പടച്ചോന്റെ ഖജനാവിലെ മുഴുവന്‍ സമയവും ഞങ്ങൾക്ക് മാത്രമായി മാറ്റിത്തന്നവൾ

പി.എഫ് മാത്യൂസ് കൊച്ചുമകൾ മാധവിക്കൊപ്പം
പി.എഫ് മാത്യൂസ് കൊച്ചുമകൾ മാധവിക്കൊപ്പം

ന്റെ അറുപതുകളിലാണ് മൂത്തമകന്‍ ഉണ്ണിയുടെ കുഞ്ഞ് മാധവി ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത്. അവളുടെ പേരിടുന്നതുമുതല്‍ത്തന്നെ, ആകെമൊത്തം ആകാംക്ഷയായിരുന്നു. അതൊരു പ്രത്യേകതരം ആകാംക്ഷയാണ്. ഞാന്‍ രണ്ട് മക്കളെ വളര്‍ത്തി, അവര്‍ മുതിര്‍ന്നവരായി. അതുപോലെയൊക്കെത്തന്നെയായിരിക്കും എന്നാണ് കുഞ്ഞ് വരുന്നതുവരെ നമ്മള്‍ കരുതുക. എന്നാല്‍, അവള്‍ കൈയിലേക്ക് വന്നതോടെ, ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍തന്നെ മാറിപ്പോയി.  വിവാഹംകഴിച്ച് കുഞ്ഞുങ്ങള്‍പിറക്കുന്നു, അവര് വളരുന്നു, യൗവനത്തിലേക്ക് പോകുന്നു... അതുവരെ ജീവിതം അങ്ങനെയായിരുന്നു. ആ ഒഴുക്കില്‍ ജീവിതത്തിലേക്ക് നിസ്സംഗതയുടെ ഒരംശം നമ്മളറിയാതെ കടന്നുവരും. എന്നാല്‍, ഒരു കുഞ്ഞ് നമ്മുടെ ജീവിതത്തിലേക്ക് വരുമ്പോള്‍ കാര്യങ്ങളെ വീണ്ടും നമ്മള്‍ സൂക്ഷ്മതയോടെ കാണാന്‍ തുടങ്ങും. 'മാധൂ' എന്നാണ് അവളെ വിളിക്കുക. എന്നെ അവള്‍ 'അപ്പാ' എന്നും എന്റെ ഭാര്യ ശോഭയെ 'അമ്മാമ്മ'യെന്നും. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരു പുനര്‍ജന്മമാണിത്. പുതിയൊരു ലോകം കിട്ടിയപോലെ. 

കൊച്ചുമക്കള്‍ വരുമ്പോള്‍ ജീവിതത്തിന് വിശാലമായ പല അര്‍ഥങ്ങളും കൈവരുന്നു. ഒരു മനുഷ്യന്റെ ആകെത്തുക മുഴുവന്‍ ചെറിയ എക്‌സ്പ്രഷനിലൂടെ മനസ്സിലാകുകയാണ്; ഒരു പുഞ്ചിരി, ഒരു കരച്ചില്‍... അത്രമാത്രം മതി, എന്താണ് ആ മനസ്സിലെന്നറിയാന്‍. അതുവരെയില്ലാതിരുന്ന നിഷ്‌കളങ്കതയും അവര്‍ നമ്മളിലേക്ക് പകരും. ഒറ്റയ്ക്കിരിക്കുന്ന ഞാനും ആള്‍ക്കൂട്ടത്തിലെ ഞാനും ഏറ്റവും പ്രിയപ്പെട്ടവരുടെ അരികിലുള്ള ഞാനും വളരെ വ്യത്യാസപ്പെട്ടിരിക്കും. കുഞ്ഞുങ്ങളുടെ അരികിലെത്തുമ്പോള്‍ നമ്മള്‍ ഇതൊന്നുമല്ലാത്ത മനുഷ്യരാവുന്നുണ്ട്. മുന്‍വിധികളില്ലാത്തവരാവുന്നു. പെരുമാറ്റത്തിലൊന്നും പിടിച്ചുകെട്ടലില്ല. ഏത് നില വരെയും അത് താഴുകയും ഉയരുകയും ചെയ്യും. നമ്മുടെ മുന്നില്‍ ഒരു ലോകം, ഒരു കുഞ്ഞ് അതുമാത്രമേയുള്ളൂ. അത്രയും വിശാലമായ സ്വാതന്ത്ര്യത്തിലേക്കാണ് അവര്‍ നമ്മളെ എത്തിക്കുക.

