ഇനി വീടിനകം യുദ്ധക്കളമാകില്ല; കുസൃതിക്കുരുന്നുകളെ വരുതിയിലാക്കാന്‍ ചില വഴികള്‍

കുഞ്ഞ് പിച്ചനടക്കാന്‍ തുടങ്ങിയാല്‍ മാതാപിതാക്കള്‍ക്ക് സന്തോഷത്തിനൊപ്പം നെഞ്ചിടിപ്പും കൂടും. വീടിനകം യുദ്ധക്കളമാക്കാന്‍ അവര്‍ക്ക് ഒരു നിമിഷം മതി. ഒപ്പം അപകടങ്ങളുണ്ടാവാനും. മുതിര്‍ന്നവരുടെ കണ്ണുവെട്ടിച്ച് മണ്ണുവാരിയും ഭിത്തിയില്‍ ചായം തേച്ചും കളിക്കാനായിരിക്കും അവര്‍ക്ക് ഏറെയിഷ്ടം. പുതിയ വീടെന്നോ വിലകൂടിയ സാധനങ്ങളെന്നോ ഉള്ള ചിന്തയൊന്നും അവര്‍ക്കുണ്ടാവില്ല. ഇതിനെല്ലാം ശിക്ഷ നല്‍കാനും ശകാരിക്കാനും ശ്രമിക്കുന്നത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കാം.
കുഞ്ഞുങ്ങളുടെ വീട്
- വീടിന്റെ വൃത്തിയും ഭംഗിയും അവരുടെകൂടി ഉത്തരവാദിത്തമാണെന്ന ബോധം കുഞ്ഞുങ്ങളിലുണ്ടാക്കുകയാണ് ആദ്യം വേണ്ടത്. വീട് വൃത്തികേടാക്കുന്നതിന് കണ്ണടച്ച് ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് നന്നല്ല. വീട് അവരുടേതുകൂടിയല്ലേ, അവിടെ കളിച്ചുല്ലസിച്ച് വളരട്ടെ.
- നീന്തല്‍ക്കുളവും മറ്റും അശ്രദ്ധമായി ഒരുക്കുന്നതിലൂടെ സംഭവിക്കുന്ന അപകടങ്ങള്‍ ഏറെയാണ്. ഓടിനടക്കാന്‍ തുടങ്ങിയ ചെറിയ കുഞ്ഞുങ്ങളുള്ള വീടുകളില്‍ നീന്തല്‍ക്കുളംപോലുള്ളവ നിര്‍മിക്കുമ്പോള്‍ സുരക്ഷയ്ക്കാണ് ആദ്യപരിഗണന കൊടുക്കേണ്ടത്. ലോക്കുകള്‍, ഡോറുകള്‍, ഗേറ്റുകള്‍ ഇവയൊക്കെ ഉറപ്പാക്കിമാത്രം സ്വിമ്മിങ് പൂള്‍ പണിയാം. മുറ്റത്ത് താമരയും അലങ്കാരമത്സ്യങ്ങളും വളര്‍ത്താന്‍ നിര്‍മിക്കുന്ന ചെറിയ കുളങ്ങളും അപകടങ്ങളുണ്ടാക്കാം. തത്കാലം അവ വേണ്ടെന്നുവയ്ക്കുന്നതാണ് നല്ലത്.
- ഹാന്‍ഡ്റെയില്‍സ് കുട്ടികള്‍ പിടിച്ചുകയറാത്ത ഉയരത്തിലും രീതിയിലും വേണം ഒരുക്കാന്‍. ഭംഗിക്കായി ഒരുക്കുന്ന ബാല്‍ക്കണികളിലേക്കുള്ള പ്രവേശനവും സേഫ്റ്റി ഗേറ്റുകളോ വാതിലോ ഉപയോഗിച്ച് തടയാം. ടി.വി. സ്റ്റാന്‍ഡുകളില്‍ പിടിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയോ സ്റ്റാന്‍ഡ് മറിയുകയോ ചെയ്യുന്നത് വലിയ അപകടമാണ്. ഇതൊഴിവാക്കാന്‍ ടെലിവിഷന്‍ ഭിത്തിയില്‍തന്നെ ഉറപ്പിക്കാന്‍ വഴികളുണ്ട്. ജനാലകളില്‍ വിന്‍ഡോ ഗാര്‍ഡുകള്‍ സ്ഥാപിക്കാം.
- വീടിന് മുറ്റമൊരുക്കുമ്പോള്‍ കുട്ടികള്‍ക്ക് കളിക്കാനും പ്രകൃതിയോടിണങ്ങാനും കഴിയുന്ന വിധത്തിലാക്കാം. അവര്‍ക്കുവേണ്ടി ഒരിടം മാറ്റിവയ്ക്കണം. വിലകൂടിയ പുല്ലുകളും ചെടികളും തത്കാലം വേണ്ട. വീടൊരുക്കുമ്പോള്‍ പ്ലേ ഏരിയയ്ക്കായി ഒരിടം മാറ്റിവയ്ക്കണം.
