന്നാല്‍ സമ്പാദ്യത്തിന്റെയും വരുമാനത്തിന്റെയും കാര്യം വരുമ്പോള്‍ കളിമാറും. സ്വന്തം സമ്പത്തും വരുമാനവും സ്വന്തമായി കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ മടിയും പേടിയും പിന്നാലെയെത്തും. വീട്ടിലെ പുരുഷന്‍മാരെ എല്ലാം ഏല്‍പിച്ചിട്ട് മാറി നില്‍ക്കുന്നവരേറെയാണ്. എന്നാല്‍ സ്വന്തം പണം സ്വയം കൈകാര്യം ചെയ്യാനും വളര്‍ത്താനും സ്ത്രീകളും ശീലിക്കണം.
വരുമാനം നേടി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടുന്ന ഒരു സ്ത്രീയുടെ ജീവിതത്തെ നാലു പ്രധാന ഘട്ടങ്ങളായി തരംതിരിക്കാം.
1. വിവാഹത്തിനു മുമ്പുള്ള കാലം
2. വിവാഹം കഴിഞ്ഞുള്ള കാലം
3. പലവിധ കാരണങ്ങളാല്‍ തനിച്ചാകേണ്ടിവന്നാല്‍
4. റിട്ടയര്‍മെന്റ്
ഇവ ഓരോന്നിനും സാമ്പത്തിക സുരക്ഷിതത്വത്തിനായി ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. ജോലി ലഭിച്ചശേഷം വിവാഹത്തിന് മുമ്പുവരെയുള്ള കാലം. ഏകദേശം 20-30 വയസുവരെ
സ്വന്തമായി വരുമാനം ലഭിച്ചു തുടങ്ങുന്ന കാലമാണ്. ശമ്പളം മുഴുവന്‍ വെറുതെ ചെലവാക്കേണ്ട. എന്നാല്‍ പിശുക്കും വേണ്ട. പണം മുടക്കിത്തന്നെ ജീവിതം ആഹ്ലാദകരമാക്കണം. സ്മാര്‍ട് ഫോണ്‍, ലാപ്‌ടോപ്, വാഹനം.. ഇങ്ങനെ പലതും സ്വന്തമാക്കാന്‍ ആഗ്രഹം ഉണ്ടാകും. സ്ഥിരമായി ഷോപ്പിങ് ആവശ്യമുണ്ടെങ്കില്‍ ഒരു ക്രഡിറ്റ് കാര്‍ഡ് എടുക്കുന്നത് നല്ലതാണ്. മുടക്കുന്ന പണത്തിന് ആനുപാതികമായി ക്രഡിറ്റ് പോയിന്റുകള്‍ ലഭിക്കും. പക്ഷേ അമിത ഉപയോഗം വേണ്ട. അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ സഫലമാക്കേണ്ട ആഗ്രഹങ്ങളുടെ പട്ടിക ഉണ്ടാക്കണം. ഒന്നും വായ്പ എടുത്ത് വാങ്ങാന്‍ ആദ്യം തുനിയരുത്. പഠന വായ്പകളുണ്ടെങ്കില്‍ അതിന്റെ അടവിന് മുന്‍ഗണന നല്‍കുക. മാതാപിതാക്കളുടെ സാമ്പത്തിക ചെലവുകള്‍, സഹോദരങ്ങളുടെ പഠനം.. ഇങ്ങനെയും ചെലവുകള്‍ ഉണ്ടാവും. അതിന് നല്‍കാവുന്ന തുക എത്രയെന്ന് നിശ്ചിയിച്ച് നല്‍കാം. ഇതിനൊപ്പം കുടുംബത്തിന് വേണ്ടി ഒരു മെഡിക്ലെയിം ഇന്‍ഷുറന്‍സിലും ചേരാം. കുടുംബത്തിന്റെ ആശ്രയം നമ്മളാണെങ്കില്‍ ഒപ്പം ഒരു ടേം ഇന്‍ഷുറന്‍സിലും ചേരണം.