അമിതാഭ് ബച്ചന്റെ 'നീലാ ആസ്മാന്‍ സോ ഗയാ' എന്ന പാട്ടൊക്കെ പാടിയാണ് ഞാന്‍ എന്റെ മക്കളെ ഉറക്കിയിട്ടുള്ളത്. അന്നൊക്കെ അവരുറങ്ങണമെന്ന നിര്‍ബന്ധത്തിലാണ് പാട്ട് പാടുക. അതുകൊണ്ടുതന്നെ, ആസ്വദിച്ച് ചെയ്യാനൊന്നും പറ്റില്ല. ഇപ്പോഴങ്ങനെയല്ല, അവളുറങ്ങിയില്ലേലും കുഴപ്പമില്ല. ബഷീര്‍ പറഞ്ഞപോലെ, ഇപ്പോള്‍ പടച്ചോന്റെ ഖജനാവിലുള്ള സമയം മുഴുവന്‍ നമ്മുടെ കൈയിലിരിക്കുകയല്ലേ?

ജീവിതത്തെക്കുറിച്ചു ഒരു പുത്തന്‍ കാഴ്ചപ്പാട് കൊച്ചുമകള്‍ തരുന്നുണ്ട്. അവള്‍  ജീവിതത്തിലേക്ക് വന്നതുതന്നെ മറ്റൊരനുഭവമാണ്. വാക്കുകളില്‍ വിവരിച്ചുതരാനാവില്ല. ഒരനുഭൂതിയാണ്, പറഞ്ഞറിയിക്കാനാവാത്ത ഒന്ന്. ഒപ്പം ജീവിതത്തിലെ ടൈംടേബിളുകള്‍ തകിടംമറിഞ്ഞു. അങ്ങനെയൊന്ന് ഇപ്പോഴില്ല. ഡെഡ്ലൈനുകള്‍ക്ക്ഭയങ്കര പ്രാധാന്യം കൊടുക്കുന്ന ആളായിരുന്നു ഞാന്‍. പലര്‍ക്കും എഴുതിക്കൊടുക്കാനൊക്കെയുണ്ടാവും. പക്ഷേ, അതിന്റെ സമയപരിധിയൊന്നും ഇപ്പോള്‍ പ്രശ്‌നമല്ല.

നമ്മുടെ മക്കള്‍ വളരുമ്പോള്‍ കാണാതിരുന്ന വളര്‍ച്ചാഘട്ടങ്ങളൊക്കെ കാണുക ഇവരിലൂടെയാണ്. ശബ്ദങ്ങളുണ്ടാക്കുന്നത്, വാക്കുകള്‍ പറയുന്നത് ഒക്കെ സൂക്ഷ്മമായി ശ്രദ്ധിച്ചുതുടങ്ങും. ഞാനവള്‍ക്ക് എപ്പോഴും പാടിക്കൊടുക്കുന്ന ഒരു പാട്ടുണ്ട്: 'മഞ്ഞുപെയ്യുന്നു മാമരം കോച്ചുന്നു...' ഞാനത് പാടാന്‍ തുടങ്ങുമ്പോഴേ, അതിന്റെ ഹമ്മിങ് അവള്‍ അനുകരിച്ചുതുടങ്ങും. അത് കേള്‍ക്കുമ്പോള്‍ തോന്നും നമ്മുടെ പേരക്കുട്ടിയാണ് ലോകത്തിലെ എല്ലാ കഴിവുകളുമുള്ളയാളെന്ന്.

അവള്‍ക്ക് ഉപ്പനെ (ചകോരം) കാണുമ്പോള്‍ പേടിയാണ്. 'പേച്ചുപോയി' എന്ന് പറയും. ഒരുദിവസം ഉപ്പനെപ്പറ്റിയൊരു കഥപറയാമെന്ന് പറഞ്ഞ് ഞാനവളെ എടുത്ത് മുറ്റത്ത് കൊണ്ടുപോയി. കഥയുണ്ടാക്കുന്നതിനിടയില്‍ ഞാന്‍ 'പാവം ഉപ്പന്‍' എന്ന് പറഞ്ഞു. അവള്‍ 'പാവം ഉപ്പന്‍' എന്ന് ആവര്‍ത്തിക്കുന്നുണ്ട്. കഥ പറഞ്ഞുകഴിഞ്ഞിട്ടും ഉറങ്ങാന്‍ കിടന്നപ്പോഴും അവളാ കഥ ആലോചിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവള്‍ പറയുകയാണ്: ''അമ്മാമ്മേ, ഉപ്പന്‍ പാവമാണ്...'' കുട്ടികളുടെയുള്ളില്‍ കഥയുണ്ടാകുന്നത് അങ്ങനെയാണെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. നമ്മള്‍ അവരുടെ മനസ്സിലേക്ക് കൊടുക്കുന്നതാണ് അവിടെ പതിഞ്ഞുകിടക്കുകയെന്ന അറിവ് പണ്ടുണ്ടായിരുന്നില്ല. എല്ലാവരുടെയും മനസ്സില്‍ കഥകളുണ്ടാവുമെന്ന് തിരിച്ചറിഞ്ഞതും ഇപ്പോഴാണ്.

(കൂടുതല്‍ വായിക്കാന്‍ പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം)

Content Highlights: writer p f mathews share his experience with his grandchild