- കുട്ടികള്‍ക്കുകൂടി യോജിച്ച ഇന്റീരിയറും കളര്‍ തീമും പ്ലാന്‍ ചെയ്യാം. അവരുടെ മുറികളില്‍ പ്രത്യേകിച്ചും
- ഓടിനടക്കാന്‍ തുടങ്ങിയ ചെറിയ കുഞ്ഞുങ്ങളുള്ള വീടുകളില്‍ താഴെവീണ് പൊട്ടുന്ന വിലകൂടിയ അലങ്കാരവസ്തുക്കള്‍ ഒഴിവാക്കാം. അല്ലെങ്കില്‍ അവരുടെ കൈയെത്താത്തവിധം അവ സുരക്ഷിതമായി വയ്ക്കണം.
- ഭക്ഷണസാധനങ്ങളോ വെള്ളമോ വീണാല്‍ പെട്ടെന്ന് വൃത്തിയാക്കാന്‍ പറ്റുന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള സോഫ, സെറ്റി, റഗ്ഗുകള്‍ എന്നിവയൊക്കെയാണ് നല്ലത്.
- കുറച്ച് മുതിര്‍ന്ന കുട്ടികളാണെങ്കില്‍ വീടൊരുക്കുമ്പോള്‍ അവരെയും ഒപ്പം കൂട്ടാം. തങ്ങളുടെ ഇഷ്ടങ്ങളും പരിഗണിക്കുന്നു എന്നറിയുമ്പോള്‍ വീട് വൃത്തിയായി സൂക്ഷിക്കാന്‍ അവരും ശ്രമിക്കും. വീടിന്റെ ഭിത്തിയിലും തറയിലും പോറലുകളും വരകളും ഉാക്കാത്തതരം കളിപ്പാട്ടങ്ങള്‍ ലഭിക്കും. അവ വാങ്ങി നല്‍കാം.
കരുതലൊരുക്കാന്‍ വഴികള്‍
കുട്ടികളുടെ സുരക്ഷയൊരുക്കാന്‍ സഹായിക്കുന്ന ധാരാളം ഉത്പന്നങ്ങള്‍ വിപണിയിലുണ്ട്. വലിയ മുതല്‍മുടക്കും വേണ്ട. ഉപയോഗം കഴിയുമ്പോള്‍ സുരക്ഷിതമായി നീക്കുകയും ചെയ്യാം.
സ്ലൈഡിങ് ഡോര്‍ ലോക്ക്‌സ്
ബാത്‌റൂമിലേക്കും ബാല്‍ക്കണിയിലേക്കുമൊക്കെയുള്ള സ്ലൈഡിങ് ഡോറുകള്‍ പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കാറുണ്ട്. ഇതിനിടയില്‍ കൈവിരലുകളും മറ്റും കുടുങ്ങാം. ഇതൊഴിവാക്കാന്‍ സഹായിക്കുന്ന ലോക്കുകള്‍ ഇന്ന് ലഭ്യമാണ്. ആവശ്യകാലം കഴിയുമ്പോള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാനും പറ്റും.
സേഫ്റ്റി ഗേറ്റ്‌സ്
അടുക്കള, ബാത്‌റൂം, പുറത്തേയ്ക്കുള്ള വാതിലുകള്‍ എന്നിവയെല്ലാം അപകടങ്ങളിലേക്കുള്ള വഴികളാണ്. കണ്ണുവെട്ടിച്ച് അടുക്കളയില്‍ കയറുന്നവരെയും ബാത്ടബ്ബില്‍ കളിക്കുന്നവരെയും വാതില്‍ തുറന്നിട്ടാല്‍ പുറത്ത് കടക്കുന്നവരെയും തടയാന്‍ സേഫ്റ്റി ഗേറ്റുകള്‍ക്കാവും. ഇവ ആവശ്യമുള്ളപ്പോള്‍ വാതിലില്‍ പിടിപ്പിക്കാനും അഴിച്ചുമാറ്റാനും കഴിയും. ഓട്ടോമാറ്റിക് ലോക്കിങ് സിസ്റ്റവും അലാറവും ഉള്ള ഹൈടെക് ഗേറ്റുകളുമുണ്ട്.