എല്ലാത്തിനുമൊപ്പം വിവാഹിതയാവാൻ പ്ലാനുണ്ടെങ്കിൽ വിവാഹച്ചെലവുകള്‍ക്കും കരുതല്‍ തുടങ്ങാം. മ്യൂച്വല്‍ ഫണ്ട്, റിക്കറിങ് ഡിപ്പോസിറ്റ് എന്നീ മാര്‍ഗങ്ങള്‍ നല്ലതാണ്. ഒപ്പം ഒരു റിട്ടയര്‍മെന്റ് പ്ലാനിലും നിക്ഷേപം തുടങ്ങണം.
എല്ലാം കഴിഞ്ഞ് മാസം മിച്ചം എത്രതുക ഉണ്ട് എന്ന് കണക്കാക്കുക. ശമ്പളത്തിന്റെ 25 ശതമാനം സ്വന്തം ചെലവിനും 25 ശതമാനം നിക്ഷേപത്തിനും 50 ശതമാനം കടബാധ്യതകള്‍ തീര്‍ക്കാനും വീട്ടിലേക്ക് നല്‍കാനും ഉപയോഗിക്കുക. ഓരേ ശമ്പള വര്‍ധന വരുമ്പോഴും നിക്ഷേപത്തിനുള്ള തുക പടിപടിയായി കൂട്ടിക്കൊണ്ടുവരിക. ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ക്കായി വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കേണ്ടത് ഈ തുകയാണ്. ഇനി പറയുന്ന മാര്‍ഗങ്ങളില്‍ നിക്ഷേപം തുടങ്ങാം
1. സമ്പാദ്യത്തിന്റെ 50 ശതമാനം മ്യൂച്വല്‍ ഫണ്ടില്‍ ഇടാം
2. സമ്പാദ്യത്തിന്റെ 25 ശതമാനം ചിട്ടിയില്‍ ചേരാന്‍ ഉപയോഗിക്കാം.
3. സമ്പാദ്യത്തിന്റെ 25 ശതമാനം റിക്കറിങ് ഡിപ്പോസിറ്റില്‍ ഇടാം.
പണം കയ്യില്‍ വന്നുതുടങ്ങുമ്പോഴേ സമ്പാദ്യ, നിക്ഷേപ ശീലം വളര്‍ത്തിയെടുക്കണം. നേരത്തെ നിക്ഷേപം ആരംഭിച്ചാല്‍ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അത് ഏറെ പ്രയോജനം ചെയ്യും. 20 വയസുള്ള ഒരാള്‍ മാസം 2000 രൂപവീതം വര്‍ഷം എട്ട് ശതമാനം വീതം പലിശ ലഭിക്കുന്ന ഒരു മാര്‍ഗത്തില്‍ നിക്ഷേപിച്ചാല്‍ 50 വയസാകുമ്പോഴേക്ക് 30 ലക്ഷം രൂപ ലഭിക്കും. കൂട്ടുപലിശയുടെ ശക്തിയാണിത്.
2. വിവാഹം കഴിഞ്ഞുള്ള കാലം. ഏകദേശം 30-45 വയസ് പ്രായമുള്ളവര്‍
കുടുംബജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്നത് വളരെ പ്രധാനമാണ്. വീട്ടുചിലവുകള്‍ക്ക് ഭാര്യയുടെയും ഭര്‍ത്താവിന്റെയും വരുമാനം ഉപയോഗിക്കാം. ഇതിനായി ഒരു പൊതുഫണ്ട് ഉണ്ടാക്കുക. അതിലേക്ക് രണ്ടുപേരുടെയും വരുമാനത്തിന് ആനുപാതികമായി തുക ഇടാം. ബാക്കിയുള്ള തുകയില്‍ ഒരു ഭാഗം കുടുംബത്തിന്റെ ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള നിക്ഷേപങ്ങള്‍ക്കായി നീക്കിവയ്ക്കാം.
