ഓസ്‌കര്‍ വേദിയിലേക്ക് പകരക്കാരിയെ അയച്ച് അവാര്‍ഡ് വേണ്ടെന്നു പറഞ്ഞ നടനാണ് മര്‍ലിന്‍ ബ്രാന്‍ഡോ

'ദി ഗോഡ്‌ഫാദർ' എന്ന ചിത്രത്തിൽ നിന്ന്/Getty Images
'ദി ഗോഡ്‌ഫാദർ' എന്ന ചിത്രത്തിൽ നിന്ന്/Getty Images

1973-ലാണ് 'ദി ഗോഡ്ഫാദര്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് വിഖ്യാത അമേരിക്കന്‍ നടന്‍ മര്‍ലിന്‍ ബ്രാന്‍ഡോയ്ക്ക് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിക്കുന്നത്. നാല്‍പ്പത്തിയഞ്ചാമത് അക്കാദമി അവാര്‍ഡായിരുന്നു അത്. പക്ഷേ, അവാര്‍ഡ് വേദിയിലേക്ക് അദ്ദേഹം പകരക്കാരിയെ അയക്കുകയാണ് ചെയ്തത്. അതും തനിക്ക് അവാര്‍ഡ് വേണ്ടെന്നുപറയാന്‍.

1973 മാര്‍ച്ച് 27-നാണ് സംഭവം. തനിക്ക് പകരം നടിയും ആക്ടിവിസ്റ്റുമായ സചിന്‍ ലിറ്റില്‍ഫെതര്‍ ആയിരിക്കും ഓസ്‌കര്‍ വേദിയിലെത്തുക എന്ന് മര്‍ലിന്‍ ബ്രാന്‍ഡോ ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനായ റോജര്‍ മൂറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വേദിയിലെത്തിയ ലിറ്റില്‍ഫെതറിന് അദ്ദേഹം പുരസ്‌കാരം സമ്മാനിച്ചു. എന്നാല്‍ മര്‍ലിന്‍ ബ്രാന്‍ഡോ പുരസ്‌കാരം തിരസ്‌കരി്ക്കുന്നു എന്ന് പറഞ്ഞ് അവരത് വാങ്ങാന്‍ കൂട്ടാക്കിയില്ല.

മര്‍ലിന്‍ ബ്രാന്‍ഡോ/Getty Images

മര്‍ലിന്‍ ബ്രാന്‍ഡോ എഴുതിയ ഒരു കുറിപ്പും ലിറ്റില്‍ഫെതര്‍ വേദിയില്‍ വായിച്ചു. ഇന്ത്യന്‍ ഗോത്രവിഭാഗത്തെ ഹോളിവുഡ് സിനിമയില്‍ പ്രതിനിധീകരിക്കുന്ന രീതിയിലുള്ള വിയോജിപ്പാണ് പുരസ്‌കാരം തിരസ്‌കരിക്കാന്‍ കാരണമെന്ന് ബ്രാന്‍ഡോ കുറിപ്പില്‍ പറഞ്ഞു.

അമേരിക്കയിലെ ആദിമസമൂഹമാണ് ഇന്ത്യന്‍ ഗോത്രങ്ങള്‍. അവരെ പ്രാകൃതരും സംസ്‌കാരം തൊട്ടുതീണ്ടാത്ത അപരിഷ്‌കൃതരുമായി ഹോളിവുഡ് അവതരിപ്പിക്കുന്നതിനെ ബ്രാന്‍ഡോ എന്നും ചോദ്യംചെയ്തിരുന്നു. ആദിമസമൂഹത്തിന്റെ വംശഹത്യ ഏറെ ചര്‍ച്ചയായ ഘട്ടത്തിലാണ് ബ്രാന്‍ഡോ ഇങ്ങനെയൊരു നിലപാടെടുത്തത്.

ഓസ്കർ വേദിയിൽ
സചിന്‍ ലിറ്റില്‍ഫെതര്‍
/Getty Images

ഒരു ജൂതരാഷ്ട്രം സ്ഥാപിക്കണമെന്ന് 1940കളില്‍ ലോകത്തോട് പറഞ്ഞയാളാണ് ബ്രാന്‍ഡോ. അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ അനുഭവിക്കുന്ന യാതനകളെ അദ്ദേഹം എന്നും എതിര്‍ത്തു. ആഫ്രോ അമേരിക്കന്‍ വംശജരുടെ തുല്യതയ്ക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. 

ലോകം കണ്ട മികച്ച നടനായി മര്‍ലിന്‍ ബ്രാന്‍ഡോ  ഇന്നും അനുസ്മരിക്കപ്പെടുന്നു. അതിലുപരി അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായ മനുഷ്യസ്നേഹി കൂടെയായിരുന്നു അദ്ദേഹം. 
 

Content Highlights: hollywood actor marlon brando rejected the academy award in 1973