പ്ലഗ് പ്രൊട്ടക്ടര്‍
കുഞ്ഞുവിരലുകളുടെ ഇഷ്ടയിടമാണ് പ്ലഗ് പോയിന്റുകള്‍. ഇവ മൂടുന്നതരം പ്ലഗ് പ്രൊട്ടക്ടര്‍ കവറിങ്ങുകള്‍ ലഭ്യമാണ്. എളുപ്പത്തില്‍ സ്ഥാപിക്കാനും അഴിച്ചുമാറ്റാനും പ്ലഗ്പോയിന്റുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാനുമെല്ലാം സഹായിക്കുംവിധമുള്ള പ്ലഗ് പ്രൊട്ടക്ടറുകളുണ്ട്.
നാനി ക്യാം
കുഞ്ഞിനെ ആയയെ ഏല്പിച്ച് പുറത്തേക്കോ ഓഫീസിലേക്കോ പോകുന്നവര്‍ക്ക് വീടിനുള്ളില്‍ രഹസ്യമായി വയ്ക്കാവുന്ന സംവിധാനമാണിത്. വൈഫൈ ഹോം സെക്യൂരിറ്റി ക്യാമിലൂടെ മാതാപിതാക്കളുടെ മൊബൈല്‍ ഫോണിലേക്ക് ദൃശ്യങ്ങളെത്തും. ആയയെ നിരീക്ഷിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും. കുഞ്ഞിനെ കൊഞ്ചിക്കാനും താരാട്ടുപാട്ടുകള്‍ കേള്‍പ്പിക്കാനും ഇതില്‍ സംവിധാനമുണ്ട്.
മാഗ്നറ്റിക് ബ്ലൈന്‍ഡ് കോഡ് ഹോള്‍ഡര്‍
ബ്ലൈന്‍ഡ് മോഡല്‍ കര്‍ട്ടനുകളുടെ ചരടുകള്‍ കഴുത്തില്‍ കുരുങ്ങി അപകടമുണ്ടാക്കാം. കുഞ്ഞിക്കൈകള്‍ക്ക് എത്താത്തവിധം അവ ഭിത്തിയില്‍ ഉയരത്തില്‍ ഉറപ്പിക്കാന്‍ മാഗ്‌നറ്റിക് കോഡ് ഹോള്‍ഡറുകള്‍ ഉപയോഗിക്കാം.
വിര്‍ച്വല്‍ നൈറ്റ് നാനി
രാത്രി കുസൃതിക്കുരുന്നുകള്‍ മാതാപിതാക്കളറിയാതെ കട്ടിലില്‍നിന്ന് താഴെയിറങ്ങുകയോ മുറിയുടെ പുറത്തുപോകാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് അപകടമുണ്ടാക്കാം. ഡോര്‍ ഹാന്‍ഡിലിലോ കട്ടിലിലോ മോഷന്‍ സെന്‍സര്‍ സംവിധാനം വയ്ക്കാം. കുഞ്ഞ് കട്ടിലിന് താഴെയിറങ്ങുകയോ മുറിക്ക് പുറത്തുപോകാന്‍ ശ്രമിക്കുകയോ ചെയ്താല്‍ മാതാപിതാക്കളുടെ ഫോണിലേക്ക് അലര്‍ട്ട് എത്തും. അലാറം മുഴങ്ങും.
ഡീകോയ് ബട്ടണ്‍
പേരുപോലെ ഒരു പറ്റിക്കല്‍ സംവിധാനമാണിത്. സ്വിച്ചുകളിലും ഡോര്‍ ഹാന്‍ഡിലുകളിലും ഞെക്കിയും വലിച്ചും ഒക്കെ കളിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് വലിയ താത്പര്യമാണ്. ടോയ്ലറ്റിന്റെ ഫ്‌ളഷ് ബട്ടണ്‍ പ്രത്യേകിച്ചും. ഇത്തരം സ്ഥലങ്ങളില്‍ ശരിയായ ബട്ടണുകള്‍ക്കൊപ്പം ഡീകോയ് ബട്ടണ്‍കൂടി വയ്ക്കാം. കുട്ടികള്‍ ഇതില്‍ ഞെക്കിയാലും വലിച്ചാലും എന്തെങ്കിലും സംഭവിക്കുമെന്ന പേടിവേണ്ട.
കാബിനറ്റ് ലോക്‌സ്
മരുന്നുകള്‍, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ എന്നിവ കുഞ്ഞിക്കൈകളിലെത്താതെ കാബിനറ്റുകളില്‍ സുരക്ഷിതമായി വയ്ക്കാന്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഇത്തരം പൂട്ടുകള്‍ സഹായിക്കും. ഡ്രോയര്‍ ലോക്കുകളും ഇതിനായി ഉപയോഗിക്കാം.