നിക്ഷേപങ്ങള്‍ രണ്ടുപേരുടെയും പേരില്‍ തന്നെ ആകണം. അല്ലെങ്കില്‍ നോമിനി ആക്കിയിരിക്കണം. ജോയിന്റായാണ് ഭവന വായ്പ എങ്കില്‍ വീടും സ്ഥലവും രണ്ടുപേരുടെയും പേരില്‍ വേണം. വില്‍പത്രത്തില്‍ നിയമപരമായ അവകാശങ്ങളും ഉറപ്പാക്കണം.
പ്രമോഷനും ശമ്പളവര്‍ധനയുമൊക്കെ നേടി ഏറെക്കുറെ ജോലിയില്‍ സുരക്ഷിതമായ അവസ്ഥയിലായിരിക്കും ഈ സമയം.ഈ കാലത്ത് ഓഹരി, മ്യൂച്വല്‍ ഫണ്ട്, ചിട്ടി...ഇങ്ങനെ വിവിധ നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. നിക്ഷേപ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുന്നതും നല്ലതാണ്. ഓരോ ശമ്പളവര്‍ധനവ് ഉണ്ടുകുമ്പോഴും നിക്ഷേപതുക വര്‍ധിപ്പിക്കണം.
കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീട്, വാഹനം... പൂര്‍ത്തിയാക്കാനുള്ള ലക്ഷ്യങ്ങള്‍ ഏറെയാണ്. ഇവയും എഴുതിവയ്ക്കാം. ഓരോന്നിനും അനുയോജ്യമായ നിക്ഷേപമാര്‍ഗങ്ങളും കണ്ടെത്തണം.
ഉദാഹരണത്തിന് എല്ലാ ചെലവും കഴിഞ്ഞ് മാസം 7000 രൂപ മിച്ചമുണ്ടെന്ന് കരുതുക. ഇതില്‍ 2000 രൂപ വീതം കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പണം സ്വരൂപിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളില്‍ മാസം തോറും നിക്ഷേപിക്കാം. 1000 രൂപ മ്യൂച്വല്‍ ഫണ്ട്, 500 രൂപ ബാങ്ക് റിക്കറിങ് ഡിപ്പോസിറ്റ്, 500 രൂപ ചിട്ടി ഇങ്ങനെ വീതിച്ച് നിക്ഷേപിക്കുന്നതാണ് നല്ലത്. ബാക്കിയുള്ള 5000 രൂപയില്‍ നിന്ന് 2500 രൂപവീതം വീട് പണിയുന്നതിനുള്ള പ്രാഥമിക ഫണ്ട് സ്വരുക്കൂട്ടുന്നതിനും കാര്‍ വാങ്ങുന്നതിനുള്ള ഫണ്ടിനുവേണ്ടിയും മുകളില്‍ സൂചിപ്പിച്ച രീതിയില്‍ നിക്ഷേപിച്ചുതുടങ്ങാം.
3. ജീവിതത്തില്‍ തനിച്ചായാല്‍
വിവാഹ മോചനത്തെ തുടര്‍ന്നോ പങ്കാളിയുടെ മരണത്തെ തുടര്‍ന്നോ ജീവിതം ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകേണ്ടിവരാം. ഇത്തരം സാഹചര്യങ്ങളില്‍ സാമ്പത്തികകാര്യങ്ങള്‍ ശ്രദ്ധയോടെ വേണം.
-വിവാഹ മോചിതയായാല്‍
ജീവനാംശമായോ നഷ്ടപരിഹാരമായോ ലഭിക്കുന്ന തുക ഫലപ്രദമായി വിനിയോഗിക്കണം. പണം ഒരുമിച്ചാണ് കിട്ടുന്നതെങ്കില്‍ അതുപയോഗിച്ച് ഉയര്‍ന്ന പലിശയുള്ള വായ്പകളെല്ലാം അടച്ച് തീര്‍ക്കണം. പ്രതിമാസം ആണ് തുക ലഭിക്കുന്നത് എങ്കില്‍ അത് മ്യൂച്വല്‍ ഫണ്ട്, ചിട്ടി, റിക്കറിങ് ഡിപ്പോസിറ്റ് തുടങ്ങിയ ഉപാധികളില്‍ നിക്ഷേപിക്കാം.
