സൽമാനൊപ്പം പ്രവർത്തിച്ച താരം; സിനിമയിൽനിന്നകന്ന് ആത്മീയജീവിതം നയിക്കാൻ കാരണമെന്ത്?

വെള്ളിവെളിച്ചത്തിന്റെ മാസ്മരികതയിൽനിന്നകന്ന് ആത്മീയതയിലേക്ക് കടന്ന താരങ്ങളും അണിയറപ്രവർത്തകരും ഏറെയുണ്ട് സിനിമയിൽ, പ്രത്യേകിച്ച് ബോളിവുഡിൽ. തിരക്കുകളെല്ലാം വിട്ട് സ്വകാര്യജീവിതത്തിൽ സ്വാസ്ഥ്യം കണ്ടെത്തുന്നവർ. അങ്ങനെയൊരാളാണ് അന്ന ജയ്‌സിംഘാനി.
2011-ൽ കൊറിയോഗ്രാഫറായിട്ടാണ് അന്നയുടെ തുടക്കം. സൽമാൻ ഖാൻ സിനിമയിൽ പ്രശസ്ത കൊറിയോഗ്രാഫർ തോമസ് പോൾസന്റെ സഹായിയായിട്ടാണ് വന്നത്. അതിനുശേഷം അഭിനയമാണ് തന്റെ മേഖലയെന്ന് അന്നയ്ക്ക് തോന്നി. അതോടെ ബാലാജി പ്രൊഡക്ഷൻസിൽ ആക്ടിങ് കോഴ്‌സ് പഠിക്കാനായി ചേർന്നു. ക്രൈം പട്രോൾ, സാവ്ധാൻ ഇന്ത്യ തുടങ്ങിയ ഷോകളിൽ അഭിനയിച്ചു. എന്നാൽ, അവരുടെ കരിയറിൽ വഴിത്തിരിവായത് ഏക്താ കപൂറിന്റെ 'ദേഖാ ഏക് ഖ്വാബ്' എന്ന ഷോയാണ്. അതിൽ പ്രധാനകഥാപാത്രത്തിന്റെ സുഹൃത്തായിട്ടുള്ള വേഷം. അതേറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ അവർ അഭിനയത്തിൽനിന്നും പുറത്തുകടന്നു.
ആത്മീയതയിലേക്കായിരുന്നു അടുത്ത ചുവടുമാറ്റം. അടുത്തിടെ, 'മേരോ വൃന്ദാവൻ' എന്ന യൂട്യൂബ് വീഡിയോയിലൂടെ, താൻ എങ്ങനെ ശ്രീകൃഷ്ണ ഭക്തയായിത്തീർന്നുവെന്നും വൃന്ദാവനത്തിലേക്ക് താമസം മാറിയെന്നും അന്ന വെളിപ്പെടുത്തി.
''എനിക്ക് ബിഎ ഇംഗ്ലീഷ് ഓണേഴ്സിൽ ബിരുദമുണ്ട്. എനിക്ക് നൃത്തവും അഭിനയവും ഏറെ ഇഷ്ടമായിരുന്നു. എപ്പോഴും പ്രശസ്തയാകണം എന്നതായിരുന്നു ആഗ്രഹം. കോളേജിൽ പഠിക്കുമ്പോൾ, ഞാൻ കുട്ടികളെ നൃത്തം പഠിപ്പിക്കാറുണ്ടായിരുന്നു. പിന്നീട് മുംബൈയിലെത്തി ബാലാജി ടെലിഫിലിംസിൽ ഒരു അഭിനയകോഴ്സ് ചെയ്തു. അതിനുശേഷം, സാവ്ധാൻ ഇന്ത്യ, ഫിയർ ഫയൽസ് തുടങ്ങിയ ഷോകളിൽ എനിക്ക് ചെറിയ വേഷങ്ങൾ ലഭിച്ചു'', അന്ന ഓർക്കുന്നു.
''അതിനുശേഷവും മുംബൈയിൽ ഞാൻ ഓഡിഷൻ തുടർന്നു. ആ സമയത്ത്, ഇസ്‌കോൺ ക്ഷേത്രത്തിൽ പതിവായി പോകുമായിരുന്നു ഞാൻ. അവിടെവെച്ച് ചില സുഹൃത്തുക്കളെ ലഭിച്ചു. അതോടെയാണ് ഒരു ആത്മീയ പാത സ്വീകരിക്കാൻ തുടങ്ങിയതും അതിലേക്ക് കൂടുതൽ അടുത്തതും. താമസിയാതെ, ഭൗതികലോകം ഒരു മിഥ്യയാണെന്ന് ഞാൻ മനസ്സിലാക്കി. കുറച്ചുകാലം ഞാൻ പൂണെയിലും താമസിച്ചു. അവിടെയുള്ളപ്പോൾ കുറച്ചുനാൾ ഇസ്‌കോൺ ക്ഷേത്രത്തിലും ജോലി ചെയ്തിരുന്നു''. അധികം വൈകാതെ തന്റെ ഭക്ഷണരീതി പോലും അവർ മാറ്റി. ചുവന്നുള്ളി, സവാള, വെളുത്തുള്ളി തുടങ്ങിയവയും സസ്യേതരഭക്ഷണവും പൂർണമായും ഒഴിവാക്കി.
അപ്പോഴും വൃന്ദാവനം തന്നെ എപ്പോഴും ആകർഷിച്ചിരുന്നുവെന്നും അന്ന തുറന്നുപറയുന്നു. ''ഇസ്‌കോണിൽ ഉണ്ടായിരുന്നപ്പോൾ, എനിക്കൊരു ഗുരുവിനെ വേണമെന്ന് തോന്നി. ശരിയായ ഗുരുവിനെ കണ്ടെത്തുന്നതിനായി ഞാൻ കുറേ കരഞ്ഞു. അങ്ങനെയാണ് വൃന്ദാവനത്തിലേക്ക് വരുന്നത്. ഇവിടെത്തിയ ആ രാത്രിയിൽ പ്രേമാനന്ദ് മഹാരാജ് എന്റെ സ്വപ്‌നത്തിൽ വന്നു. അങ്ങനെയാണ് ഈ വർഷം ഞാൻ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്''.
താൻ പഴയ ജീവിതം ഓർത്ത് ചിരിക്കാറുണ്ടെന്ന് അന്ന വെളിപ്പെടുത്തുന്നു. ''രണ്ട് ജീവിതങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എന്റെ പഴയ ജീവിതം വളരെ ഗ്ലാമറസായിരുന്നു. നിങ്ങൾ ആവശ്യത്തിലേറെ പണം ചെലവഴിച്ചാണ് ജീവിക്കുന്നത്. പക്ഷേ, ഇവിടെ ഭക്തിയാണ് എല്ലാം''. അന്ന പരി ഹരിവംശി എന്നാണിപ്പോൾ അവരുടെ പേര്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anna Jaisinghani transitioned from a Bollywood career to a life of spirituality. Formerly a choreographer for Salman Khan and an actor in Balaji Telefilms shows. Currently resides in Vrindavan and follows Premanand Maharaj.