കാര്‍ബണ്‍ മോണോക്‌സൈഡ് ഡിട്ടെക്ടര്‍
വാട്ടര്‍ ഹീറ്റര്‍, സ്പെയ്സ് ഹീറ്റര്‍, അടഞ്ഞ ചിമ്മിനികള്‍, കാര്‍ ഗാരേജ് എന്നിവയെല്ലാം കാര്‍ബണ്‍മോണോക്സൈഡ് വാതകത്തിന്റെ കേന്ദ്രങ്ങളാണ്. എന്നാല്‍ ഈ നിശ്ശബ്ദ കൊലയാളിയെ അങ്ങനെയൊന്നും തിരിച്ചറിയാനാവില്ല. വീടിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നാല്‍ മുന്നറിയിപ്പുനല്‍കാന്‍ ഈ ഡിട്ടെക്ടര്‍ സഹായിക്കും. വീടിനുള്ളിലോ ഗാരേജിലോ എവിടെ വേണമെങ്കിലും ഇത് ഘടിപ്പിക്കാം.
ലിവര്‍ ഹാന്‍ഡില്‍ ലോക്ക്
ലിവര്‍ ഹാന്‍ഡിലുകളുള്ള വാതിലുകള്‍ അടച്ചാലും കൈയെത്തിപ്പിടിച്ച് അവ തുറന്ന് അകത്തേക്കോ പുറത്തേക്കോ ഓടാന്‍ കുട്ടികള്‍ക്ക് എളുപ്പമാണ്. ഇത് തടയാന്‍ ഹാന്‍ഡിലുകളെ ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന ലിവര്‍ ഹാന്‍ഡില്‍ ലോക്കുകള്‍ പിടിപ്പിക്കാം.
റഫ്രിജറേറ്റര്‍ ലോക്ക്
ഫ്രിഡ്ജ് തുറക്കാനും ഉള്ളിലെ സാധനങ്ങള്‍ വലിച്ചുവാരി പുറത്തിടാനുമൊക്കെ ഇഷ്ടപ്പെടുന്നവരാണ് കുസൃതിക്കുരുന്നുകള്‍. ഇതൊഴിവാക്കാന്‍ താത്കാലിക റഫ്രിജറേറ്റര്‍ ലോക്കുകള്‍ പിടിപ്പിക്കാം.
ടോയ്‌ലറ്റ് സേഫ്റ്റി സീല്‍
ടോയ്ലറ്റിലെ വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുങ്ങള്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ കളിപ്പാട്ടങ്ങളും മറ്റും അതിലിട്ട് ഫ്‌ളഷ് ചെയ്യാനും അവര്‍ ശ്രമിക്കും. ഇതൊക്കെ ഒഴിവാക്കാന്‍ ടോയ്ലറ്റ് സീറ്റിന്റെ അടപ്പ് താഴ്ത്തിവെച്ച് ലോക്ക്ചെയ്യാനുള്ള സംവിധാനമാണ് ഇത്.
ഫര്‍ണിച്ചര്‍ വാള്‍ ആങ്കേഴ്‌സ്
കുഞ്ഞുങ്ങള്‍ നടന്നുതുടങ്ങുമ്പോള്‍ സാധനങ്ങള്‍ തട്ടിമറിച്ച് അപകടമുണ്ടാവാറുണ്ട്. ടി.വി. സ്റ്റാന്‍ഡ്, ബെഡ്സൈഡ് ടേബിളുകള്‍, ബുക്ക് ഷെല്‍ഫ് പോലുള്ള വീട്ടുപകരണങ്ങള്‍ ഉന്തിമറിച്ചിടാന്‍വരെ ചില വിരുതന്മാര്‍ ശ്രമിക്കും. ഇത്തരം വീട്ടുപകരണങ്ങള്‍ മറിഞ്ഞുവീഴാതെ ഭിത്തിയില്‍ ഉറപ്പിക്കാന്‍ വാള്‍ ആങ്കേഴ്സ് ഉപയോഗിക്കാം.
കോര്‍ണര്‍ ഗാര്‍ഡ്‌സ്
ഓടിപ്പായുന്നതിനിടയില്‍ മേശയുടെയും കിച്ചണ്‍ കൗണ്ടറുകളുടെയും അരികുഭാഗങ്ങളില്‍ കുഞ്ഞുങ്ങളുടെ തലയോ കൈയോ ഒക്കെ മുട്ടാം. ഇതൊഴിവാക്കാന്‍ കൂര്‍ത്തഭാഗങ്ങളെ മൂടുന്ന കോര്‍ണര്‍ ഗാര്‍ഡുകള്‍ വയ്ക്കാം.
കടപ്പാട്
മുഹമ്മദ് മുനീര്‍ കെ.
എം.എം. ആര്‍ക്കിടെക്ട്
കോഴിക്കോട്
Content Highlights: child friendly home