പങ്കാളിയുടെ വായ്പകളില്‍ ഗാരന്റര്‍ ആയി നിന്നിട്ടുണ്ടെങ്കില്‍ അതെല്ലാം അവസാനിപ്പിക്കണം. സംയുക്തമായി ക്രഡിറ്റ് കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ അതും റദ്ദാക്കണം. ജോയിന്റ് ബാങ്ക് അക്കൗണ്ടും ക്ലോസ് ചെയ്യണം.
ടേം ഇന്‍ഷുറന്‍സ് സ്വന്തം പേരില്‍ ഇല്ലെങ്കില്‍ ഉടന്‍ അതില്‍ ചേരണം. നിങ്ങള്‍ മരണപ്പെട്ടാല്‍ ഒരു നിശ്ചിത തുക അനന്തര അവകാശിക്ക് ലഭ്യമാക്കുന്ന പോളിസിയാണ് ഇത്. മെഡിക്ലെയിം ഇന്‍ഷുറന്‍സ് പങ്കാളിയുടെ പേരിലാണെങ്കില്‍ അതിന്റെ സംരക്ഷണം കിട്ടില്ല. മക്കള്‍ക്ക് കിട്ടും. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ധാരണയിലെത്തിയില്ലെങ്കില്‍ പങ്കാളിക്ക് കുട്ടികളെ ഇന്‍ഷുറന്‍സില്‍ നിന്നും ഒവിവാക്കാം. കുട്ടികളെ കൂടി ചേര്‍ത്ത് പുതിയ മെഡിക്ലെയിം പോളിസി എടുക്കുന്നതാണ് നല്ലത്.അപകട സംരക്ഷണ ഇന്‍ഷുറന്‍സ് പോളിസിയും എടുക്കണം. ജോലിയില്ലെങ്കില്‍ പെട്ടന്ന് തന്നെ കണ്ടെത്തണം.
-വിധവയായാല്‍
പ്രിയപ്പെട്ടവന്റെ വേര്‍പാട് താങ്ങാന്‍ പറ്റാത്തതായിരിക്കും. എന്നാല്‍ കുടുംബം മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്. ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നാല്‍ ബാധ്യതകളുടെയും ആസ്തികളുടെയും പട്ടിക തയ്യാറാക്കണം. ഇന്‍ഷുറന്‍സില്‍ നിന്ന് കിട്ടേണ്ട തുകയ്ക്കുള്ള ക്ലെയിം അപേക്ഷകള്‍ കൃത്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. ഇനി പറയുന്ന രേഖകള്‍ വേഗം തന്നെ നേടിയെടുക്കണം.
1. നിക്ഷേപ സംബന്ധിയായ രേഖകള്‍.
2. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
3.ബാങ്ക് പാസ് ബുക്ക്
4.മരണ സര്‍ട്ടിഫിക്കറ്റ്
5. വിവാഹ സര്‍ട്ടിഫിക്കറ്റ്
6.വില്‍പ്പത്രം
സുരക്ഷിത മാര്‍ഗങ്ങളില്‍ നിക്ഷേപം കേന്ദ്രീകരിക്കാം
ലഭ്യമായ പണം ഏറ്റവും സൂക്ഷിച്ച് ഉപയോഗിക്കേണ്ട സമയം ആണ്. ബാധ്യതകള്‍ തീര്‍ക്കാന്‍ തിടുക്കപ്പെട്ട് തീരുമാനിക്കേണ്ട. ആദ്യം അവകാശപ്പെട്ട പണം വാങ്ങണം. ഇന്‍ഷുറന്‍സ് തുക, ജോലിയില്‍ നിന്ന് ലഭിക്കാനുള്ള പണം തുടങ്ങിയവ വാങ്ങി ബാങ്കില്‍ നിക്ഷേപിക്കാം. ഏതാനും മാസങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ ലഭ്യമായ തുക സമാഹരിച്ചശേഷം മാത്രം ബാധ്യതകള്‍കുറേശെയായി വീട്ടിത്തുടങ്ങാം. ഇതിനൊപ്പം കുട്ടികളുടെ ഭാവി ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങളും ആരംഭിക്കണം. ഓഹരിയില്‍ തല്‍ക്കാലത്തേക്ക് നേരിട്ട് നിക്ഷേപം വേണ്ട. പകരം മ്യൂച്വല്‍ ഫണ്ടുകളെ ആശ്രയിക്കാം. ചിട്ടി, റിക്കറിങ് ഡിപ്പേ#ാസിറ്റ്, പോസ്‌റ്റോഫീസ് സേവിങ്‌സ് സ്‌കീം, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവയിലും നിക്ഷേപം ആരംഭിക്കാം.
4. റിട്ടയര്‍മെന്റ്
വരുമാനം കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്ന കാലഘട്ടമാണ് റിട്ടയര്‍മെന്റ്. റിട്ടയര്‍മെന്റിനു ശേഷവും 20ഓ 30ഓ വര്‍ഷം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടി വരും. ഇന്ന് ജീവിക്കുന്ന അതേ നിലവാരത്തിലെങ്കിലും റിട്ടയര്‍മെന്റിനു ശേഷവും ജീവിക്കാന്‍ വരുമാനം ഉണ്ടാക്കി തുടങ്ങുന്ന പ്രായം മുതല്‍ ഒരു നിശ്ചിത തുക മാറ്റി വയ്ക്കാം. നിക്ഷേപിക്കുകയും ചെയ്യാം. എത്ര ചെറിയ പ്രായത്തില്‍ ഇത്തരം നിക്ഷേപം താങ്ങുന്ന അത്രയും തുക കുറച്ചു നിക്ഷേപിച്ചാല്‍ മതി.
പെന്‍ഷന്‍ ലഭിക്കാന്‍ ആര്‍ഹത ഇല്ല. റിട്ടയര്‍മെന്റ് തുക മാത്രമാണ് കൈവശമുള്ളത്. എങ്കില്‍ പ്രതിമാസം ഒരു നിശ്ചിത തുക വീതം ലഭിക്കുന്ന രീതിയില്‍ ഈ തുക നിക്ഷേപിക്കണം. ഉടന്‍ പെന്‍ഷന്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളീസികളോ, മ്യൂച്വല്‍ ഫണ്ടുകളുടെ മന്ത്‌ലി ഇന്‍കം സ്‌കീമുകളോ, പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികളോ പരിഗണിക്കാം. കാര്യമായ ആനൂകൂല്യം ലഭിക്കാതെയോ സാമ്പാദ്യം ഇല്ലാതെയോ ആണ് ജോലിയില്‍ നിന്ന് വിരമിക്കുന്നവരുമുണ്ട്. ആരോഗ്യമുണ്ടെങ്കില്‍ മറ്റൊരു ജോലി കണ്ടുപിടിക്കണം. പറ്റുന്ന രീതിയില്‍ ചെറിയ സമ്പാദ്യ നിക്ഷേപ പദ്ധതിയില്‍ ചേരണം. ബാങ്ക് റിക്കറിങ് ഡിപ്പോസിറ്റ്, പോസ്റ്റോഫീസ് സേവിങ് സ്‌കീം തുടങ്ങിയവ പരിഗണിക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് യോജിച്ച മെഡിക്ലെയിം പോളിസികള്‍ ഉണ്ട്. അവയിലും ചേരാം..
Content Highlights: financial planning for women